വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അധികാരം നല്‍കുന്ന ബില്ല് യു.എസില്‍ നിയമമായി മാറി. കഴിഞ്ഞ ദിവസം യു.എസ് കോണ്‍ഗ്രസിന്റെ പൊതു സഭ അംഗീകാരം നല്‍കിയ ബില്ലില്‍ ട്രംപ് ഇന്നലെ (സെപ്റ്റംബര്‍ 18, വെള്ളി) ഒപ്പുവച്ചതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. ട്രംപ് ഒപ്പുവച്ചതോടെ ഈ ബില്ല് നിയമമായി മാറുകയായിരുന്നു.
റഷ്യക്കും ഇറാനുമെതിരായ ഉപരോധ നടപടികള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ലിന്‍ഡ്സി ഒ. ഗ്രഹാം റഷ്യയ്ക്കും ഇറാനുമെതിരായ ഉപരോധ നിയമം 2026’ എന്ന നിയമത്തിനാണ് യു.എസ് ഇപ്പോള്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരായ തീരുവയ്ക്ക് പുറമെ ഇറാനെതിരായ ഉപരോധം 2031 വരെ നീട്ടുന്നതടക്കമുള്ള വ്യവസ്ഥകളും ഈ നിയമത്തിലുണ്ട്.
പ്രസിഡന്റ് ഒപ്പുവെച്ച് 30 ദിവസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരും. ഏതെല്ലാം രാജ്യങ്ങള്‍ തീരുവ നേരിടണം, എത്ര തീരുവ ചുമത്തണം, ഉപരോധ വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കണോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പ്രസിഡന്റ് ട്രംപിന് ഈ നിയമം കൂടുതല്‍ അധികാരം നല്‍കുന്നു.
ഇറാനെതിരായ നിലവിലുള്ള യു.എസ് ഉപരോധങ്ങളാണ് പുതിയ നിയമ നിര്‍മാണം പ്രകാരം 2031 വരെ നീട്ടുക. റഷ്യയ്ക്കെതിരായ ഉപരോധങ്ങള്‍, തീരുവകള്‍, മറ്റ് നിയന്ത്രണങ്ങള്‍ എന്നിവ വിപുലീകരിക്കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. റഷ്യയെ ലക്ഷ്യമിട്ടുള്ള നിരോധന നടപടികള്‍ക്കും നിയമം അംഗീകാരം നല്‍കുന്നു.
ഇറാനെതിരായ നിലവിലുള്ള ഉപരോധങ്ങളുടെ കാലാവധി 2026-ല്‍ അവസാനിക്കാനിരിക്കെയാണ് പുതിയ നിയമ നിര്‍മാണം വഴി ഇത് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുന്നത്. ഈ നീക്കത്തെ ‘സാമ്പത്തിക ഭീകരത’ എന്ന് ഇറാന്‍ വിശേഷിപ്പിക്കുകയും ചെയ്തു. റഷ്യക്കെതിരായ നിലവിലെ യു.എസ് ഉപരോധങ്ങളും പുതിയ നിയമ നിര്‍മാണം പ്രകാരം അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കും.
റഷ്യയുടെ ഊര്‍ജ്ജ മേഖല, വ്യക്തികള്‍, രഹസ്യ കപ്പല്‍ നിര (ഷാഡോ ഫ്ലീറ്റ്) എന്നിവയെ ഈ നിയമം ലക്ഷ്യമിടുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപിന് അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളെ ബാധിക്കുക.
റഷ്യന്‍ ക്രൂഡ് ഓയിലോ പ്രകൃതിവാതകമോ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്ത അഞ്ച് രാജ്യങ്ങള്‍ക്കെതിരെയാണ് പുതിയ ബില്ല് പ്രകാരം ആദ്യ ഘട്ടത്തില്‍ നടപടിയുണ്ടാവുക. ചൈന, ഇന്ത്യ, അസര്‍ബൈജാന്‍, ഹംഗറി, സ്ലൊവാക്യ എന്നിവയാണ് ഇത്തരത്തില്‍ റഷ്യന്‍ എണ്ണ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്ത അഞ്ച് രാജ്യങ്ങള്‍.
നിയമം പ്രാബല്യത്തില്‍ വരുന്ന തീയതിക്ക് മുന്‍പുള്ള 12 മാസത്തിനുള്ളിലെ എണ്ണ ഇറക്കുമതിയെയാണ് യു.എസ് ഇതിനായി കണക്കാക്കുന്നത്. ബില്ല് നിയമമായി 30 ദിവസത്തിന് ശേഷം അറിഞ്ഞുകൊണ്ട് റഷ്യന്‍ ക്രൂഡ് ഓയില്‍ പുതുതായി വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്താനും പുതിയ നിയമ നിര്‍മാണം പ്രകാരം ട്രംപിന് അധികാരം ലഭിക്കും.
റഷ്യയെ എണ്ണ ഉപരോധം മറികടക്കാന്‍ സഹായിക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങളില്‍ എല്ലാവര്‍ക്കുമെതിരെ 100 ശതമാനം വരെ തീരുവ ബാധകമാക്കാമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. റഷ്യന്‍ പ്രകൃതിവാതക ഇറക്കുമതി കുറയ്ക്കുന്നതിന് കാര്യമായ നടപടികള്‍ സ്വീകരിച്ച രാജ്യങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ടാവും. റഷ്യയുടെ ആകെ വാതക കയറ്റുമതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രം വാതകം ഇറക്കുമതി ചെയ്ത രാജ്യങ്ങള്‍ക്കും ഉപരോധത്തില്‍ ഇളവ് ലഭിക്കുമെന്നും ബില്ലില്‍ പറയുന്നു.
അന്തരിച്ച സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം ഒന്നര വര്‍ഷം മുമ്പാണ് ഈ ബില്‍ അവതരിപ്പിച്ചത്. ഗ്രഹാമിനോടുള്ള ആദര സൂചകമായി ബില്ലിന് നേതാവായ ഗ്രഹാമിനോടുള്ള ആദരസൂചകമായി ‘ലിന്‍ഡ്‌സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്റ്റ് ഓഫ് 2026’ എന്ന് പേര് നല്‍കുകയായിരുന്നു.
ഇറാനെതിരെ യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തുന്ന യുദ്ധത്തെയും, ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യപരമായ നടപടികളെയും ശക്തമായി പിന്തുണയ്ക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അന്തരിച്ച സെനറ്റര്‍ ഗ്രഹാം.
കഴിഞ്ഞ ബുധനാഴ്ചയാണ് ബില്ലിന് പ്രതിനിധി സഭ അംഗീകാരം നല്‍കിയത്. 159നെതിരെ 262 അംഗങ്ങളുടെ പിന്തുണയോടെ ബില്ല് സഭ പാസാക്കുകയായിരുന്നു. ഓഗസ്റ്റ് ഏഴിന് യു.എസ് സെനറ്റും ഈ ബില്ല് പാസാക്കിയിരുന്നു. എട്ടിനെതിരെ 11 വോട്ടിനായിരുന്നു ബില്ല് സെനറ്റ് പാസാക്കിയത്.
Content Highlight: 100% tariffs on India and others-Trump Signs New US Bill into Law
