ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് വിജയത്തിന് ഇന്ന് മൂന്ന് വയസ്. ടൂര്‍ണമെന്റിന്റെ 2023 എഡിഷനില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.
ലങ്കയുടെ സ്വന്തം തട്ടകമായ കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ കരുത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നായിരുന്നു അത്. ആതിഥേയരെ വെറും 50 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 263 പന്ത് ശേഷിക്കെ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ കാലിടറി. ലങ്കന്‍ ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ കുശാല്‍ പെരേരയെ വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ലങ്കയുടെ പതനത്തിന് തുടക്കമിട്ടത്. സില്‍വര്‍ ഡക്കായാണ് പെരേര മടങ്ങിയത്.
നാലാം ഓവറില്‍ മുഹമ്മദ് സിറാജും തന്റെ വേട്ടയാരംഭിച്ചു. ഓവറിലെ ആദ്യ പന്തില്‍ തന്നെ പാതും നിസങ്കയെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ച് സിറാജ് മടക്കി. നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് ലങ്കന്‍ ഓപ്പണര്‍ക്ക് നേടാന്‍ സാധിച്ചത്.
ശേഷമെത്തിയ സധീര സമരവിക്രമയെ സില്‍വര്‍ ഡക്കാക്കി പുറത്താക്കിയ സിറാജ് തൊട്ടടുത്ത പന്തില്‍ വിശ്വസ്തനായ ചരിത് അസലങ്കയെ ഇഷാന്‍ കിഷന്റെ കൈകളിലെത്തിച്ച് ഗോള്‍ഡന്‍ ഡക്കാക്കിയും മടക്കി.

Photo: BCCI/x.com
അവിടം കൊണ്ടും അവസാനിപ്പിക്കാന്‍ സിറാജ് ഒരുക്കമായിരുന്നില്ല. ധനഞ്ജയ ഡി സില്‍വയെ നാല് റണ്‍സിനും ക്യാപ്റ്റന്‍ ദാസുന്‍ ഷണകയെ പൂജ്യത്തിനും മടക്കി തന്റെ ഫൈഫറും പൂര്‍ത്തിയാക്കി. അധികം വൈകാതെ കുശാല്‍ മെന്‍ഡിസും സിറാജിന്റെ പേസിന് മുമ്പില്‍ അടിയറവ് പറഞ്ഞു.

Photo: BCCI/x.com
ബുംറ തുടക്കമിട്ടതും സിറാജ് കൊട്ടിക്കയറിയതുമായ ‘മേളത്തിന്’ കലാശം കൊട്ടിയത് ഹര്‍ദിക് പാണ്ഡ്യയാണ്. യുവതാരം ദുനിത് വെല്ലാലാഗെയുടേതടക്കം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി പാണ്ഡ്യ ലങ്കാദഹനം പൂര്‍ത്തിയാക്കി.
വെറും 15.2 ഓവറില്‍ 50 റണ്‍സിന് ശ്രീലങ്ക ഓള്‍ ഔട്ടായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, സ്ഥിരം ഓപ്പണങ് കോമ്പിനേഷനില്‍ നിന്ന് മാറി ഇഷാന്‍ കിഷന്‍ – ശുഭ്മന്‍ ഗില്‍ സഖ്യത്തെയാണ് കളത്തിലിറക്കിയത്. ഇരുവരും ചേര്‍ന്ന് വെറും 37 പന്തില്‍ ലങ്ക ഉയര്‍ത്തിയ വിജയലക്ഷ്യം മറികടന്ന് ഇന്ത്യയെ കിരീടമണിയിക്കുകയായിരുന്നു.

വെറും 126 മിനിറ്റില്‍ അവസാനിച്ച ഫൈനല്‍ ഇന്ത്യയുടെ ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയ വിജയങ്ങളിലൊന്നായി മാറി. സിറാജിന്റെ 6/21 ആയിരുന്നു ആ വിജയത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജിനെയാണ് ഫൈനലിലെ താരമായി തെരഞ്ഞെടുത്തത്. ടൂര്‍ണമെന്റിലെമ്പാടും ഒരുപോലെ തിളങ്ങിയ കുല്‍ദീപ് യാദവ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായി.
Content Highlight: 3 years of India’s 8th Asia Cup win
