ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരിയിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 127 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 222 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 94 റണ്‍സിന് പുറത്താവുകയായിരുന്നു.

സൂപ്പര്‍ താരം അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. നേരിട്ട 30ാം പന്തില്‍ സെഞ്ച്വറി നേടിയ താരം 34 പന്തില്‍ 108 റണ്‍സുമായാണ് കളം വിട്ടത്. ടി-20 ചരിത്രത്തിലെ അതിവേഗ സെഞ്ച്വറി (ഫുള്‍മെമ്പേഴ്‌സ്) നേടിയ അഭിഷേക് 11 സിക്സറും ഒമ്പത് ഫോറും അടക്കം 317.65 എന്ന വെടിക്കെട്ട് സ്ട്രൈക് റേറ്റിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. അതായത് ബൗണ്ടറികളില്‍ നിന്ന് മാത്രം അടിച്ചെടുത്തത് 102 റണ്‍സ്!

അതേസമയം, മത്സരത്തില്‍ അഭിഷേകിന് പുറമെ സൂപ്പര്‍ താരം സഞ്ജു സാംസണും തിളങ്ങിയിരുന്നു. രണ്ട് ഫോറും നാല് സിക്സറും അടക്കം 35 പന്തില്‍ 50 റണ്‍സുമായാണ് താരം പുറത്തായത്. അഭിഷേകിന് പിന്തുണ നല്‍കി മികച്ച ഇന്നിങ്‌സായിരുന്നു സഞ്ജു പുറത്തെടുത്തത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്.

ടി-20 ഫോര്‍മാറ്റില്‍ 9000+ റണ്‍സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാകാനാണ് സഞ്ജുവിന് സാധിച്ചത്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഉള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങള്‍ വാഴുന്ന റെക്കോഡ് ലിസ്റ്റിലാണ് സഞ്ജു അഞ്ചാമനായി സ്ഥാനം നേടിയത്.

ടി-20 ഫോര്‍മാറ്റില്‍ 9000+ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍
(താരം, റണ്‍സ്, ഇന്നിങ്‌സ്)

വിരാട് കോഹ്‌ലി – 14218 – 413

രോഹിത് ശര്‍മ – 12531 – 459

ശിഖര്‍ ധവാന്‍ – 9779 – 331

സൂര്യകുമാര്‍ യാദവ് – 9729 – 347

സഞ്ജു സാംസണ്‍ – 9027 – 334

ടി-20യിലെ 351 മത്സരത്തിലെ 334 ഇന്നിങ്‌സില്‍ നിന്നാണ് സഞ്ജു 9027 റണ്‍സ് സ്വന്തമാക്കിയത്. 119 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറുള്‍പ്പെടെ 30.70 എന്ന ആവറേജാണ് താരത്തിനുള്ളത്. ഇന്ത്യ, കേരളം, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു ടി-20യില്‍ കളത്തില്‍ ഇറങ്ങിയിട്ടുള്ളത്.

ശ്രേയസ് അയ്യര്‍ (20 പന്തില്‍ 29), ശിവം ദുബെ (പത്ത് പന്തില്‍ 14), ഇഷാന്‍ കിഷന്‍ (എട്ട് പന്തില്‍ പത്ത്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

ഇന്ത്യയ്ക്കായി നിതീഷ് കുമാര്‍ റെഡ്ഡിയും രവി ബിഷ്ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്സര്‍ പട്ടേല്‍ രണ്ട് അഫ്ഗാന്‍ താരങ്ങളെ മടക്കിയപ്പോള്‍ ജസ്പ്രീത് ബുംറയും യാഷ് താക്കൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

16 പന്തില്‍ 25 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍.

അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമര്‍സായ് രണ്ട് വിക്കറ്റും അബ്ദുള്ള അഹമ്മദ്സായ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: Sanju Samson complete 9000 Runs In T-20 And Create Huge Record By Indians