അഫ്ഗാനിസ്ഥാനിസ്താനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. ദൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 127 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 222 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാനിസ്ഥാൻ 94 റൺസിന് പുറത്താവുകയായിരുന്നു.

സൂപ്പർ താരം അഭിഷേക് ശർമയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. നേരിട്ട 30ാം പന്തിൽ സെഞ്ച്വറി നേടിയ താരം 34 പന്തിൽ 108 റൺസുമായാണ് തിളങ്ങിയത്. 11 കൂറ്റൻ സിക്സുകളും ഒമ്പത് ഫോറുകളും അടക്കം 317.65 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് അഭിഷേക് ബാറ്റ് വീശിയത്.

അഭിഷേകിന് പുറമെ മലയാളി താരം സഞ്ജു സാംസണും തിളങ്ങിയിരുന്നു. രണ്ട് ഫോറും നാല് സിക്‌സറും അടക്കം 35 പന്തിൽ 50 റൺസാണ് സഞ്ജു നേടിയത്. ഈ പരമ്പരയിലെ സഞ്ജുവിന്റെ രണ്ടാം അർധ സെഞ്ച്വറിയായിരുന്നു ഇത്.

മത്സരത്തിൽ നേടിയ നാല് സിക്സുകൾക്ക് പിന്നാലെ ടി-20യിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും മലയാളി താരത്തിന് സാധിച്ചു. കുട്ടിക്രിക്കറ്റിൽ 430 സിക്സുകളാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും ഇതുവരെ പിറന്നത്.

ഇന്ത്യ, കേരളം, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്‌സ്, ദൽഹി ഡെയർ ഡെവിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് സഞ്ജു ടി-20യിൽ കളത്തിൽ ഇറങ്ങിയിട്ടുള്ളത്.

ഈ നേട്ടത്തിൽ മുൻ ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവിനെ മറികടന്നാണ് സഞ്ജു മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ഇതിഹാസങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും മാത്രമാണ് ഈ റെക്കോഡിൽ സഞ്ജുവിന്റെ മുന്നിലുള്ളത്.

ടി-20യിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ഇന്ത്യൻ താരം, സിക്സുകളുടെ എണ്ണം

രോഹിത് ശർമ – 568

വിരാട് കോഹ്‌ലി – 460

സഞ്ജു സാംസൺ – 430

സൂര്യകുമാർ യാദവ് – 429

അഭിഷേക് ശർമ – 397

കെ.എൽ രാഹുൽ – 363

അതേസമയം ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത അഫ്ഗാൻ 94 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ഇന്ത്യയ്ക്കായി നിതീഷ് കുമാർ റെഡ്ഡിയും രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്‌സർ പട്ടേൽ രണ്ട് അഫ്ഗാൻ താരങ്ങളെ മടക്കിയപ്പോൾ ജസ്പ്രീത് ബുംറയും യാഷ് താക്കൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

16 പന്തിൽ 25 റൺസ് നേടിയ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്‌കോറർ.

അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമർസായ് രണ്ട് വിക്കറ്റും അബ്ദുള്ള അഹമ്മദ്‌സായ്, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: Sanju Samson create a historical record in T20