കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബടോസ് ട്രൈഡന്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് ജമയ്ക്ക കിങ്‌സമെന്‍ സ്വന്തമാക്കിയത്. കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ജമയ്ക്ക വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാര്‍ബഡോസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമയ്ക്ക 14.1 ഓവറില്‍ 145 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഓപ്പണര്‍ മാസ് സദാഖത്തിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ് ജമയ്ക്ക വിജയം സ്വന്തമാക്കിയത്.
സെഞ്ച്വറിയടിച്ചാണ് പാക് താരം മാസ് സദാഖത്ത് വെടിക്കെട്ട് പ്രകടനം നടത്തിയത്. 49 പന്തില്‍ നിന്ന് എട്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പടെ 112 റണ്‍സാണ് സദാഖത്ത് നേടിയത്. 228.57 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഇതോടെ കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രമാണ് പാക് താരം തിരുത്തിക്കുറിച്ചത്. ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് മാസ് സദാഖത്ത്. വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറെ മറികടന്നാണ് മാസ് ഈ റെക്കോഡ് സ്വന്തമാക്കിയത്.
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍
(താരം, വയസ്, വര്‍ഷം എന്ന ക്രമത്തില്‍)
മാസ് സദാഖത്ത് (പാകിസ്ഥാന്‍) – 21 വയസ്, 124 ദിവസം – 2026
ഷിംറോണ്‍ ഹെറ്റ്മയര്‍ (വെസ്റ്റ് ഇന്‍ഡീസ്) – 21 വയസ്, 235 ദിവസം – 2018
ഗ്ലെന്‍ ഫിലിപ്‌സ് (ന്യൂസിലാന്‍ഡ്) – 21 വയസ്, 280 ദിവസം – 2018
സയിം അയൂബ് (പാകിസ്ഥാന്‍) – 24 വയസ്, 95 ദിവസം – 2024
ബ്രാന്‍ഡന്‍ കിങ് (വെസ്റ്റ് ഇന്‍ഡീസ്) – 24 വയസ്, 294 ദിവസം – 2019
മത്സരത്തില്‍ സദാഖത്തിന് പുറമെ 22* റണ്‍സ് നേടിയ കിര്‍ക് മെക്കന്‍സിയും തിളങ്ങി. ബാര്‍ബഡോസിന് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് ക്വിന്റണ്‍ ഡി കോക്കാണ്. നാലാമനായി ഇറങ്ങി 49 പന്തില്‍ നിന്ന് 71 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്‌സും അഞ്ച് ഫോറുമാണ് താരം നേടിയത്.
ക്യാപ്റ്റന്‍ ക്രിസ് ഗ്രീന്‍ 44 പന്തില്‍ 57 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒരു സിക്‌സും അഞ്ച് ഫോറുമാണ് താരം നേടിയത്. ടീമിലെ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ജമയ്ക്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി ആന്ദ്രെ റസല്‍ തിളങ്ങി. ഹസന്‍ ഖാന്‍, സയിം അയൂബ്, ഹുസൈന്‍ ഷാ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Maaz Sadaqat Create History In Caribbean Premier League
