വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം അവസാനത്തിലേക്ക് അടുക്കുകയാണെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് താന്‍ ഇറാന്‍ ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. നോര്‍ത്ത് കരോലിനയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നമ്മള്‍ യുദ്ധത്തിന്റെ അവസാനത്തോട് അടുക്കുകയാണെന്ന് പ്രതീക്ഷിക്കുന്നു,’ എന്ന് ട്രംപ് പറഞ്ഞു. യു.എസ് ഇപ്പോള്‍ യുദ്ധത്തിന്റെ ഏത് ഘട്ടത്തിലാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സമാധാന കരാറിനായി ഇറാന്‍ യു.എസിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ടെന്ന അവകാശവാദവും മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് ആവര്‍ത്തിച്ചു.

‘അവര്‍ ഒരു കരാറിലെത്താന്‍ ആഗ്രഹിക്കുന്നു, അത് എങ്ങനെ മുന്നോട്ട് പോകുമെന്ന് നമുക്ക് നോക്കാം,’ അദ്ദേഹം പറഞ്ഞു. ഇറാനില്‍ നിന്ന് നേരിട്ടാണോ അതോ ഇടനിലക്കാര്‍ വഴിയാണോ വിവരം ലഭിച്ചതെന്ന ചോദ്യത്തിന്, അവരില്‍ നിന്ന് നേരിട്ടാണ് വിവരം ലഭിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു.

അതേസമയം, യു.എസ് തങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ മേധാവി മൊഹ്സെന്‍ റെസായി പറഞ്ഞു. യു.എസിനെ തങ്ങള്‍ക്ക് ഒട്ടും വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇറാനെ കുറ്റപ്പെടുത്തി. ഇറാന്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ആരോപിച്ചു. ഇറാന്‍ ’47 വര്‍ഷമായി അമേരിക്കയോടും ലോകത്തോടും തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ്. ഇനി അവര്‍ക്ക് ചിരിക്കാനാവില്ല,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ യു.എസ് നിര്‍ദേശങ്ങളോട് തങ്ങള്‍ പാകിസ്ഥാന്‍ വഴിയാണ് മറുപടി നല്‍കിയതെന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘ഇസ്‌ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി’ വഴി ഞായറാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിലാണ് ഇറാന്‍ ഈ കാര്യം പറഞ്ഞത്. ഈ ഘട്ടത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ യുദ്ധം അവസാനിപ്പിക്കുന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ഇറാന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇറാന്‍-യു.എസ് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ചര്‍ച്ചകളിലെ മധ്യസ്ഥരായ ഖത്തര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

ഹോര്‍മുസ് കടലിടുക്കിനെ സമ്മര്‍ദം പ്രയോഗിക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ചര്‍ച്ചയില്‍ മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ മുന്നറിയിപ്പ് നല്‍കി. സ്വതന്ത്രമായ കപ്പല്‍ ഗതാഗതത്തിന് തടസമുണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും ഖത്തര്‍ അറിയിച്ചു.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് വാണിജ്യ കപ്പല്‍ ഗതാഗതത്തിനായി തുറക്കാന്‍ തങ്ങള്‍ക്ക് സാധിച്ചതായി യു.എസ് സൈന്യം അവകാശപ്പെട്ടു. ഇറാന്റെ സമുദ്രവ്യാപാര ഉപരോധവും വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഇറാനിയന്‍ സൈന്യത്തിന്റെ ആക്രമണങ്ങളും നിലനില്‍ക്കെത്തന്നെ ഇതിന് സാധിച്ചെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് ബുധനാഴ്ച പറഞ്ഞു. ഈ ജലപാതയുടെ നിയന്ത്രണം ഇറാനാണെന്ന വാദം തള്ളുകയാണെന്നും ഹോക്കിന്‍സ് പ്രതികരിച്ചു.

Content Highlight: Trump says US nearing end of war, claims Tehran direct talks