ന്യൂദല്‍ഹി: ഗ്യാസ് സിലിണ്ടറുകള്‍ ചുമക്കുന്ന ജോലി സ്ത്രീകള്‍ക്ക് അനുയോജ്യമല്ലെന്ന കാരണം പറഞ്ഞ് 1988-ല്‍ ഹെല്‍പ്പര്‍ തസ്തിക നിഷേധിച്ച ഹരിയാന സ്വദേശിയായ സ്ത്രീക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനോട് ഉത്തരവിട്ട് സുപ്രീം കോടതി.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഒയിലിന്റെ നടപടി സ്ത്രീത്വത്തോടുള്ള അനാദരവും അപമാനവുമാണെന്ന് കോടതി നിരീക്ഷിച്ചു. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ സുമിത്ര (63) നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. വിരമിക്കല്‍ പ്രായവും പിന്നിട്ട ഇവര്‍, കഴിഞ്ഞ 38 വര്‍ഷമായി ഇതിനായി നിയമപോരാട്ടത്തിലായിരുന്നു.
1988ല്‍ കര്‍ണാലില്‍ എല്‍.പി.ജി ബോട്ട്ലിംഗ് പ്ലാന്റ് ആരംഭിച്ചപ്പോഴാണ് സുമിത്ര ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. യോഗ്യതയുണ്ടായിരുന്നിട്ടും സ്ത്രീയാണെന്ന കാരണം പറഞ്ഞ് കമ്പനി ഇവര്‍ക്ക് ജോലി നിഷേധിക്കുകയായിരുന്നു.
ആണുങ്ങളുള്ള അന്തരീക്ഷത്തിലെ കഠിനമായ ജോലി സാഹചര്യം ഒരു സ്ത്രീക്ക് അനുയോജ്യമല്ലെന്നായിരുന്നു ഐ.ഒ.സിയുടെ വാദം. എന്നാല്‍ ഈ വാദം തള്ളിയ കോടതി, ‘വീടുകളില്‍ പുരുഷന്മാര്‍ ഇല്ലാത്ത സമയങ്ങളില്‍ ദിവസേന ഗ്യാസ് സിലിണ്ടറുകള്‍ എടുക്കുന്നതും മാറ്റുന്നതും സ്ത്രീകളാണ്. സ്ത്രീയായതുകൊണ്ട് മാത്രം അപ്പോയിന്റ്‌മെന്റ് നിഷേധിച്ചത് അംഗീകരിക്കാനാവില്ല,’ കോടതി വ്യക്തമാക്കി.
1990-ല്‍ ലേബര്‍ കോര്‍ട്ട് സുമിത്രയ്ക്ക് അനുകൂലമായി വിധി പറഞ്ഞിരുന്നെങ്കിലും, ഐ.ഒ.സിയുടെ അപ്പീലില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. തുടര്‍ന്നാണ് സുമിത്ര സുപ്രീം കോടതിയെ സമീപിച്ചത്. നിലവില്‍ സുമിത്രയ്ക്ക് വിരമിക്കല്‍ പ്രായം കഴിഞ്ഞതിനാല്‍, 12 ലക്ഷം രൂപ ഒറ്റത്തവണയായി നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
Content Highlight: Job denied because she was a woman; Supreme Court orders Indian Oil to pay ₹12 lakh compensation after 38 years.
