സ്റ്റോക്ക്‌ഹോം: യു.എസിലെ ജനാധിപത്യത്തിന്റെ പ്രധാന സൂചകങ്ങള്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയെന്ന് വ്യക്തമാക്കി ഗവേഷണ സ്ഥാപനത്തിന്റെ സര്‍വേ ഫലം. ട്രംപ് ഭരണകൂടത്തിന്റെ ഭീഷണികളും നടപടികളും ആഗോളതലത്തില്‍ നിയമവാഴ്ചയെ കാര്യമായി ദുര്‍ബലപ്പെടുത്തിയെന്നും ഗവേഷണ സ്ഥാപനമായ ‘ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സി’ അഥവാ ഇന്റര്‍നാഷനല്‍ ഐഡിയയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

174 രാജ്യങ്ങളുടെ 1975 മുതലുള്ള പ്രവര്‍ത്തനക്ഷമത വിലയിരുത്തിക്കൊണ്ട് ഇന്റര്‍നാഷനല്‍ ഐഡിയ പ്രസിദ്ധീകരിച്ച ഗ്ലോബല്‍ സ്റ്റേറ്റ് ഓഫ് ഡെമോക്രസി എന്ന റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകളുള്ളത്. യു.എസില്‍ ഈ തകര്‍ച്ച വളരെ പ്രകടമാണെങ്കിലും അതൊരു ആഗോള പ്രവണതയുടെ ഭാഗമാണെന്ന് ഇന്റര്‍നാഷണല്‍ ഐഡിയ അഭിപ്രായപ്പെടുന്നു.

യു.എസ് ജനാധിപത്യം വിലയിരുത്തുന്നതിനായി ‘ഇന്റര്‍നാഷണല്‍ ഐഡിയ’ ഉപയോഗിക്കുന്ന 30 സൂചകങ്ങളില്‍ പകുതിയോളം എണ്ണവും 1975-ല്‍ ‘ഗ്ലോബല്‍ സ്റ്റേറ്റ് ഓഫ് ഡെമോക്രസി’ സര്‍വേ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. നീതി ലഭ്യമാകുന്നതിനുള്ള സാഹചര്യം, സാമ്പത്തിക സമത്വം, കാര്യക്ഷമമായ പാര്‍ലമെന്റ്, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇത്തവണത്തെ സര്‍വേയില്‍ ജനാധിപത്യത്തില്‍ പുരോഗതി കൈവരിച്ച രാജ്യങ്ങളെക്കാള്‍ കൂടുതലുള്ളത് ജനാധിപത്യത്തില്‍ തകര്‍ച്ചയുണ്ടായ രാജ്യങ്ങളാണ്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ തുടര്‍ച്ചയായി ഇതാണ് അവസ്ഥയെന്നും ഇന്റര്‍നാഷനല്‍ ഐഡിയ വ്യക്തമാക്കി.

പത്രസ്വാതന്ത്ര്യം മുതല്‍ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം വരെയുള്ള അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രധാന സൂചകങ്ങള്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര നിയമങ്ങളെയും വ്യവസ്ഥകളെയും അടിസ്ഥാനമാക്കിയുള്ള ക്രമത്തില്‍ നിന്ന് യു.എസ് പിന്മാറിയത് ഏകാധിപത്യ പ്രവണതയുള്ള നേതാക്കള്‍ക്കും പോപ്പുലിസ്റ്റ് രാഷ്ട്രീയക്കാര്‍ക്കും കരുത്തേകിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

‘ജനാധിപത്യം നേരിടുന്ന ആഗോള വെല്ലുവിളികളും അതിന്റെ തകര്‍ച്ച തടയുന്നതിലെ ബുദ്ധിമുട്ടുകളും 2025-ല്‍ അമേരിക്കയിലെ രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെ വ്യക്തമാവുകയി. അത്തരം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്തു,’ ഇന്റര്‍നാഷനല്‍ ഐഡിയ അഭിപ്രായപ്പെട്ടു.

‘പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിവേഗം അധികാരം കേന്ദ്രീകരിക്കുകയാണ്. തന്റെ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ നേടുന്നതിനും ശത്രുക്കളായി കരുതുന്നവരോട് പ്രതികാരം ചെയ്യുന്നതിനും അത് ഉപയോഗിക്കുകയും ചെയ്തു. ഇതിന്റെ ഫലങ്ങള്‍ ദൂരവ്യാപകമായിരുന്നു. അവ ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തി. ദീര്‍ഘകാലമായുള്ള സഖ്യങ്ങളെയും സഹകരണത്തെയും പ്രതിസന്ധിയിലാക്കുകയും ചെയ്തു,’ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനാധിപത്യം ദുര്‍ബലമാകുമ്പോള്‍ സംഘര്‍ഷ സാധ്യത വര്‍ദ്ധിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഐഡിയയുടെ സെക്രട്ടറി ജനറല്‍ കെവിന്‍ കാസാസ് സമോറ മുന്നറിയിപ്പ് നല്‍കി. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് ഏതൊരു രാജ്യത്തിന്റെയും സുരക്ഷാ തന്ത്രങ്ങളുടെ സുപ്രധാന ഭാഗമായി മാറണമെന്നാണ് ഈ ഗവേഷണത്തിലെ പ്രധാന സന്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യത്തിന്റെ ഗുണനിലവാരത്തിലുണ്ടാകുന്ന തകര്‍ച്ചയും വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളും തമ്മിലുള്ള ബന്ധം നയരൂപീകരണത്തിലോ പൊതുചര്‍ച്ചകളിലോ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.എസിലെ സാഹചര്യങ്ങള്‍ മറ്റ് രാജ്യങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അംഗീകരിക്കാതിരിക്കുന്ന പ്രവണത ഇപ്പോള്‍ ഒരു മഹാമാരി പോലെ പടരുകയാണ്. യു.എസ് ഭരണാധികാരിയില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് ഈ മഹാമാരി മറ്റുള്ളവരിലേക്ക് പകര്‍ന്നതെന്നും സമോറ പറഞ്ഞു.

2021-ല്‍ ‘ഇന്റര്‍നാഷണല്‍ ഐഡിയ’ യു.എസിനെ ‘ജനാധിപത്യ മൂല്യങ്ങള്‍ ചോര്‍ന്നുപോകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2019 മുതല്‍ രാജ്യത്തെ ജനാധിപത്യത്തില്‍ പ്രകടമായ തകര്‍ച്ചയുണ്ടെന്ന് പറഞ്ഞായിരുന്നു ഈ നടപടി.

Content Highlight: Democracy indicators in US at lowest levels for 50 years, data shows