മലയാള ചലച്ചിത്രരംഗത്ത് അഞ്ചു പതിറ്റാണ്ടോളമായി വില്ലൻ, സഹനടൻ എന്നീ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടനാണ് വിജയരാഘവൻ. പ്രശസ്ത നാടകകൃത്തും നടനുമായ എൻ. എൻ. പിള്ളയുടെ മകനായ വിജയരാഘവൻ 1973-ൽ പുറത്തിറങ്ങിയ കാപാലിക എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ന്യൂദൽഹി, റാംജി റാവു സ്പീക്കിംഗ്, ഏകലവ്യൻ എന്നീ ചിത്രങ്ങളിൽ വിജയരാഘവൻ അവതരിപ്പിച്ച വില്ലൻ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
പിന്നീട് മേലേപ്പറമ്പിൽ ആൺവീട്, സി.ഐ.ഡി. മൂസ, മേരിക്കുണ്ടൊരു കുഞ്ഞാട്, രാമലീല, പൂക്കാലം, കിഷ്കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 2023-ൽ പുറത്തിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിൽ വിജയരാഘവൻ, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാർ. ചിത്രത്തിലെ വിജയരാഘവന്റെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിത വിശേഷങ്ങൾ പങ്കുവെക്കുകയാണ് വിജയരാഘവൻ.

വിജയരാഘവൻ. Photo. X.com
അച്ഛനും അമ്മയും സഹോദരിയും അടക്കം കുടുംബമായി തന്നെ നാടകത്തിൽ അഭിനയിച്ചിരുന്നതുകൊണ്ട് കുടുംബത്തിലുള്ളവർക്ക് തങ്ങളോട് പുച്ഛമായിരുന്നു എന്ന് പറയുകയാണ് വിജയരാഘവൻ. അന്ന് അഭിനയം മോശപ്പെട്ട ഒരു കാര്യമായിട്ടാണ് പലരും കണ്ടിരുന്നതെന്നും അദ്ദേഹം പറയുന്നു.
‘അന്ന് നാടകത്തിലൊക്കെ അഭിനയിക്കുക എന്നത് വളരെ മോശപ്പെട്ട ഒരു കാര്യമായിട്ടാണ് കണ്ടിരുന്നത്. എന്റെ അച്ഛൻ, അമ്മ, അച്ഛന്റെ പെങ്ങൾ, എന്റെ പെങ്ങൾ, ഞാൻ ഒക്കെ അഭിനയിക്കുമായിരുന്നു. അതുകൊണ്ടുതന്നെ കുടുംബത്തിലുണ്ടായിരുന്ന പലരും ഞങ്ങളുടെ വീട്ടിൽ കയറുമായിരുന്നില്ല. നാട്ടുകാർ അഭിനയിക്കുന്ന കാര്യം പോട്ടെ, ആ പിള്ളേരെക്കൂടി അതിലേക്ക് വലിച്ചിടേണ്ട കാര്യം ഉണ്ടോ എന്നാണ് എന്റെ അച്ഛനെക്കുറിച്ച് അന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അവർക്കതൊക്കെ വലിയ കാര്യമാണ്. അന്ന് എൻ.എൻ. പിള്ളയും കുടുംബവും എന്നൊക്കെ പറഞ്ഞാൽ അത്രയ്ക്കും പുച്ഛമായിരുന്നു,’ നടൻ പറഞ്ഞു.
അച്ഛൻ ശാസിക്കുകയും മറ്റും ചെയ്യുമായിരുന്നെങ്കിലും തങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദബന്ധമായിരുന്നു നിലനിന്നിരുന്നത് എന്നും അദ്ദേഹം പറയുന്നു.
‘അതൊക്കെ കണ്ടാണ് ഞാൻ വളർന്നത്. കുട്ടിക്കാലം മുതൽ അച്ഛൻ എന്നോട് വളരെ ഫ്രണ്ട്‌ലിയായിട്ടാണ് പെരുമാറിയിരുന്നത്. തല്ലുകയും വഴക്കു പറയുകയുമൊക്കെ ചെയ്തിട്ടുണ്ട്. അച്ഛനോടും അമ്മയോടുമൊക്കെ എനിക്ക് ഭയങ്കര ബഹുമാനമായിരുന്നു; അതേസമയം അച്ഛൻ ഒരു സുഹൃത്തിനെപ്പോലെയും ആയിരുന്നു. എനിക്ക് ആദ്യമായിട്ട് മദ്യം തന്നത് അച്ഛനാണ്, അങ്ങനെ ഞങ്ങൾ തമ്മിൽ വലിയ അകൽച്ചയൊന്നും ഇല്ലായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ഇന്ന് തന്റെ മകനും കൊച്ചുമകളുമായും താൻ അത്തരത്തിലൊരു നല്ല ബന്ധമാണ് നിലനിർത്തുന്നതെന്നും വിജയരാഘവൻ പറഞ്ഞു. അഭിനയത്തെ ഒരു തൊഴിലായി കണ്ട് ജീവിതം ആസ്വദിക്കുന്നതുകൊണ്ടാണ് തനിക്ക് അതിനെല്ലാം സാധിക്കുന്നത് എന്നും നടൻ കൂട്ടിച്ചേർത്തു.

വിജയരാഘവൻ കുടുംബത്തോടൊപ്പം. Photo. Mathrubhnumi
‘ഇപ്പോൾ ഞാൻ എന്റെ മക്കളുമായി നല്ല അടുപ്പത്തിൽ തന്നെയാണ്. അതേ ബന്ധം തന്നെയാണ് എന്റെ കൊച്ചുമകളുമായിട്ടും, എനിക്ക് അവരുടെ പ്രായം പോലെയാണ്, ഒരുമിച്ച് കളിക്കുകയൊക്കെ ചെയ്യും. എനിക്ക് ഇപ്പോൾ അങ്ങനെയൊക്കെ ചെയ്യാൻ പറ്റുന്നത് ഞാൻ ഫ്രീയായിട്ടാണ് ഇരിക്കുന്നത് കൊണ്ടാണ്. ജീവിതം ശരിക്കും ആസ്വദിച്ച് സാധാരണ ഒരു മനുഷ്യനായിട്ടാണ് ജീവിക്കുന്നത്, അഭിനയം എന്നത് എന്റെ പ്രൊഫഷൻ മാത്രമാണ്, വിജയരാഘവൻ പറഞ്ഞു.
