ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഒപ്പമെത്തുന്ന ഫുട്‌ബോള്‍ മികവ് തനിക്കുമുണ്ടെന്ന് ബ്രസീലിയന്‍ ഇതിഹാസ താരം റൊമാരിയോ.
തനിക്ക് പുറമെ റൊണാള്‍ഡോ നസാരിയോ, റൊണാള്‍ഡീന്യോ എന്നീ ബ്രസീലിയന്‍ താരങ്ങളും ഇവരുടെ അതേ നിരയിലുള്ളവരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാറ്റനാച്ചിയോ ഇ കോണ്‍ട്രോപിയേഡെയ്ക്ക് നേരത്തെ നല്‍കിയ അഭിമുഖത്തിലാണ് റൊമാരിയോ ഇക്കാര്യം പറഞ്ഞത്.

റൊമാരിയോ
കാനറികളുടെ എക്കാലത്തെയും മികച്ച താരങ്ങളില്‍ പ്രധാനിയായ അദ്ദേഹം, തന്നെക്കാള്‍ മികച്ചതായി രണ്ട് താരങ്ങള്‍ മാത്രമേ ഫുട്‌ബോളില്‍ ഉണ്ടായിട്ടുള്ളൂവെന്നും വിശ്വസിക്കുന്നു.
രണ്ട് താരങ്ങളുടെ പേര് പറയുകയും അവരില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന റാപ്പിഡ് ഫയറിലാണ് റൊമാരിയോ തന്റെ അഭിപ്രായത്തിലെ മികച്ച താരങ്ങളെ തെരഞ്ഞെടുത്തത്.

റൊമാരിയോ
‘റൊമാരിയോ ആണോ സീക്കോ ആണോ മികച്ചത്’, ‘റൊമാരിയോ ആണോ ബെബെറ്റോ ആണോ മികച്ചത്’ എന്നുള്ള ചോദ്യങ്ങള്‍ക്കെല്ലാം റൊമാരിയോ സ്വന്തം പേരാണ് പറഞ്ഞത്.
റിവാള്‍ഡോ, അഡ്രിയാനോ, സുവാരസ്, നെയ്മര്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും തന്റെ പേര് ചോദിച്ചപ്പോഴും റൊമാരിയോ എന്ന് തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഫ്യൂച്ചര്‍ ലെജന്‍ഡുകളായ കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലണ്ട് എന്നിവരെക്കാളും മികച്ചത് താന്‍ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റൊമാരിയോ ആണോ റൊണാള്‍ഡോ (റൊണാള്‍ഡോ നസാരിയോ) എന്ന ചോദ്യത്തിന് രണ്ട് പേരും തുല്യരാണ് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൊണാള്‍ഡീന്യോ എന്നിവരുടെ പേര് ചോദിച്ചപ്പോഴും തനിക്ക് തുല്യരാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
തന്നെക്കാള്‍ മികച്ചതായി രണ്ട് താരങ്ങളെ മാത്രമാണ് റൊമാരിയോ തെരഞ്ഞെടുത്തത്. ഇതിഹാസ താരങ്ങളായ പെലെയും മറഡോണയുമാണ് തന്നെക്കാള്‍ മികച്ചതെന്ന് റൊമാരിയോ പറഞ്ഞു.
ബ്രസീലിനായി 70 മത്സരത്തിലാണ് താരം ബൂട്ടുകെട്ടിയത്. 55 ഗോളുകളും വലയിലാക്കി. നാഷണല്‍ ടീമിനൊപ്പം 1994ല്‍ ലോകകപ്പിലും മുത്തമിട്ടു.
ക്ലബ്ബ് തലത്തില്‍ ബാഴ്‌സലോണക്ക് വേണ്ടിയും ഡച്ച് ക്ലബ്ബായ പി.എസ്.വി ഐന്തോവാന് വേണ്ടിയുമാണ് താരം പന്ത് തട്ടിയത്. നിരവധി തവണ ഡച്ച് ലീഗ്, ലാ ലിഗ കിരീടങ്ങളും റൊമാരിയോ സ്വന്തമാക്കി. ക്ലബ്ബ് തലത്തില്‍ കളിച്ച 284 മത്സരത്തില്‍ നിന്നും 213 ഗോളുകളും 35 അസിസ്റ്റുമാണ് ബ്രസീല്‍ ഇതിഹാസത്തിന്റെ സംഭാവന.
Content Highlight: Brazilian legend Romario says he is a player on the same level as Messi and Ronaldo.
