മലയാളത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയതിന് പിന്നാലെ തമിഴിലും ശക്തമായ സാന്നിധ്യമായി മാറുകയാണ് നടി മമിത ബൈജു. മലയാളത്തില്‍ ബെത്ലഹേം കുടുംബ യൂണിറ്റിലെ ആഷ്‌ലിയെ അതിഗംഭീരമായി അവതരിപ്പിക്കാന്‍ മമിതയ്ക്കായി. ചിത്രത്തെ ഒരു പരിധിവരെ ഷോള്‍ഡര്‍ ചെയ്തത് മമിത തന്നെയാണെന്ന് നിസംശയം പറയാം.

തമിഴില്‍ വിജയ്, സൂര്യ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പവും മികച്ച കഥാപാത്രങ്ങളെ മമിത അവതരിപ്പിച്ചുകഴിഞ്ഞു. ഓരോ സിനിമയെയും അതീവ ഗൗരവത്തോടെ സമീപിക്കുന്നതാണ് തന്റെ രീതിയെന്ന് പറയുകയാണ് മമിത.

തനിക്ക് ലഭിക്കുന്ന കഥാപാത്രത്തില്‍ ഒരു ചെറിയ പിഴവ് പോലും വരരുതെന്ന നിര്‍ബന്ധം ഉണ്ടെന്നും, കഥാപാത്രത്തെ പൂര്‍ണമായി മനസിലാക്കിയ ശേഷമാണ് സെറ്റിലെത്തുന്നതെന്നും മമിത പറയുന്നു. തമിഴ് സിനിമയില്‍ ഭാഷയുടെ വ്യത്യാസം ചിലപ്പോഴൊക്കെ വെല്ലുവിളിയാകാറുണ്ടെന്നും എന്നാല്‍ അതിനെ മറികടക്കാന്‍ ഡയലോഗുകള്‍ കുത്തിയിരുന്ന് പഠിക്കാറാണ് ചെയ്യുകയെന്നും താരം പറഞ്ഞു.

‘ഓരോ സിനിമ വരുമ്പോഴും അത്രയും സീരിയസ് ആയിട്ടാണ് അതിനെ കാണുന്നത്. അത്രയും ജെനുവിനായിട്ടുമാണ് സമീപിക്കുന്നത്. എന്റെ ക്യാരക്ടറിന് എവിടെയും ഒരു മിസ്റ്റേക്ക് വരാന്‍ പാടില്ല. സംവിധായകന്റെ നിര്‍ദേശത്തിന് അനുസരിച്ച് വേണം മുന്നോട്ട് നീങ്ങാനെന്ന് ഉറപ്പുവരുത്താറുണ്ട്,’ മമിത പറഞ്ഞു.

തമിഴ് സിനിമകളില്‍ ചില സമയത്ത് ഭാഷയുടെ വ്യത്യാസം കാരണം താന്‍ ഉദ്ദേശിക്കുന്ന ഇമോഷന്‍ കൃത്യമായി മനസിലാക്കാന്‍ കഴിയാതെ വന്നിട്ടുണ്ടെന്നും താരം പറയുന്നു. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ സംശയങ്ങള്‍ തീരുന്നതുവരെ ചോദിക്കാന്‍ മടിക്കാറില്ലെന്നും മമിത വ്യക്തമാക്കി.

‘ഭാഷയുടെ വ്യത്യാസം ഉള്ളതുകൊണ്ട് ചില സമയത്ത് എനിക്ക് എന്ത് ഇമോഷനാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നുണ്ടായിരുന്നില്ല. ഞാന്‍ വീണ്ടും വീണ്ടും ചോദിക്കും. അവര്‍ക്ക് ദേഷ്യം വന്നാലും കുഴപ്പമില്ല, എനിക്ക് ക്ലിയര്‍ ആകുന്നത് വരെ ചോദിക്കും. എല്ലാം ഫില്‍റ്റര്‍ ചെയ്ത്, രാത്രി എത്ര വൈകി ഇരുന്നാണെങ്കിലും പേജ് മുഴുവന്‍ ഉള്ള ഡയലോഗ് പഠിച്ച് പ്രിപ്പയര്‍ ചെയ്തിട്ടാണ് സെറ്റിലേക്ക് ചെല്ലുക,” മമിത പറഞ്ഞു.

