ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ ഇറാനെതിരെ ഉപരോധ നീക്കങ്ങളുമായി എത്തിയ അമേരിക്കയ്ക്ക് വന്‍ തിരിച്ചടി. സമിതിയിലെ വിദഗ്ധ സംഘത്തിന്റെ കാലാവധി നീട്ടുന്നതിനായി അമേരിക്ക കൊണ്ടുവന്ന പ്രമേയം സ്ഥിരം അംഗങ്ങളായ റഷ്യയും ചൈനയും വീറ്റോ ചെയ്തു. ഫ്രാന്‍സിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
അമേരിക്ക സമര്‍പ്പിച്ച കരട് പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ 11 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ പാകിസ്ഥാനും സൊമാലിയയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ വിറ്റോ അധികാരമുള്ള റഷ്യയും ചൈനയും ശക്തമായി എതിര്‍ത്ത് വോട്ട് ചെയ്തതോടെ പ്രമേയം തള്ളുകയായിരുന്നു.
സെപ്റ്റംബര്‍ 26ന് കാലാവധി അവസാനിക്കാനിരിക്കുന്ന വിദഗ്ധ പാനലിന്റെ കാലാവധി ദീര്‍ഘിപ്പിക്കാനായിരുന്നു അമേരിക്കയുടെ ശ്രമം. എന്നാല്‍ ഈ വിഷയം രക്ഷാസമിതിയുടെ പരിഗണനാ വിഷയങ്ങളില്‍ പോലും ഉള്‍പ്പെടുത്താന്‍ നിയമപരമായ അടിത്തറയില്ലെന്ന് റഷ്യ നിലപാടെടുത്തു.
2015-ലെ ആണവ കരാറുമായി ബന്ധപ്പെട്ട യു.എന്‍ പ്രമേയം 2231 കഴിഞ്ഞ 2025 ഒക്ടോബര്‍ 18-ന് തന്നെ പ്രാബല്യത്തില്‍ ഇല്ലാതായതാണെന്നും, അതിനാല്‍ ഈ യോഗം തന്നെ നടപടിക്രമങ്ങളുടെ ലംഘനമാണെന്നും റഷ്യന്‍ പ്രതിനിധി വ്യക്തമാക്കി.
അനാവശ്യമായ രാഷ്ട്രീയ ഏറ്റുമുട്ടലുകളും സമ്മര്‍ദ തന്ത്രങ്ങളും ഒഴിവാക്കണമെന്ന് ചൈനയും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ മുന്‍പുണ്ടാക്കിയ തീരുമാനങ്ങളിലെ കാലാവധികള്‍ മാനിക്കപ്പെടണമെന്നും ചൈന കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെയും യു.എന്നിനെയും മുന്‍നിര്‍ത്തി അമേരിക്കയും ഇസ്രഈലും തങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ പ്രതിനിധി കുറ്റപ്പെടുത്തി.
ഇറാന്റെ ആണവ പദ്ധതികള്‍ പൂര്‍ണമായും സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും, മുന്‍ കരാറുകളുടെ കാലാവധി അവസാനിച്ചതിനാല്‍ യു.എന്നിന് ഇനി തങ്ങളുടെ മേല്‍ നിയമപരമായ അധികാരമില്ലെന്നും ഇറാന്‍ വ്യക്തമാക്കി.
Content Highlight: Setback for the US at the UN Security Council: Russia and China vetoed the anti-Iran resolution.
