2026 യുവേഫ നേഷൻസ് ലീഗിനുള്ള പോർച്ചുഗൽ ടീമിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടം നേടിയിരിക്കുകയാണ്. ലോകകപ്പിലെ തോൽവിക്ക് പിന്നാലെ പടിയിറങ്ങിയ റോബർട്ടോ മാർട്ടിനസിന്റെ പകരക്കാരനായി ചുമതയേറ്റ ഹോർഹെ ജീസസാണ് ടീമിനെ പ്രഖ്യാപിച്ചത്.
പുതിയ കോച്ചിന്റെ ടീമിലും റൊണാൾഡോ സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. തന്റെ 41ാം വയസിലും പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി മറ്റൊരു ടൂർണമെന്റിന് കൂടി റൊണാൾഡോ ഒരുങ്ങുമ്പോൾ ഒരു ചരിത്ര നേട്ടവും താരത്തിന്റെ മുന്നിലുണ്ട്.

നാല് ഗോളുകൾ കൂടി പോർച്ചുഗലിനൊപ്പം നേടിയാൽ ഇന്റർനാഷണൽ ഫുട്ബോളിൽ 150 ഗോളുകൾ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരമാവാൻ റൊണാൾഡോക്ക് സാധിക്കും. ഇതുവരെ 146 ഗോളുകൾ നേടിയ റൊണാൾഡോ തന്നെയാണ് ഇന്റർനാഷണൽ ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ.
125 ഗോളുകൾ നേടിയ അർജന്റൈൻ ഇതിഹാസം ലയണൽ മെസിയാണ് റൊണാൾഡോക്ക് പുറകിലുള്ളത്. മെസി അടുത്തിടെ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചിരുന്നു.
അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങൾ, ഗോളുകളുടെ എണ്ണം, രാജ്യം
ക്രിസ്റ്റ്യാനോ റൊണാൾഡോ-146-പോർച്ചുഗൽ
ലയണൽ മെസി-125-അർജന്റീന
അലി ദേയ്-109-ഇറാൻ
സുനിൽ ഛേത്രി-95-ഇന്ത്യ
റൊമേലു ലുക്കാക്കു-93-ബെൽജിയം
മൊഖ്താർ ദാഹാരി-89-മലേഷ്യ
റോബർട്ട് ലെവൻഡോവ്‌സ്‌കി-89-പോളണ്ട്
അലി മബ്ഖൗട്ട്-85-യു.എ.ഇ
ഹാരി കെയ്ൻ-ഇംഗ്ലണ്ട്-85
ഫെറൻക് പുസ്‌കസ്-ഹംഗറി-84
ലോകകപ്പ് പുറത്താകലിന് പിന്നാലെ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലാത്ത റൊണാൾഡോ ഇനിയും പ്രായം തളർത്താത്ത പോരാട്ടവീര്യം നടത്തി മുന്നേറാനാവും ലക്ഷ്യം വെക്കുക.
2026 ലോകകപ്പിൽ മൂന്ന് ഗോളുകൾ നേടിയാണ് റൊണാൾഡോ മടങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഉസ്ബെകിസ്ഥാനെതിരെ ഇരട്ട ഗോൾ നേടി തിളങ്ങിയ റൊണാൾഡോ ക്രൊയേഷ്യക്കെതിരെ ഒരു ഗോളും സ്വന്തമാക്കി.
സൗദി പ്രോ ലീഗിൽ അൽ നസറിന്റെയും അൽ ഹിലാലിന്റെയും പരിശീലകനായി പ്രവർത്തിച്ച ജീസസ് കഴിഞ്ഞ സീസണിൽ അൽ നാസറിനെ ലീഗ് കിരീടത്തിലേക്ക് നയിച്ച പരിശീലകൻ കൂടിയാണ്.
റൊണാൾഡോക്ക് സൗദിയിലെ ആദ്യ കിരീടം നേടിക്കൊടുത്ത പരിശീലകൻ പോർച്ചുഗലിനെ കളി പഠിപ്പിക്കാനെത്തുമ്പോൾ പഴയ അൽ നസറിലെ കൂട്ടുകെട്ട് ഇന്റർനാഷണൽ ഫുട്‌ബോളിലും കാണാൻ സാധിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
നേഷൻസ് ലീഗ്, 2028 യൂറോ കപ്പ് എന്നീ ടൂർണമെന്റുകളാണ് ഇനി പോർച്ചുഗലിന്റെ മുന്നിലുള്ളത്. ലോകകപ്പിലേറ്റ തിരിച്ചടികളിൽ നിന്നും പോർച്ചുഗലിന്റെ കരകയറ്റുകയെന്നതാവും പുതിയ പരിശീലകന്റെ ലക്ഷ്യം.
നേഷൻസ് ലീഗിൽ സെപ്റ്റംബർ 25ന് വെയ്‌ൽസിനെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. ടൂർണമെന്റ് ചാമ്പ്യന്മാരായ പോർച്ചുഗൽ കിരീടം നിലനിർത്താനാവും കളത്തിലിറങ്ങുക.
Content Highlight: Cristiano Ronaldo need four goals to create a new history in international football
