അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും വിജയച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 94 റണ്‍സിന് പുറത്താവുകയായിരുന്നു.

അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. എന്നാല്‍ മത്സരത്തിലെ വിജയത്തിന് പിന്നാലെ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ അഭിഷേക് ശര്‍മയുടെ സെഞ്ച്വറിയെക്കുറിച്ച് സംസാരിച്ചിരുന്നു. അഭിഷേകിന്റെ സെഞ്ച്വറിയെക്കുറിച്ച് ഇവിടെ ഇരുന്ന് എത്ര വേണമെങ്കിലും സംസാരിക്കാമെന്നും എന്നാല്‍ താരം ടീമിലുണ്ടാക്കിയ സ്വാധീനമാണ് പ്രധാനമെന്ന് ഗംഭീര്‍ പറഞ്ഞു. മാത്രമല്ല തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പോസിറ്റീവ് പവര്‍പ്ലേയില്‍ ഇന്ത്യ നേടിയ 100 റണ്‍സാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്ന് അഭിഷേക് നേടിയ സെഞ്ച്വറിയെക്കുറിച്ച് മാത്രം പറയുന്നതില്‍ കാര്യമില്ല. അദ്ദേഹത്തിന്റെ സെഞ്ച്വറിയെക്കുറിച്ച് ഇവിടെ ഇരുന്ന് എത്ര വേണമെങ്കിലും സംസാരിക്കാം. എന്നാല്‍ പ്രധാനപ്പെട്ടത് അദ്ദേഹം ടീമിലുണ്ടാക്കിയ സ്വാധീനമാണ്. ബാറ്റ് കൊണ്ട് എത്രത്തോളം സ്വാധീനം സൃഷ്ടിക്കാനാകും, പന്തുകൊണ്ട് എത്രത്തോളം സ്വാധീനം ചെലുത്താനാകും എന്നതിലാണ് ഞങ്ങളുടെ ഡ്രസിങ് റൂമിലെ പ്രധാന ചര്‍ച്ച.

ടി-20 ക്രിക്കറ്റ് എന്നത് റണ്‍സിന്റെയോ വിക്കറ്റുകളുടെയോ മാത്രം കണക്കല്ല, നിങ്ങള്‍ക്ക് ടീമിനായി എത്രത്തോളം സ്വാധീനം സൃഷ്ടിക്കാനാകുമെന്നതാണ് പ്രധാനം. സഞ്ജുവിനും (സാംസണ്‍) അഭിഷേകിനും യഥാക്രമം 50, 100 റണ്‍സ് നേടിയെന്ന് എളുപ്പത്തില്‍ പറയാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പോസിറ്റീവ് പവര്‍പ്ലേയില്‍ തന്നെ 100 റണ്‍സ് നേടാനായതാണ്. എന്റെ പരിശീലക കാലയളവില്‍ ഇന്ത്യ ഇതുവരെ പവര്‍പ്ലേയില്‍ 100 റണ്‍സ് നേടിയിട്ടില്ല,’ ഗംഭീര്‍ മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മത്സരത്തില്‍ നേരിട്ട 30ാം പന്തില്‍ സെഞ്ച്വറി നേടിയ അഭിഷേക് 34 പന്തില്‍ 108 റണ്‍സുമായാണ് കളം വിട്ടത്. 11 കൂറ്റന്‍ സിക്‌സറും ഒമ്പത് ഫോറും അടക്കം 317.65 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്. ബൗണ്ടറികളില്‍ നിന്ന് മാത്രം അഭിഷേക് അടിച്ചെടുത്തത് 102 റണ്‍സാണ്.

പരമ്പയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 229 റണ്‍സാണ് അഭിഷേക് നേടിയത്. 76.33 ആവറേജില്‍ ബാറ്റ് വീശിയ താരത്തിന് 269.41 സ്‌ട്രൈക്ക് റേറ്റുമുണ്ട്. അഭിഷേക് തന്നെയായിരുന്നു പരമ്പയിലെ താരവും. ഇതിനെല്ലാം പുറമെ ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ അതിവേഗ സെഞ്ച്വറി നേടിയതടക്കമുള്ള ഒട്ടനവധി റെക്കോഡുകളും അഭിഷേക് സ്വന്തമാക്കിയിരിക്കുകയാണ്.

Content Highlight: Gautam Gambhir Talking About Indias Biggest Positive In Final T-20 Match Against Afghanistan