വാഷിങ്ടണ്‍: ഇസ്രഈലിന് 2.8 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൈമാറാനുള്ള യു.എസ് തീരുമാനത്തിനെതിരെ യു.എസ് കോണ്‍ഗ്രസില്‍ നിന്ന് എതിര്‍പ്പുയരുന്നു. 2,000 പൗണ്ട് ബോംബ് അടക്കം അതിശക്തമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള 2.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആയുധശേഖരമാണ് ഇസ്രഈലിന് വില്‍ക്കാന്‍ യു.എസിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം പദ്ധതിയിടുന്നത്. യു.എസ് സെനറ്റിലെയും പ്രതിനിധി സഭയിലെയും ചില ഡെമോക്രാറ്റിക് അംഗങ്ങള്‍ ഈ വില്‍പന നീക്കത്തെ ഇതിനകം എതിര്‍ത്തിട്ടുണ്ട്.

2,000 പൗണ്ട് ഭാരമുള്ള ബോംബുകള്‍ ഇസ്രഈലിന് വില്‍ക്കുന്നതിനെ പിന്തുണയ്ക്കില്ലെന്ന് യു.എസ് പ്രതിനിധി സഭയുടെ വിദേശകാര്യ സമിതിയിലെ മുതിര്‍ന്ന ഡെമോക്രാറ്റ് അംഗമായ ഗ്രിഗറി മീക്‌സ് അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ഉപയോഗിക്കില്ലെന്ന ആശങ്കയാലാണ് താന്‍ ഈ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2.8 ബില്യണ്‍ ഡോളറിന്റെ ആയുധ കൈമാറ്റം തടയുമെന്ന് യു.എസ് സെനറ്റര്‍ ക്രിസ് വാന്‍ ഹോളനും പ്രഖ്യാപിച്ചു. ഗസയില്‍ തുടരുന്ന ഇസ്രഈല്‍ ബോംബാക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ ഈ നീക്കത്തെ എതിര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധക്കുറ്റവാളിയായി ആരോപിക്കപ്പെടുന്ന ഒരാള്‍ നയിക്കുന്ന സര്‍ക്കാരിനാണ് അമേരിക്കന്‍ നികുതിദായകരുടെ പണം ഉപയോഗിച്ച് വാങ്ങിയ 2.8 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ബോംബുകള്‍ ട്രംപ് കൈമാറുന്നതെന്ന് ഹോളന്‍ ചൂണ്ടിക്കാട്ടി. ഇത് തടയാന്‍ ഞങ്ങള്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗസയില്‍ ബോംബാക്രമണം തുടരുകയും തന്റെ ഭരണകാലത്ത് കൊല്ലപ്പെട്ട അമേരിക്കക്കാര്‍ക്ക് നീതി ലഭിക്കുന്നത് തടയുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇസ്രഈലിനുള്ള സൈനിക സഹായവുമായി മുന്നോട്ട് പോകാന്‍ ട്രംപ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നയം ആഭ്യന്തര താത്പര്യങ്ങളുമായും ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയവുമായും എങ്ങനെ പൊരുത്തപ്പെടുമെന്നും ഹോളന്‍ പറഞ്ഞു.

സമീപ വര്‍ഷങ്ങളില്‍ ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രഈല്‍ സേനയുടെയും അധിനിവേശക്കാരുടെയും നടപടികളില്‍ യു.എസ് പൗരന്മാര്‍ അടക്കം കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മുന്‍ പ്രതിരോധ യോവ് ഗാലന്റും യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തിയെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹോളന്റെ പ്രതികരണം.

20,000 എം.കെ-84 ബോംബുകള്‍, 20,000 ബി.എല്‍.യു117 ആയുധങ്ങള്‍, 20,000 ഐ-2000 പെനിറ്ററേറ്റര്‍ വാര്‍ഹെഡുകള്‍ എന്നിവ അടക്കമുള്ള ആയുധങ്ങളാണ് യു.എസ് ഇസ്രഈലിന് കൈമാറുക. 1991-ലെ ഗള്‍ഫ് യുദ്ധകാലത്ത് ‘ഹാമര്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട എം.കെ 84 ബോംബുകളുടെ വിതരണം 2024-ല്‍ യു.എസ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സിവിലിയന്‍മാര്‍ക്ക് അപകടമുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്നായിരുന്നു ഈ നിയന്ത്രണം. എന്നാല്‍ 2025 ജനുവരിയില്‍ ട്രംപ് ഈ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇസ്രഈലിന് യു.എസ് ആയുധം കൈമാറുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. രണ്ട് യു.എസ് ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ച് അറിവുള്ള മറ്റൊരു വ്യക്തിയെയും ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിടുകയായിരുന്നു. പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയായിരുന്നു ഉദ്യോഗസ്ഥര്‍ ആയുധ കൈമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇസ്രഈലിന് ആയുധം നല്‍കാനുള്ള കരാര്‍ ഇതുവരെ അന്തിമരൂപത്തിലെത്തിയിട്ടില്ല. പൂര്‍ത്തിയാകാത്ത ഈ കരാറിനെക്കുറിച്ച് കോണ്‍ഗ്രസിനെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ആയുധ കൈമാറ്റത്തിന്റെ ഭൂരിഭാഗം തുകയും ‘ഫോറിന്‍ മിലിട്ടറി ഫിനാന്‍സിങ്’ വഴി യു.എസ് ഇസ്രഈലിന് കൈമാറും. യു.എസ് നികുതിദായകരുടെ പണമാണ് ഇത്തരത്തില്‍ ഇസ്രഈലിന് കൈമാറുക. ആ പണം ഉപയോഗിച്ച് ഇസ്രഈല്‍ യു.എസില്‍ നിന്ന് തന്നെ ആയുധങ്ങള്‍ വാങ്ങുകയും ചെയ്യും.

Content Highlight: Top Democrat opposes US sale of heavy bombs to Israel