മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് സംഗീത് പ്രതാപ്. എഡിറ്ററായി മലയാള സിനിമയിൽ എത്തിയ സംഗീത് 2024-ൽ ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്ററക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. എന്നാൽ അഭിനേതാവെന്ന നിലയിൽ താരം ശ്രദ്ധിക്കപ്പെടുന്നത് 2022-ൽ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിലൂടെയാണ്.
സംഗീതിനെ ഇൻഡസ്ട്രിയിൽ ആക്ടറെന്ന നിലയിൽ വലിയ രീതിയിൽ സഹായിച്ച ചിത്രമായിരുന്നു 2024-ൽ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു. ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രവും നസ്‌ലെനോടൊപ്പമുള്ള കോമ്പിനേഷനും സംഗീതിനെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ ഒരിക്കൽ കൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ചിരിക്കുകയാണ് താരം.

സംഗീത് പ്രതാപ്. Photo: Screen grab/ Youtube.com
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കി സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തുന്ന ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പ്രേമലു സിനിമാ സെറ്റിലെ വിശേഷങ്ങളും സിനിമാ വിഷയത്തെ കുറിച്ചും സംസാരിക്കുകയാണ് നടൻ സംഗീത് പ്രതാപ്.
‘പ്രേമലുവിലെ എല്ലാവരുമായിട്ടും ഞാൻ ഭയങ്കര കണക്ടഡാണ്. ബേസിക്കലി പ്രേമലുവിന് ശേഷം ഇവരെല്ലാവരുമായിട്ടും സിനിമ ചെയ്തിട്ടുള്ളത് ഞാനാണ്. അതിന് ശേഷം നസ്‌ലിനുമായി രണ്ട് സിനിമകൾ ചെയ്തു. മമിതയുമായിട്ട് ‘ബെത്‌ലഹേം’ ചെയ്തു. ഇപ്പോൾ ഞാനും അവളും ലീഡ് ചെയ്യുന്ന ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. ശ്യാമിനൊപ്പം ‘ബ്രോമാൻസും’ ‘ബെത്‌ലഹേമും’ ചെയ്തു,’ സംഗീത് പറഞ്ഞു.
സിനിമകൾക്കപ്പുറത്തും ഈ സൗഹൃദം തുടരുന്നുണ്ടെന്നും സംഗീത് പറയുന്നു. നസ്‌ലിനെയും മമിതയെയും ശ്യാമിനെയും ഇപ്പോഴും പതിവായി കാണാറുണ്ടെന്നും, ‘പ്രേമലു’ അവസാനിച്ചതിന് ശേഷവും എല്ലാവരും തമ്മിലുള്ള ആ കണക്ഷൻ നിലനിൽക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.
‘ഞാൻ നസ്‌ലെന്റെ അടുത്ത് എപ്പോഴും പോകാറുണ്ട്. മമിതയെ എപ്പോഴും കാണാറുണ്ട്. ശ്യാമിനെ എവിടെയെങ്കിലും എന്തെങ്കിലും പരിപാടികളൊക്കെയായി എപ്പോഴും കാണാറുണ്ട്. അപ്പോൾ ‘പ്രേമലു’ കഴിഞ്ഞതിന് ശേഷവും നമ്മൾ എല്ലാവരും തമ്മിൽ കണക്ഷൻ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കൂടെ തന്നെ ഇവരെല്ലാവരും ഉണ്ട്,’ സംഗീത് പറഞ്ഞു.
എന്നാൽ ‘പ്രേമലു’വിന്റെ സെറ്റിൽ സിനിമയെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകളായിരുന്നില്ല താരങ്ങളുടെ പ്രധാന പരിപാടിയെന്നും സംഗീത് വ്യക്തമാക്കി. എല്ലാവരും ഒരുമിച്ച് ഒരു ഹോസ്റ്റലിൽ താമസിക്കുന്നതുപോലെയുള്ള അന്തരീക്ഷമായിരുന്നെന്നും സിനിമാ കാര്യങ്ങളേക്കാൾ കളിയും യാത്രകളും തമാശകളുമൊക്കെയായിരുന്നു സെറ്റിലെ പ്രധാന അനുഭവമെന്നും താരം കൂട്ടിച്ചേർത്തു.
‘നമ്മൾ പ്രേമലുവിന്റെ സെറ്റിൽ സിനിമാ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നില്ല. ഞങ്ങൾ എല്ലാവരും ഒരു ഹോസ്റ്റലിൽ താമസിക്കുന്നതുപോലെ ഒരുമിച്ച് അന്താക്ഷരി ഒക്കെ കളിച്ച് ആ ഒരു മൂഡായിരുന്നു. ഒരു ഫാമിലി പോലെയുള്ള പരിപാടിയായിരുന്നു. സിനിമയെക്കുറിച്ച് അവിടെ ചർച്ച ഉണ്ടായിട്ടേയില്ല. അങ്ങനെ ആംബിഷ്യസായിട്ടുള്ള ഒരു സീരിയസ് ടോക്ക് ഞങ്ങളുടെ ഇടയിൽ ഉണ്ടായിട്ടില്ല. കറങ്ങാൻ ഒക്കെ പോയി ഞങ്ങൾ ഭയങ്കര ചില്ലായിരുന്നു,’ സംഗീത് പറഞ്ഞു.
അതേസമയം, ചിത്രത്തിന്റെ ആദ്യ ദിവസങ്ങളിൽ തനിക്ക് നേരിട്ടിരുന്ന ആശങ്കകൾ നസ്‌ലെനോട് പങ്കുവെച്ചിരുന്നെന്നും സംഗീത് പറയുന്നു. സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ചുള്ള ടെൻഷൻ ആദ്യ ആഴ്ച തന്നെ സുഹൃത്തായ നസ്‌ലിനോട് തുറന്നുപറഞ്ഞിരുന്നു എന്നും താരം വ്യക്തമാക്കി.

നസ്‌ലെൻ. Photo. Screen Grab/ Youtube
‘ഞാൻ ആദ്യ ആഴ്ച പ്രേമലു സെറ്റിൽ നസ്‌ലെനോട് പറഞ്ഞിട്ടുണ്ട്, ‘എടാ, എനിക്ക് ഇത് ചെയ്യാൻ പറ്റണില്ല. എന്ത് ചെയ്യും ഇങ്ങനെയാണ്, എന്ത് ചെയ്യും, പറ്റണില്ല മര്യാദക്ക്’ എന്നൊക്കെ. അല്ലാതെ ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഒരു സംസാരം ഉണ്ടായിട്ടില്ല,’ സംഗീത് കൂട്ടിച്ചേർത്തു.
Content Highlight: Actor sangeeth talks about naslen
