ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് ഉര്‍വശി. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഉര്‍വശി പകര്‍ന്നാടാത്ത വേഷങ്ങളും സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളും ബാക്കിയില്ല. ഓരോ സിനിമ കഴിയുന്തോറും പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കുന്ന ഉര്‍വശിയുടെ ഏറ്റവും പുതിയ ചിത്രമായ ആശ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്ത സിനിമയിൽ ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, വിജയരാഘവൻ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഉർവശിയുടെ അഭിനയത്തിനടക്കം ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടേഴ്‌സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ നിലപാടുകളിലും സ്വാതന്ത്ര്യബോധത്തിലും പഴയതും പുതിയതുമായ തലമുറകൾ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് ഉർവശി.

ഉർവശി. Photo. Screen Grab/ Youtube

പഴയ തലമുറയെയും ഇന്നത്തെ തലമുറയെയും താരതമ്യം ചെയ്യുമ്പോൾ ജീവിതത്തോടുള്ള സമീപനത്തിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് നടി ഉർവശി. തന്റെ തലമുറയിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനേക്കാൾ കുടുംബത്തോടും സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കാനാണ് പഠിപ്പിച്ചിരുന്നതെന്നും താരം പറയുന്നു.

‘പണ്ടത്തെയും ഇന്നത്തെയും തലമുറകൾക്കിടയിൽ വളരെ വ്യക്തമായ വ്യത്യാസങ്ങൾ തന്നെ പ്രകടമാണ്. വ്യക്തിപരമായ അഭിപ്രായങ്ങൾ ഈ ജനറേഷന് ഉണ്ട്, എന്നാൽ അത് എനിക്കുണ്ടായിരുന്നില്ല, എന്റെ അമ്മയ്ക്കാണെങ്കിൽ ഒട്ടും ഉണ്ടായിരുന്നില്ല.

നമ്മളൊക്കെ കല്യാണം കഴിച്ചുകൊണ്ടുപോകുന്ന വീടുകളിൽ അവരെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ പാകത്തിനുള്ള ജന്മങ്ങൾ ആയാണ് വളർന്നത്. എങ്കിലും എന്റെ അച്ഛനും അമ്മയും ഞങ്ങൾക്ക് തന്ന സ്വാതന്ത്ര്യം ഏതു ജോലിയും നിവർന്നുനിന്ന് ചെയ്യാനുള്ള സ്വാതന്ത്ര്യമായിരുന്നു,’ നടി പറഞ്ഞു.

അന്നത്തെ കാലത്ത് സ്വന്തം പ്രതിഫലത്തെക്കുറിച്ച് പോലും കൃത്യമായി അറിയാതെ കുടുംബത്തെ വിശ്വസിച്ചാണ് അന്ന് മുന്നോട്ടുപോയിരുന്നതെന്നും താരം ഓർത്തെടുത്തു.

‘അഭിനയജീവിതം ഒട്ടും മോശപ്പെട്ട കാര്യമല്ല, എങ്കിലും അവിടെ തലകുനിച്ചുനിന്ന് ജോലി ചെയ്യേണ്ട സാഹചര്യങ്ങളോട് ‘ഇല്ല’ എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഈ ജനറേഷനെപ്പോലെ തന്നെ ഉണ്ടായിരുന്നു. എങ്കിൽപോലും പണ്ട് എനിക്ക് എത്ര പേയ്‌മെന്റ് കിട്ടിയിരുന്നെന്നോ, അത് എന്തുചെയ്യുന്നു എന്നോ എനിക്കറിയില്ലായിരുന്നു, ഞാൻ ചോദിച്ചിരുന്നുമില്ല. എന്റെ ആവശ്യങ്ങൾ അറിഞ്ഞ് എന്റെ വീട്ടുകാർ എല്ലാം സാധിച്ചുതരികയായിരുന്നു,’ ഉർവശി പറഞ്ഞു.

തന്റെ തലമുറയിൽനിന്ന് വ്യത്യസ്തമായ ചിന്താഗതിയാണ് മകൾക്കുള്ളതെന്നും അവളിൽ നിന്ന് പല കാര്യങ്ങളും താൻ പഠിക്കുകയാണെന്നും ഉർവശി പറയുന്നു. മകളുടെ തീരുമാനങ്ങൾക്കും കാഴ്ചപ്പാടുകൾക്കും പൂർണ പിന്തുണ നൽകുന്നതായും താരം വ്യക്തമാക്കി.

മകൾ തേജലക്ഷ്മിയോടൊപ്പം. Photo. Filimibeat

‘ഇപ്പോൾ എന്റെ മകൾക്ക് ഞാൻ അങ്ങനെ ഉപദേശങ്ങൾ ഒന്നും കൊടുക്കാറില്ല, പകരം ഞാൻ അവളുടെ അടുത്തുനിന്ന് ഓരോ കാര്യങ്ങൾ പഠിക്കുകയാണ്. അവൾക്ക് എപ്പോഴും എന്റെ ഫുൾ സപ്പോർട്ടുണ്ട്. കാരണം ഞാനൊക്കെ അയ്യോ തീ എന്ന് പറയരുത്, വാ പൊള്ളും എന്ന്  പറയുന്ന പഴയ സമ്പ്രദായങ്ങളൊക്കെ ഫോളോ ചെയ്യുന്ന ആളാണ്.

പക്ഷെ മകൾ അങ്ങനെയൊന്നുമല്ല. ചിലപ്പോൾ നമ്മളെക്കുറിച്ച് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ, അമ്മ അതൊക്കെ വിട്, പറയുന്നവർ അവിടെനിന്ന് പറയട്ടെ എന്നൊക്കെ പറയുന്ന, എന്നിൽനിന്നെല്ലാം വ്യത്യസ്തമായ ചിന്താഗതിക്കാരിയാണവൾ,’ ഉർവശി പറഞ്ഞു.

Content Highlight: Urvashi opens up about generational differences, personal freedom, and how she learns from her daughter.