ടെഹ്‌റാൻ: ചെങ്കടലിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ യെമനിലെ ഹൂതികളെ നിയന്ത്രിക്കാൻ ഇടപെടണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് ചൈന.

സൗദി അറേബ്യയുടെ അഭ്യർഥനയെ തുടർന്നാണ് നയതന്ത്രതലത്തിൽ ചൈന സമ്മർദം ശക്തമാക്കിയത് എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയായി ഇറാൻ പിന്തുണയുള്ള ഹൂതികൾ ചെങ്കടൽ തീരത്തും തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് ചുറ്റുമുള്ള മേഖലകളിലും സ്വാധീനം വർധിപ്പിച്ചിരുന്നു. ഇത് സൗദിയുടെ എണ്ണക്കയറ്റുമതിയെയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും ഗുരുതരമായി ബാധിച്ചതോടെയാണ് സൗദി ചൈനയുടെ സഹായം തേടിയത്.

സംഘർഷം ലഘൂകരിക്കാനും ചർച്ചകളിലൂടെ സുരക്ഷിത കപ്പൽ ഗതാഗതം പുനസ്ഥാപിക്കാനും പരസ്യമായി ആഹ്വാനം ചെയ്ത ചൈന, നയതന്ത്ര ചാനലുകൾ വഴി കൂടുതൽ കർശന സന്ദേശമാണ് ഇറാന് കൈമാറിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഹൂതികൾക്കുമേലുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിക്കുന്നത് തടയുകയാണ് ചൈനയുടെ പ്രധാന ലക്ഷ്യം.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയുടെ ചൈന സന്ദർശനവേളയിലാണ് വിഷയം ഉയർന്നുവന്നതെന്നാണ് സൂചന. എന്നാൽ, യു.എസ്- ഇസ്രഈൽ നീക്കങ്ങൾ അവസാനിക്കാതെ മേഖലയിൽ ശാശ്വത സമാധാനം സാധ്യമല്ലെന്നാണ് ഇറാൻ അധികൃതർ നൽകിയ മറുപടി.

അതേസമയം, ഹൂതികളെ നിയന്ത്രിച്ചില്ലെങ്കിൽ സാമ്പത്തിക സമ്മർദം ചെലുത്തുമെന്ന തരത്തിലുള്ള ഭീഷണികൾ ഒന്നും ചൈന മുന്നോട്ടുവെച്ചിട്ടില്ലെന്ന് ഇറാൻ വൃത്തങ്ങൾ വ്യക്തമാക്കി.

പ്രാദേശിക അസ്ഥിരത ഒരു രാജ്യത്തിനും ഗുണകരമല്ലെന്ന് ചൈനീസ് അധികൃതരും വ്യക്തമാക്കി. രാജ്യങ്ങളുടെ പരമാധികാരം മാനിക്കപ്പെടണമെന്നും, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് നയതന്ത്ര ചർച്ചകളിലേക്ക് കടക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

Content Highlight:China Urges Iran to Rein in Houthis Following Saudi Arabia’s Request for Intervention.