ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ അഭിനേതാവെന്ന നിലയിൽ മലയാള സിനിമയിൽ തന്റെ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് സംഗീത് പ്രതാപ്. എഡിറ്ററായി സിനിമയിൽ കരിയർ ആരംഭിച്ച താരം സൈഡ് റോളുകളിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാൽ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ പ്രേമലു. ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രം താരത്തിന്റെ കരിയറിൽ വലിയൊരു ബൂസ്റ്റാണ് നൽകിയത്.
ബോക്സ് ഓഫീസ് വിജയം നേടിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ജോയലായുള്ള പെർഫോമൻസ് വരെ എത്തിനിൽക്കുകയാണ് സംഗീത്. താരത്തിന്റെ കരിയറിലെ വലിയൊരു ചുവടുവെപ്പാണ് ഇന്ന് തീയേറ്ററുകളിൽ എത്തിയ ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ. നവാഗതനായ ശ്യാമിൻ ഗിരീഷിന്റെ സംവിധാനത്തിൽ ഷറഫുദ്ദീൻ, അഖില ഭാർഗവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സംഗീത് പ്രതാപ്. Photo. X.com
റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ, സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവ്വം സിനിമയിൽ മോഹൻലാലിനോടൊപ്പം ഒരുമിച്ച് അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംഗീത് പ്രതാപ്. ചിത്രത്തിൽ മോഹൻലാലുമൊത്തുള്ള താരത്തിന്റെ കോമ്പിനേഷനും വലിയ കയ്യടി ലഭിച്ചിരുന്നു.
‘ഹൃദയപൂർവ്വം’ സിനിമയുടെ ചിത്രീകരണവേളയിൽ മോഹൻലാലിനൊപ്പം പങ്കുവെച്ച ദിവസങ്ങളാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും അനുഭവവും എന്ന് പറയുകയാണ് സംഗീത്. ആ ദിവസങ്ങളിലെ അന്തരീക്ഷം, ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ, പ്രത്യേകിച്ച് സത്യൻ അന്തിക്കാട്, മോഹൻലാൽ എന്നിവരുമായുള്ള കൂട്ടുക്കെട്ടിൽ നിന്ന് ലഭിച്ച അറിവുകൾ ഇനി ജീവിതത്തിൽ വീണ്ടും ലഭിക്കുമോ എന്ന് ഉറപ്പില്ലാത്തത്ര വിലപ്പെട്ടതാണ് എന്നും സംഗീത് കൂട്ടിച്ചേർത്തു.
‘മോഹൻലാലിനൊപ്പം അഭിനയിച്ച ആ ദിവസങ്ങൾ തന്നെയാണ് എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ നേട്ടം. അന്ന് നിന്ന സ്ഥലം, അവിടെയുണ്ടായിരുന്ന ആളുകൾ, പിന്നെ സത്യൻ സാറും ലാലേട്ടനുമൊക്കെ ഒപ്പമുണ്ടായിരുന്നപ്പോൾ ലഭിച്ച അനുഭവങ്ങൾ എല്ലാം ഇനി ജീവിതത്തിൽ കിട്ടുമോ എന്ന് അറിയില്ല, ഒരുപക്ഷെ ഉണ്ടായാലും അത് എങ്ങനെയായിരിക്കും എന്നും അറിയില്ല. ഞാൻ അതിനു മുമ്പും ശേഷവും ചെയ്ത സിനിമകൾക്കൊപ്പം തന്നെ, ഹൃദയപൂർവ്വത്തിൽ അഭിനയിച്ച ആ ദിവസങ്ങളെല്ലാം എനിക്ക് വലിയൊരു നിധിയാണ്,’ സംഗീത് പറഞ്ഞു.
തന്റെ ചെറുപ്പകാലത്ത് മോഹൻലാലും സത്യൻ അന്തിക്കാടും ഉണ്ടാക്കിയ സ്വാധിനത്തെ കുറിച്ച് നടൻ സംസാരിച്ചു. കുട്ടിക്കാലത്ത് ഒരു അച്ഛന്റെ സ്ഥാനത്തും സൂപ്പർഹീറോ ആയും മനസിൽ കണ്ടിരുന്നത് മോഹൻലാലിനെയാണ് എന്ന് സന്ദീപ് പറയുന്നു.
മനസ്സിനക്കരെ പോലെ കാണുമ്പോൾ മനസിന് സമാധാനം തരുന്ന സിനിമകൾ ഒരുക്കിയ സത്യൻ അന്തിക്കാടിന്റെ പടങ്ങളോടായിരുന്നു ഏറെ ഇഷ്ടം എന്നും സന്ദീപ് പറഞ്ഞു. ഇത്തരത്തിൽ ചെറുപ്പം തൊട്ടേ കണ്ടു ആരാധിച്ച ആ രണ്ട് വ്യക്തികൾക്കൊപ്പം, അവരുടെ ഉപദേശങ്ങൾ കേട്ട് അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്നും സന്ദീപ് പറഞ്ഞു.

ഹൃദയപൂർവം. Photo. X. Com
‘ലാലേട്ടനും സത്യൻ സാറുമൊക്കെ പറയുന്നത് നമ്മുടെ ചൈൽഡ്ഹുഡ് ആണ്. കാരണം നമ്മൾ കണ്ടുപഠിച്ചത് ഇവരെ നോക്കിയാണ്. നമ്മുടെയൊക്കെ ചെറുപ്പകാലത്ത് അച്ഛന്റെ സ്ഥാനത്തും സൂപ്പർഹീറോയായും മനസിൽ കണ്ടിരുന്നത് ലാലേട്ടനെയായിരുന്നു. അതുപോലെ ഒരു ടെക്നീഷ്യൻ എന്ന രീതിയിൽ എന്റെ ഫേവറിറ്റ് സിനിമകൾ സത്യൻ സാറിന്റേതായിരുന്നു.
വലിയ ഇന്റർനാഷണൽ സിനിമകളെക്കുറിച്ചൊക്കെ പലരും പറയുമ്പോൾ ഞാൻ പറയാറുണ്ടായിരുന്നത് മനസ്സിനക്കരെ പോലുള്ള സിനിമകളെക്കുറിച്ചായിരുന്നു. കാരണം അതൊക്കെ നമുക്ക് എന്നും സമാധാനം തരുന്ന സിനിമകളാണ്.
അങ്ങനെയുള്ള വ്യക്തികൾ പറഞ്ഞുതന്ന കഥകളും ഉപദേശങ്ങളും നിർദ്ദേശങ്ങളും കേട്ട് അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം തന്നെയാണ്. ഇതിനൊക്കെ പുറമെ ചിത്രത്തിന് ലഭിച്ച നല്ല പ്രതികരണമാണ് ഇതിന്റെയൊക്കെ ആകെത്തുകയായ സന്തോഷം,’ സംഗീത് പ്രതാപ് പറഞ്ഞു.
