മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് ഉർവശി. നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സിനിമാജീവിതത്തിൽ പകർന്നാടാത്ത വേഷങ്ങളോ സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളോ ബാക്കിയില്ല. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആശ തിയേറ്ററുകളിലെത്തി മികച്ച പ്രശംസ നേടുകയാണ്.

എന്നാൽ അടുത്തിടെ നടന്ന പ്രസ് മീറ്റിനിടെ താരത്തെ സ്വാഗതം ചെയ്ത അവതാരകയോട് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കു വഴിവെച്ചിരുന്നു. ഇംഗ്ലീഷും മലയാളവും കലർത്തി സംസാരിച്ച അവതാരകയോട്, കേരളത്തിൽ വന്നുകൊണ്ട് ഇംഗ്ലീഷിൽ എന്തിനാണ് ഇങ്ങനെ കടുക് വറക്കുന്നത് എന്ന് ഉർവശി ചോദിച്ചതായിരുന്നു വിവാദമായത്. പൊതുവേദിയിൽ വെച്ച് അവതാരകയെ അപമാനിക്കേണ്ടതില്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടി സുപ്രിയ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ ഭാഷാ പ്രയോഗങ്ങളിലെ വ്യക്തിസ്വാതന്ത്ര്യത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ഉർവശി. Photo. Screen Grab/ Youtube

ഇപ്പോഴിതാ ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വേദിയിൽ സംഭവിച്ചതിന്റെ യഥാർത്ഥ വസ്തുത വ്യക്തമാക്കി നടി മറുപടി നൽകിയിരിക്കുകയാണ്.

താൻ അന്ന് വേദിയിൽ വെച്ച് പറഞ്ഞ ഒരു കാര്യത്തിന്റെ ചില ഭാഗങ്ങൾ മാത്രം കണ്ടുകൊണ്ടാണ് ആളുകൾ തന്നെ വിമർശിക്കുന്നത് എന്ന് പറയുകയാണ് ഉർവശി. അന്ന് വേദിയിൽ ഇരിക്കെ, സദസിൽ നിന്നൊരു പ്രായമായ സ്ത്രീ അവതാരക സംസാരിക്കുന്ന ഇംഗ്ലീഷ് മനസിലാകാതെ മലയാളത്തിൽ പറയാൻ ആംഗ്യം കാണിക്കുന്നത് കാണുകയും, ആ കാര്യം അവതാരകയുടെ ശ്രദ്ധയിൽ പെടുത്തുകയുമായിരുന്നു എന്ന് ഉർവശി പറഞ്ഞു.

അത് അന്ന് തമാശരൂപേണ അവതാരകയോട് പറഞ്ഞില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നു എന്നും ഉർവശി കൂട്ടിച്ചേർത്തു.

‘നമ്മൾ ഒരു കാര്യം വേദിയിൽ പറഞ്ഞതിന്റെ വീഡിയോയുടെ ഒരു ഭാഗം മാത്രം വെട്ടിമാറ്റി പ്രചരിപ്പിക്കുമ്പോൾ ആളുകൾ സത്യമറിയാതെ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ജോലിയൊന്നുമല്ലല്ലോ എനിക്ക്. അന്ന് യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്നാൽ, ഞാൻ സ്റ്റേജിൽ ഇരുന്ന് ഒരു ഭാഗത്തേക്ക് നോക്കിയപ്പോൾ പ്രായമായ ഒരു അമ്മയും അവരുടെ കുടുംബവും നിൽക്കുന്നുണ്ടായിരുന്നു.

ആ സമയത്ത് അവതാരകയായ കുട്ടി ഇംഗ്ലീഷിൽ ഐശ്വര്യ ലക്ഷ്മിയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ, ആ അമ്മ അവിടെ നിന്നും കൊണ്ട് മലയാളത്തിൽ സംസാരിക്കുമോ എന്ന് ആംഗ്യം കാണിച്ചു പറയുന്നുണ്ടായിരുന്നു. ആ സമയത്ത് അത് കണ്ട് അവതാരകയോട് നേരിട്ട് മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞാൽ അതിന്റെ അർത്ഥം അവിടെ മാറും,’ ഉർവശി പറഞ്ഞു.

വേദിയിൽ ഇരിക്കുന്ന അതിഥികളെയെല്ലാം നല്ല രീതിയിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് അവതാരക തന്റെ ജോലി പൂർത്തിയാക്കിയതെന്നും ഉർവശി പറഞ്ഞു. താൻ ആ കാര്യം പറഞ്ഞതിനുശേഷം പിന്നീട് അവർ തമ്മിൽ തമാശയിൽ സംസാരിച്ചെങ്കിലും, അതൊന്നും തന്നെ പ്രചരിച്ച വീഡിയോകളിൽ ഉൾപ്പെട്ടിരുന്നില്ലെന്നും ഉർവശി കൂട്ടിച്ചേർത്തു.

ഉർവശി പ്രസ് മീറ്റിനിടയിൽ. Photo. Screen Grab/ Youtube

‘ആ കുട്ടി ആദ്യമായിട്ടാണ് ആങ്കറിങ് ചെയ്യുന്നത്, എന്നിട്ടും വേദിയിലുള്ളവരെ കൃത്യമായി മനസിലാക്കി വളരെ ഭംഗിയായിട്ടാണ് തന്റെ ജോലി ചെയ്തത്. നല്ല സെൻസ് ഓഫ് ഹ്യൂമറൊക്കെയുള്ള ആ കൊച്ചിനോട് ഞാൻ ഈ കാര്യം തമാശയായി പറഞ്ഞപ്പോൾ, ഐ ആം ദി സോറി ചേച്ചി എന്ന് തമാശ രൂപേണ എന്നെപ്പോലെ തന്നെ അനുകരിച്ച് സംസാരിച്ചു. അതൊക്കെ കേട്ടപ്പോൾ നമുക്കും ഒരു എനർജിയായി, അതിനാൽ തിരിച്ചും ഇവളോട് ഒരു തമാശ പറയണമല്ലോ എന്ന് കരുതി ഞാനും അന്ന് തിരിച്ചു തമാശയൊക്കെ പറഞ്ഞു. പക്ഷേ പ്രചരിച്ച വീഡിയോകളിൽ ആ ഭാഗങ്ങളൊന്നും വരുകയോ ഉൾപ്പെടുകയോ ചെയ്തിട്ടില്ല,’ ഉർവശി പറഞ്ഞു.

Content Highlight: Actress Urvashi responds to the press meet controversy