ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് ഉര്‍വശി. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഉര്‍വശി പകര്‍ന്നാടാത്ത വേഷങ്ങളും സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളും ബാക്കിയില്ല. ഓരോ സിനിമ കഴിയുന്തോറും പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കുന്ന ഉര്‍വശിയുടെ ഏറ്റവും പുതിയ ചിത്രമായ ആശ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്ത സിനിമയിൽ ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, വിജയരാഘവൻ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഉർവശിയുടെ അഭിനയത്തിനടക്കം ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഉർവശി.

ഉർവശി. Photo. Screen Grab/ Youtube

ഇന്നത്തെ തലമുറയിൽപ്പെട്ടവർ പോലും താൻ പണ്ട് ചെയ്ത കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും അതാണ് സിനിമയിൽ ഇനിയും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തനിക്ക് ആവേശം നൽകുന്നതെന്നും പറയുകയാണ് ഉർവശി.

‘സിനിമയിൽ ഇനിയും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കണം എന്നുള്ളൊരു ആവേശമാണ് എന്നെ എന്നും മുന്നോട്ട് നയിക്കുന്നത്. കാരണം ഞാൻ പണ്ട് ചെയ്ത കഥാപാത്രങ്ങളൊക്കെ ഇന്നത്തെ തലമുറയിൽപ്പെട്ട കുട്ടികൾ കാണുകയും സംസാരിക്കുകയും ചെയ്യുന്നതാണ് ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നുള്ള ഉത്സാഹം എനിക്കും എന്നെ വെച്ച് പടം ചെയ്യുന്ന സംവിധായകർക്കും ഉണ്ടാവുന്നത്. അല്ലാതെ ഒരു പ്രാവശ്യം പോലും വീട്ടിലിരുന്നുകൊണ്ട് ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ മാത്രമേ ചെയ്യൂ എന്ന് പറഞ്ഞ് ഞാൻ സെലക്റ്റ് ചെയ്തിട്ടില്ല,’ നടി പറഞ്ഞു.

2020-ൽ അനൂപ് സത്യന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ താൻ അഭിനയിക്കുന്ന കാര്യം പ്രൊമോഷന്റെ ഭാഗമായി പുറത്തറിയിക്കരുത് എന്ന നിർബന്ധത്തോടെയാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് തുറന്നുപറയുകയാണ് ഉർവശി. കേന്ദ്ര കഥാപാത്രമായി എത്തുന്ന ശോഭനയുടെ കഥാപാത്രത്തിൽ നിന്ന് പ്രേക്ഷകരുടെ ശ്രദ്ധ മാറാതിരിക്കാനായിരുന്നു താൻ അത്തരം ഒരു തീരുമാനമെടുത്തതെന്നും ഉർവശി വ്യക്തമാക്കി.

‘അതുപോലെ സിനിമയിൽ ലീഡ് റോൾ മാത്രമേ ചെയ്യൂ എന്നുള്ള നിർബന്ധങ്ങളുമില്ല. ഉദാഹരണത്തിന് ലീഡ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ വരനെ ആവശ്യമുണ്ട് എന്ന സിനിമ ചെയ്യുന്നത്. പക്ഷേ ആ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായൊന്നും എന്റെ പരസ്യം കൊടുക്കരുത് എന്ന് ഡിമാൻഡ് ചെയ്തിട്ടാണ് ഞാൻ പോയിരുന്നത്. സിനിമയുടെ പരസ്യങ്ങളിലൊന്നും എന്റെ തല പോലും കാണിച്ചിട്ടില്ല.

വരനെ ആവശ്യമുണ്ട്. Photo. IMDb

ഒരുപക്ഷേ ആ സിനിമ വിജയിച്ചിട്ടില്ലായിരുന്നെങ്കിൽ ഞാൻ ആ സിനിമയിലുള്ളത് പോലും ആരും അറിയില്ലായിരുന്നു. അതിന്റെ പ്രധാന കാരണം ശോഭന ലീഡ് ആയിട്ട് ചെയ്യുന്ന സിനിമ ഡിസ്ട്രാക്റ്റ് ആയിപ്പോവരുത് എന്നുള്ളതുകൊണ്ടാണ്. കാരണം ഈ തലമുറയ്ക്ക് ഇഷ്ടപ്പെടാത്ത ഒരു കഥാപാത്രമാണ് ശോഭന ആ സിനിമയിൽ ചെയ്തിട്ടുള്ളത്, അപ്പോൾ ചിലപ്പോൾ ഞാനും കൂടി സിനിമയിലുണ്ടെന്നറിഞ്ഞാൽ ആളുകൾ എന്റെ എൻട്രിക്കായി കാത്തിരിക്കും.

പിന്നെ എന്റെ സിനിമാ ജീവിതത്തിൽ തന്നെ ഞാൻ സിനിമയിലുണ്ടായിക്കഴിഞ്ഞാൽ അവർ ഡിസ്ട്രാക്റ്റ് ആയിപ്പോവുമോ എന്ന് ചിന്തിച്ച ആർട്ടിസ്റ്റുകളൊക്കെ ഉണ്ടായിരുന്നു, ഉർവശി പറഞ്ഞു.

Content Highlight: urvashi says  that she requested her role in the film Varane Avashyamund be kept hidden during promotions to avoid distracting audiences from lead actress Shobhan