സിംബാബ്‌വേ വുമണ്‍സിനെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സൗത്ത് ആഫ്രിക്ക വുമണ്‍സ് സ്വന്തമാക്കിയിരുന്നു. ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മൂന്നാം മത്സരത്തില്‍ 80 റണ്‍സിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്. മറുപടിക്കിറങ്ങിയ സിംബാബ്‌വേ വുമണ്‍സ് 19.3 ഓവറില്‍ 120 റണ്‍സില്‍ ഓള്‍ ഔട്ട് ആകുകയായിരുന്നു.
സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ലോറ വോള്‍വാട്ടാണ്. 62 പന്തില്‍ 16 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 126 റണ്‍സ് നേടിയ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം താണ്ഡവമാടിയത്. 203.23 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ലോറയുടെ പ്രകടനം. പുറത്താകാതെയായിരുന്നു ക്യാപ്റ്റന്‍ വമ്പന്‍ പ്രകടനം നടത്തിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ലോറയ്ക്ക് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയടിക്കുന്ന രണ്ടാമത്തെ താരമാകാനാണ് ലോറയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ശ്രീലങ്കന്‍ സൂപ്പര്‍ താരം ചമാരി അത്തപ്പത്തുവിനൊപ്പമാണ് ലോറ സ്ഥാനം പിടിച്ചത്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയടിക്കുന്ന താരങ്ങള്‍
(താരം, ഇന്നിങ്‌സ്, സെഞ്ച്വറി എന്ന ക്രമത്തില്‍)
ഇഷ ഒസ (യു.എ.ഇ) – 5 – 118 ഇന്നിങ്‌സ്
ലോറ വോള്‍വാട്ട് (സൗത്ത് ആഫ്രിക്ക) – 4 – 101 ഇന്നിങ്‌സ്
ചമാരി അത്തപ്പത്തു (ശ്രീലങ്ക) – 4 – 167 ഇന്നിങ്‌സ്
മത്സരത്തില്‍ ലോറയ്ക്ക് പുറമെ 51 പന്തില്‍ 50 റണ്‍സ് നേടി പുറത്താകാതെ കരാബോ മെസോയും മികവ് പുലര്‍ത്തി. സിംബാബ് വേയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് മിച്ചല്‍ മവുങ്കയാണ്. 23 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ നിയാണ ഗ്വാന്‍സുറ 23 പന്തില്‍ 28 റണ്‍സും നേടി.
അതേസമയം പരമ്പരയിലെ നാലാം മത്സരം ഇന്ന് ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. അഭിമാന വിജയം തേടിയാണ് സിംബാബ്‌വേ കളത്തിലിറങ്ങുന്നത്. എന്നാല്‍ ശേഷിക്കുന്ന രണ്ട് മത്സരവും വൈറ്റ് വാഴ് ചെയ്യാനാണ് സൗത്ത് ആഫ്രിക്ക ലക്ഷ്യം വെക്കുന്നത്.
Content Highlight: Laura Wolvaardt In Great Record Achievement In Women’s T-20i
