2017ല്‍ പുറത്തിറങ്ങിയ സര്‍വ്വോപരി പാലാക്കാരന്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരമാണ് മമിത ബൈജു. പിന്നീട് ഹണിബീ 2, വരത്തന്‍, ഡാകിനി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരം ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് മമിതയുടെ സ്റ്റാര്‍ഡം ഉയര്‍ത്തിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡി തന്നെ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.

Photo: X.com

മമിതയുടെ കരിയറില്‍ വഴിത്തിരിവായ ഗിരീഷ് എ.ഡി ചിത്രങ്ങളായ പ്രമലുവിലും സൂപ്പര്‍ ശരണ്യയിലും ഇപ്പോള്‍ ഹിറ്റടിച്ച ബെത്‌ലഹേം കുടുംബ യൂണിറ്റിലും നടന്‍ സംഗീത് പ്രതാപിന്റെ സാന്നിധ്യമുണ്ടായിരുന്നു. സൂപ്പര്‍ ശരണ്യയില്‍ ചെറിയ വേഷമായിരുന്നെങ്കില്‍ പ്രമലുവിലും ബെത്‌ലഹേമിലും വലിയ പ്രാധാന്യമുള്ള റോളിലായിരുന്നു സംഗീത് പ്രത്യക്ഷപ്പെട്ടത്.

അടുത്തിടെ കാര്‍ത്തിക്ക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമിത ബൈജുവിനെ ആദ്യമായി കണ്ട അനുഭവത്തെ കുറിച്ച് സംഗീത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സൂപ്പര്‍ ശരണ്യയുടെ ഷൂട്ടിങ് സമയത്തെ അനുഭവമാണ് താരം പങ്കുവെച്ചത്.

‘സൂപ്പര്‍ ശരണ്യയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ എനിക്ക് മമിതയെ ഒന്നും പരിചയമില്ല. എനിക്ക് ഒറ്റദിവസം മാത്രമായിരുന്നു ഷൂട്ടുള്ളത്. മമിതയുടെയും എന്റെയും ആദ്യത്തെ മെയിന്‍ സ്ട്രീം പടമായിരുന്നു അത്. ഞങ്ങള്‍ രണ്ട് പേരും അഭിനയിച്ച് കട്ടായിപ്പോയ ഒരു സീനുണ്ട് അതില്‍. ടേബിളിന്റെ അടിയിലൂടെ ഞാന്‍ അനശ്വരയുടെ കാലിന് തോണ്ടുന്ന സീനാണ്. ആള്‍ മാറി മമിതയുടെ കാലിന് തോണ്ടുമ്പോള്‍ എന്റെ കാലിന് അവള്‍ ചവിട്ടുന്നതാണ് സീന്‍. പടത്തില്‍ അങ്ങനത്തെ ലെവല്‍ കോഴിയായിരുന്നു ഞാന്‍, പക്ഷേ കട്ടായിപ്പോയി.

Photo: X.com

അത് കഴിഞ്ഞ് ഞാന്‍ എഡിറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ മമിത എന്റെ കുത്തിന് പിടിക്കുന്ന സീനുണ്ട്. അപ്പോഴെല്ലാം അവള്‍ സോഫ്റ്റായിട്ടാണ് ചെയ്തത്. അത് കണ്ടിട്ട് ശരിക്കും പിടിച്ചോളാന്‍ ഞാന്‍ പറഞ്ഞു. മമിത എന്ന പേരു പോലും അറിയില്ലായിരുന്നു. ചെയ്‌തോളാന്‍ പറഞ്ഞപ്പോള്‍ എന്റെ കോളര്‍ കീറിയെന്നാണ് തോന്നുന്നത്. അതെല്ലാം കഴിഞ്ഞ് പോരാന്‍ നേരത്താണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നത്,’ സംഗീത് പറഞ്ഞു.

Content Highlight: Sangeeth Prathap talks about mamitha Baiju