അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. ദൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 127 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 222 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാനിസ്ഥാൻ 94 റൺസിന് പുറത്താവുകയായിരുന്നു.

ഈ മത്സരത്തിൽ കളത്തിലിറങ്ങിയതോടെ മെൻസ് ടി-20യിൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന ടീമായും ഇന്ത്യ മാറി. ഏഷ്യൻ വൻകരയിലെ ഇന്ത്യയുടെ 165ാം മത്സരമായിരുന്നു ഇത്. പാകിസ്ഥാനെ മറികടന്നാണ് ശ്രേയസ് അയ്യരും സംഘവും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

ഏഷ്യയിൽ ഏറ്റവും കൂടുതൽ ടി-20 (മെൻസ്) മത്സരങ്ങൾ കളിച്ച ടീം, മത്സരങ്ങളുടെ എണ്ണം

ഇന്ത്യ-165

പാകിസ്ഥാൻ-164

ശ്രീലങ്ക-153

ബംഗ്ലാദേശ്-149

മലേഷ്യ-132

യു.എ.ഇ-132

അതേസമയം മത്സരത്തിൽ അഭിഷേക് ശർമയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. നേരിട്ട 30ാം പന്തിൽ സെഞ്ച്വറി നേടിയ താരം 34 പന്തിൽ 108 റൺസുമായാണ് തിളങ്ങിയത്. 11 കൂറ്റൻ സിക്സുകളും ഒമ്പത് ഫോറുകളും അടക്കം 317.65 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് അഭിഷേക് ബാറ്റ് വീശിയത്.

അഭിഷേകിന് പുറമെ മലയാളി താരം സഞ്ജു സാംസണും തിളങ്ങിയിരുന്നു. രണ്ട് ഫോറും നാല് സിക്‌സറും അടക്കം 35 പന്തിൽ 50 റൺസാണ് സഞ്ജു നേടിയത്. ഈ പരമ്പരയിലെ സഞ്ജുവിന്റെ രണ്ടാം അർധ സെഞ്ച്വറിയായിരുന്നു ഇത്.

ഇന്ത്യയ്ക്കായി നിതീഷ് കുമാർ റെഡ്ഡിയും രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്‌സർ പട്ടേൽ രണ്ട് അഫ്ഗാൻ താരങ്ങളെ മടക്കിയപ്പോൾ ജസ്പ്രീത് ബുംറയും യാഷ് താക്കൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

16 പന്തിൽ 25 റൺസ് നേടിയ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്‌കോറർ.

അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമർസായ് രണ്ട് വിക്കറ്റും അബ്ദുള്ള അഹമ്മദ്‌സായ്, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

 

Content Highlight: Indian cricket team create a huge record in Asian continent in T20