2026ലെ ബാലൺ ഡി ഓർ അവാർഡ് നേടാൻ ഏറ്റവും അർഹതപ്പെട്ട താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഫ്രഞ്ച് സൂപ്പർതാരം ഒസ്മാനെ ഡെംബലെ.
ഈ സീസണിലെ ബാലൺ ഡി ഓർ അവാർഡിന് പാരീസ് സെയ്ന്റ് ജെർമെയ്നിലെ തന്റെ സഹതാരമായ ക്വിച്ച ക്വാരറ്റ്സ്ഖേലിയയാണ് അർഹനെന്നാണ് ഡെംബലെ പറഞ്ഞത്. ഫാബ്രിസിയോ റൊമാനോയാണ് ഡെംബലെ ഇക്കാര്യം പറഞ്ഞതായി റിപ്പോർട്ട് ചെയ്തത്.
‘ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ക്വാരറ്റ്സ്ഖേലിയ. അദ്ദേഹം ബാലൺ ഡി ഓർ ജേതാവാകുന്നതിൽ ഞാൻ സന്തുഷ്ടനാണ്. എന്റെ അഭിപ്രായത്തിൽ അദ്ദേഹം ഇതിന് അർഹനാണ്,’ ഒസ്മാനെ ഡെംബലെ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ച താരമാണ് ക്വിച്ച. 16 മത്സരങ്ങളിൽ നിന്നും 10 തവണയാണ് താരം എതിരാളികളുടെ വലയിൽ പന്തെത്തിച്ചത്. ഏഴ് തവണ താരം തന്റെ സഹതാരങ്ങളെ കൊണ്ട് ഗോൾ അടിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ പി.എസ് ജിക്ക് വേണ്ടി 48 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 19 ഗോളുകളും 11 അസിസ്റ്റുകളും ആണ് നേടിയത്. ഒരു ഘട്ടത്തിൽ ബാലൺ ഡി ഓർ നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട താരമെന്ന് വിലയിരുത്തിയ ക്വിച്ച പിന്നീട് പുറകോട്ട് പോവുകയായിരുന്നു.
നിലവിൽ ഹാരി കെയ്ൻ, കിലിയൻ എംബാപ്പെ, ലാമിൻ യമാൽ, റോഡ്രി, എന്നിവരാണ് മുൻനിരയിലുള്ളത്. ബാലൺ ഡി ഓർ വിജയിയെ ഒക്ടോബർ 26നാണ് തെരഞ്ഞെടുക്കുക. ഇത്തവണ ബാലൺ ഡി ഓറിന് പുതിയ അവകാശിയുണ്ടാവുമോയെന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്.
Content Highlight: Ousmane Dembale revealed who the player most deserves to win the 2026 Ballon d’Or award
