നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാണ് രഞ്ജി പണിക്കർ. ഷാജി കൈലാസ്, ജോഷി എന്നീ സംവിധായകരുടെ പൊളിറ്റിക്കൽ-ആക്ഷൻ ചിത്രങ്ങൾക്ക് ഒരുക്കിയ തിരക്കഥകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്.
തലസ്ഥാനം, കമ്മീഷണർ, ഏകലവ്യൻ, ദി കിംഗ്, ലേലം, പത്രം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അദ്ദേഹം 2005-ൽ ഭരത്ചന്ദ്രൻ ഐ.പി.എസ് എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനേതാവായും രണ്‍ജി പണിക്കർ ശ്രദ്ധ നേടി.
ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ തിരക്കഥയൊരുക്കിയ സിനിമകളെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് അദ്ദേഹം.

രണ്‍ജി പണിക്കർ. Photo. Screen grab/ Youtube
രണ്‍ജി പണിക്കരുടെ തിരക്കഥയിൽ ജോഷി സംവിധാനം നിർവഹിച്ച് 2001-ൽ പുറത്തിറങ്ങിയ പ്രജ സിനിമയിൽ എൻ. എഫ്. വർഗീസ് അവതരിപ്പിച്ച ളാഹേൽ വക്കച്ചൻ എന്ന വില്ലൻ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
ലേലം സിനിമയിലെ എൻ. എഫ്. വർഗീസിന്റെ വില്ലൻ കഥാപാത്രം കണ്ടപ്പോൾ തന്നെ ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പൊട്ടൻഷ്യൽ തനിക്ക് മനസിലായിരുന്നു എന്ന് പറയുകയാണ് രഞ്ജി പണിക്കർ
‘എൻ. എഫ്. വർഗീസിന്റെ കാര്യത്തിൽ എനിക്ക് ഭയങ്കര കോൺഫിഡൻസ് ആയിരുന്നു. കാരണം ലേലം സിനിമയിലെ അഭിനയത്തിൽ നിന്ന് തന്നെ എൻ. എഫ്. വർഗീസിന്റെ പൊട്ടൻഷ്യൽ എനിക്ക് മനസിലായിരുന്നു. അതിനുമുമ്പ് വില്ലൻ കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടായിരുന്നെങ്കിലും, ഒരു നടൻ എന്ന നിലയിൽ പുള്ളിയെ എക്സ്പ്ലോയിറ്റ് ചെയ്ത കഥാപാത്രങ്ങളൊന്നും എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല,’ രണ്‍ജി പണിക്കർ പറഞ്ഞു.
പത്രം സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടിരുന്ന സമയത്ത് തന്നെ എൻ. എഫ്. വർഗീസ് അതിൽ ഒരു നല്ല വേഷം ചോദിക്കാറുണ്ടായിരുന്നു എന്ന് രഞ്ജി പണിക്കർ ഓർത്തെടുക്കുന്നു. കൂടാതെ പ്രജ സിനിമയ്ക്ക് മുൻകൂട്ടി തയ്യാറാക്കിയ പൂർണമായ തിരക്കഥ ഇല്ലായിരുന്നു എന്നും, ഓരോ സീനിനും ആവശ്യമായ ഭാഗങ്ങൾ ഷൂട്ടിങ് നടക്കുന്ന സമയത്തുതന്നെ എഴുതിക്കൊടുക്കുകയായിരുന്നു എന്നും രഞ്ജി പണിക്കർ തുറന്നുപറഞ്ഞു.

പ്രജാ. എൻ. എഫ്. വർഗീസ്. Photo. Wikipedia/ Screen Grab/ Youtube
പത്രം സിനിമയുടെ തിരക്കഥ ഞാൻ എഴുതിക്കൊണ്ടിരിക്കുമ്പോൾ പുള്ളി എന്റെ ഫ്ലാറ്റിൽ ഇടയ്ക്കിടെ വന്ന് ചോദിക്കുമായിരുന്നു, രഞ്ജി എനിക്ക് ആ സിനിമയിൽ ഒരു നല്ല വേഷം തരുമോ എന്ന്. അത്തരത്തിൽ ഡിമാൻഡ് ചെയ്യാനുള്ള അടുപ്പം ഞങ്ങൾ തമ്മിലുണ്ടായിരുന്നു.
പ്രജയിലെ ളാഹേൽ വക്കച്ചന്റെ സീൻ ഓരോ പേജ് വീതം എഴുതി കൊടുക്കുകയായിരുന്നു. അല്ലാതെ ഫുൾ സ്ക്രിപ്റ്റ് ഒന്നും ആദ്യമേ കൊടുത്തിരുന്നില്ല. അവന്യൂ സെന്ററിൽ ഷൂട്ട് ചെയ്യുമ്പോൾ ഞാൻ അപ്പുറത്തൊരു മുറിയിലിരുന്ന് എഴുതുകയായിരുന്നു,’ രണ്‍ജി പണിക്കർ പറഞ്ഞു.
