മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയരായ യുവ സംവിധായകന്മാരിൽ ഒരാളാണ് ഷഹദ് നിലമ്പൂർ. ദിലീഷ് പോത്തന്റെ സഹസംവിധായകനായി സിനിമാജീവിതം ആരംഭിച്ച അദ്ദേഹം പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ സിനിമകൾ സംവിധാനം ചെയ്തു. ഈയിടെ പാർവ്വതി തിരുവോത്ത്, മാത്യു തോമസ്, വിജയരാഘവൻ, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ പ്രസാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രം പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ തുടരുകയാണ്.

റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഷഹദ്.

ഒരു സിനിമയുടെ ആദ്യ 20 മിനിറ്റ് ഒരു സംവിധായകന് ഇഷ്ടമുള്ള കാര്യങ്ങൾ അതിലേക്ക് കൊണ്ടുവരാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകർ നൽകുന്നുണ്ടെന്ന് പറയുകയാണ് ഷഹദ്. എന്നാൽ അതിനുശേഷം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിൽ ആ കഥയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഷഹദ് നിലമ്പൂർ. Photo. Instagram

‘നമ്മൾ ചെയ്യുന്ന സിനിമകളിൽ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം പടത്തിന്റെ ആദ്യത്തെ ഒരു 20 മിനിറ്റ് ഇയാൾക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ഒരു ലൈസൻസ് അവർ തന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ 20 മിനിറ്റ് കഴിയുമ്പോൾ അവരെ എന്തെങ്കിലുമൊക്കെ ചെയ്ത് ഹൂക്ക് ചെയ്തിരിക്കണം.

അതുകഴിഞ്ഞ് പോകുന്ന കഥാഗതികളിലൂടെ നമ്മൾ എങ്ങനെ അവരെ പിടിച്ചിരുത്തുന്നു എന്നതുപോലെയിരിക്കും, അതാണ് ഇന്റർവെൽ പിക്ക് പോയിന്റ് എന്ന് പറയുന്നത്. അത് നമുക്ക് എങ്ങനെ വേണമെങ്കിലും ചെയ്യാം. അതിന് ലിഖിതമായ നിയമങ്ങളുണ്ട്, അങ്ങനെ ചെയ്യാം അല്ലെങ്കിൽ അതിനെയെല്ലാം ബ്രേക്ക് ചെയ്യാം,’ ഷഹദ് പറഞ്ഞു.

ഒരു പ്രേക്ഷകൻ എന്ന നിലയിൽ സിനിമ കാണുമ്പോൾ തിയേറ്ററിൽ തന്നെ ആ സിനിമയിൽ പിടിച്ചിരുത്തുന്ന ഘടകം എന്താണെന്ന് താൻ എപ്പോഴും ശ്രദ്ധിക്കാറുള്ള കാര്യമാണെന്നും ഷഹദ് പറയുന്നു. മുമ്പ് ചെയ്ത സിനിമകളിൽ ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ അടുത്ത സിനിമയിലേക്ക് തിരുത്തി കൊണ്ടുവരാൻ സാധിക്കുന്നതാണ് ഒരു സംവിധായകന്റെ വളർച്ച എന്നും ഷഹദ് വ്യക്തമാക്കി.

‘എന്നെ സംബന്ധിച്ചിടത്തോളം സാധാരണ തിയേറ്ററുകളിൽ പോയി പടം കാണുന്ന ഒരു പ്രേക്ഷകൻ ആണ് ഞാനും. അതുകൊണ്ടുതന്നെ നമ്മളെ എങ്ങനെ ഒരു സിനിമ തിയേറ്ററുകളിൽ കിക്ക് ചെയ്യുന്നു എന്നുള്ളതാണ് എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യം. പിന്നെ ഞാൻ മുമ്പ് ചെയ്ത രണ്ടു പടങ്ങളുടെ എക്സ്പീരിയൻസ് എന്റെ തോട്ട് പ്രോസസിലും വർക്കുകളിലും കുറച്ചുകൂടെ നല്ല കാര്യങ്ങൾ സംഭവിക്കാൻ സഹായിക്കും എന്ന് എനിക്ക് തോന്നി.

ഷഹദ് നിലമ്പൂർ സംവിധാനം നിർവഹിച്ച സിനിമകൾ. Photo. IMDb/ District

അങ്ങനെയാണ് വേണ്ടതും. നമ്മൾ ചെയ്ത ഒരു വർക്കിൽ മിസ്സായിപ്പോയ കാര്യങ്ങൾ അടുത്ത വർക്കിൽ ശ്രദ്ധിക്കാൻ കഴിയുന്നിടത്താണ് നമ്മുടെ വളർച്ച എന്ന് പറയുന്നത്. എല്ലാവരും അങ്ങനെ തേച്ചുമിനുക്കി തന്നെയാണ് ഓരോ കാര്യങ്ങളും നന്നാക്കിക്കൊണ്ടുവരാൻ ശ്രമിക്കുന്നത്,’ ഷഹദ് നിലമ്പൂർ പറഞ്ഞു.

Content Highlight: Shahad Nilambur talks about structuring a story in a way that hooks the audience in the theate