സംവിധായകന്‍ അവസാന നിമിഷം ഡയലോഗിലോ സീനിലോ മാറ്റം വരുത്തിയാലും അത് ആത്മവിശ്വാസത്തോടെ ചെയ്യാന്‍ കഴിയണം എന്നതാണ് തന്റെ ലക്ഷ്യമെന്നും താരം പറയുന്നു.

”ഞാന്‍ വെല്‍ പ്രിപ്പേര്‍ഡ് ആണെന്ന് ഉറപ്പുവരുത്തും. ഡയറക്ടര്‍ ഏത് രീതിയില്‍ അത് മാറ്റിയാലും ഞാന്‍ അത് ചെയ്യാന്‍ ഏബിളായിരിക്കണം. ഡയലോഗ് മാറ്റിയാലും എനിക്ക് വലിയ പ്രശ്നമില്ലാതെ, നെര്‍വസ് ആകാതെ ചെയ്യാന്‍ പറ്റണം എന്നുള്ള ഒരു പരിപാടിയായിരുന്നു. ഒരു വര്‍ഷമായിട്ട് ഞാന്‍ അത് ഫോളോ ചെയ്യുന്നുണ്ട്,” മമിത പറഞ്ഞു.

അതിനായി ഷൂട്ടിന്റെ തിരക്കിനിടയിലും ഡയലോഗ് പഠിക്കാന്‍ സമയം കണ്ടെത്താറുണ്ട്. ഷൂട്ട് എത്ര വൈകി അവസാനിച്ചാലും അടുത്ത ദിവസത്തെ സീനുകള്‍ക്കായി തയ്യാറെടുക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാറില്ലെന്നും മമിത പറയുന്നു.

‘നാളെ ഒരു പേജ് ഡയലോഗ് ഉണ്ടെങ്കില്‍ ഞാന്‍ തലേദിവസം കുത്തിയിരുന്ന് പഠിക്കും. എത്ര രാത്രിയില്‍ ഷൂട്ട് കഴിഞ്ഞാലും ഞാന്‍ പഠിക്കും. രാത്രി 11 മണിക്ക് ഷൂട്ട് കഴിഞ്ഞാലും 2 മണിവരെ പഠിക്കും. പിറ്റേന്ന് രാവിലെ 5 മണിക്ക് ഷൂട്ടിന് പോകാനുണ്ടെങ്കില്‍ പോലും,’ മമിത പറഞ്ഞു.

സിനിമയോടുള്ള തന്റെ സമീപനത്തില്‍ വലിയ മാറ്റം വന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലാണെന്നും മമിത പറയുന്നു. സിനിമ ചെയ്ത് പോകുക എന്നതിലുപരി, ഓരോ കഥാപാത്രത്തെയും വലിയ ഉത്തരവാദിത്തമായി കാണാന്‍ തുടങ്ങിയെന്നും താരം വ്യക്തമാക്കി.

‘ചെറുതായി സിനിമ ചെയ്ത് പോകാം എന്നുള്ളതല്ലാതെ ഇതിനെ ഭയങ്കര സീരിയസ് ആയി കാണാന്‍ തുടങ്ങിയത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. നല്ല ക്യാരക്ടേഴ്‌സ് ഡെലിവര്‍ ചെയ്യുക എന്നത് വലിയ റെസ്‌പോണ്‍സിബിലിറ്റിയാണ്. അത്രയും ജെനുവിനായി സ്‌ക്രിപ്റ്റ് വായിച്ച് വായിച്ചാണ് ശരിയാക്കുന്നത്,’ മമിത പറഞ്ഞു.

Content Highlight: Actress Mamitha Baiju about Tamil Language and Script Study