വാഷിങ്ടണ്‍ ഡി.സി: കോണ്‍ഗ്രസിന്റെ അനുവാദമില്ലാതെ ഇറാനുമായുള്ള യുദ്ധം തുടരാനുള്ള പ്രസിഡന്റ് ട്രംപിന്റെ അധികാരം തടയാനുള്ള പ്രമേയം പാസാക്കി യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്. ഇത് മൂന്നാം തവണയാണ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ പ്രതിനിധി സഭ വോട്ടെടുപ്പ് നടക്കുന്നത്.

204നെതിരെ 220 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഏഴ് റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ പ്രമേയത്തെ അനുകൂലിച്ചു.

ഇടക്കാലതെരഞ്ഞെടുപ്പിനു മുമ്പ് ഇറാന്‍ യുദ്ധത്തിന്മേലുള്ള അവസാന വോട്ടെടുപ്പാകും ഇത്. പ്രമേയം സെനറ്റില്‍ പാസാകുമോ എന്നതാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

ഇറാനുമായുള്ള യുദ്ധച്ചെലവ് 38 ബില്ല്യണ്‍ ഡോളര്‍ കടന്നുവെന്ന കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസിന്റെ റിപ്പോര്‍ട്ട് വന്നതിനുപിന്നാലെയാണ് പ്രമേയം അവതരിപ്പിച്ചത്. അമേരിക്കയുടെ ആയുധശേഖരം ശോഷിച്ചുവെന്നും അത് പുനര്‍നിര്‍മിക്കാന്‍ അഞ്ച് വര്‍ഷമെങ്കിലും എടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഏതാനും ആഴ്ചകള്‍ മാത്രമേ നീണ്ടുനില്‍ക്കൂ എന്ന് ട്രംപ് പറഞ്ഞതോര്‍മ്മ ഉണ്ടോ?’, പ്രമേയം അവതരിപ്പിച്ച സെത് മോള്‍ട്ടണ്‍ ചോദിച്ചു. യുദ്ധം തുടങ്ങിയിട്ട് ആഗസ്റ്റ് 28ന് ആറ് മാസം പൂര്‍ത്തിയായിരുന്നു.

യുദ്ധക്കൊതിയന്‍മാരായ ഭരണകൂടത്തിന് കീഴടങ്ങുന്നതിനു പകരം ഭരണഘടന നിര്‍ദേശിക്കുന്നതു പോലെ കഠിനമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ കോണ്‍ഗ്രസിനു സമയമായി എന്നദ്ദേഹം പറഞ്ഞു.

Content Highlight: US House votes for third time to end Iran war after $38bn cost is revealed