മുംബൈ: സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷമായിട്ടും രാജ്യത്ത് ഇപ്പോഴും ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന തുടരുന്നത് ദൗര്‍ഭാഗ്യകരമെന്ന് ബോംബൈ ഹൈക്കോടതി. കുടുംബത്തിന് രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള അതൃപ്തിയില്‍ കൊച്ചുമകളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വൃദ്ധന് ജാമ്യം നിഷേധിച്ച് കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ 2023 ലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ഗോപിനാഥ് ജങ്കു പ്രധാന്‍ എന്നയാള്‍ കൊലപ്പെടുത്തിയത്. മകനും മരുമകള്‍ക്കും ജനിച്ച രണ്ടാമത്തെ പെണ്‍കുഞ്ഞിനെ കുടുംബം ആഗ്രഹിച്ചില്ലെന്നും അതിനാല്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ വെള്ളം നിറച്ച ടബ്ബില്‍ മുക്കി കൊന്നുവെന്നാണ് കേസ്.
കുഞ്ഞിന്റെ മരണത്തിന് പിന്നാലെ കുടംബാംഗങ്ങള്‍ ചേര്‍ന്ന് സംഭവം മറച്ച് വെക്കാന്‍ ശ്രമിച്ചതായി ജാമ്യപേക്ഷ തള്ളിക്കൊണ്ട് നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് എം.എം നെര്‍ലിക്കര്‍ പറഞ്ഞു.
കൊലപാതകം മറച്ച് വെച്ച് ആരോ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പ്രചാരണം നടത്തിയെന്നും ഏതെങ്കിലും മൃഗം കുഞ്ഞിനെ കൊണ്ടുപോയിരിക്കാമെന്ന തരത്തില്‍ കഥ പ്രചരിപ്പിക്കുകയും മൃതശരീരം പെട്ടെന്ന് സംസ്‌കരിക്കുകയും ചെയ്തതായും കേസ് ഡയറിയില്‍ പറയുന്നു.
‘സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്ത് ഇപ്പോഴും ആണ്‍കുഞ്ഞിനോടുള്ള മുന്‍ഗണന തുടരുന്നു എന്നത് അത്യന്തം ദുഃഖകരമാണ്. കുടുംബത്തിന് മറ്റൊരു പെണ്‍കുഞ്ഞ് വേണ്ടാത്തതിനാലാണ് ഈ നവജാത ശിശു കൊല്ലപ്പെട്ടത്,’ കോടതി ഉത്തരവില്‍ പറയുന്നു.
എന്നാല്‍ താന്‍ നിരപരാധിയാണെന്നും കേസിലെ മറ്റൊരു പ്രതിയായ കുഞ്ഞിന്റെ അമ്മക്ക് ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതി ജാമ്യം തേടിയത്. കേസിന്റെ സാഹചര്യങ്ങളും പ്രതികളുടെ പെരുമാറ്റവും കുറ്റകൃത്യം നടപ്പാക്കിയ രീതിയും പരിഗണിക്കുമ്പോള്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
കുഞ്ഞിന്റെ മരണത്തില്‍ സംശയം തോന്നിയ പ്രദേശവാസിയായിരുന്നു പൊലീസിനെ വിവരമറിയിച്ചത്. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെയാണ് മുങ്ങിമരണമാണെന്ന് കണ്ടെത്തിയത്.
Content Highlight: Preference for male children persists even 80 years after independence; Bombay High Court denies bail to accused who killed granddaughter.
