2026ലെ കാമ്പിയോണ്‍സ് കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്റര്‍ മയാമി. എം.എല്‍.എസ് ചാമ്പ്യന്മാരും ലിഗ എം.എക്‌സ് ചാമ്പ്യന്‍മാരും തമ്മിലുള്ള കലാശപ്പോരാട്ടത്തില്‍ ക്രൂസ് അസൂലിനെ വീഴ്ത്തിയാണ് മയാമി ചാമ്പ്യന്മാരായത്. സ്വന്തം തട്ടകമായ നു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മയാമി വിജയിച്ചുകയറിയത്.

ഒരു ഗോളും അസിസ്റ്റും നേടി തിളങ്ങിയ ലയണല്‍ മെസിയുടെ കരുത്തിലാണ് മയാമി വിജയം സ്വന്തമാക്കിയത്. ഇതോടെ ബാലണ്‍ ഡി ഓര്‍ റേസില്‍ മെസിയെ പിന്തുണച്ച് സംസാരിക്കുകയാണ് ഇന്റര്‍മയാമി പരിശീലകന്‍ കിലി ഗോണ്‍സാലസ്. മെസിയെപ്പോലെ മറ്റൊരു താരമില്ലെന്നും ബാലണ്‍ ഡി ഓര്‍ മെസിക്ക് തന്നെ ലഭിക്കുമെന്നും ഗോണ്‍സാലസ് പറഞ്ഞു.

‘മെസിയെപ്പോലെ മറ്റൊരു താരമില്ല. ബാലണ്‍ ഡി ഓര്‍ അദ്ദേഹത്തിന് തന്നെ ലഭിക്കും, അക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ പ്രായവും ലോകകപ്പിലെ പ്രകടനവും പരിഗണിക്കണം. ഫുട്‌ബോളില്‍ മാത്രമല്ല, മനുഷ്യനെന്ന നിലയിലും ജീവിതമൂല്യങ്ങളുടെ കാര്യത്തിലും അദ്ദേഹം എല്ലാവര്‍ക്കും നല്‍കുന്ന പ്രചോദനം വളരെ വലുതാണ്. അതുകൊണ്ട് തന്നെ മെസി വീണ്ടും ബാലണ്‍ ഡി ഓര്‍ നേടുന്നത് തികച്ചും അര്‍ഹമായ കാര്യമായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ മത്സരത്തിന് ശേഷം കിലി പറഞ്ഞു.

മെസിയുടെ ഫുട്‌ബോള്‍ കരിയറിലെ 49ാം കിരീട നേട്ടമാണിത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരവും മെസി തന്നെയാണ്. മയാമിക്കൊപ്പമുള്ള മെസിയുടെ അഞ്ചാം കിരീടമാണിത്. ഇന്റര്‍ മയാമിക്ക് വേണ്ടി അഞ്ച് കിരീടമാണ് താരം നേടിയത്.

ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷവും മെസി ഫുട്‌ബോളില്‍ തന്റെ ആധിപത്യം തുടരുകയാണ്. 2026ലെ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെതിരെ പരാജയപ്പെട്ടെങ്കിലും ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ റെയ്‌സില്‍ മെസിയും സജീവമായി തുടരുകയാണ്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച മെസി ക്ലബ്ബ് ഫുട്‌ബോളില്‍ മയാമിക്ക് വേണ്ടി മിന്നും പ്രകടനവുമായി മുന്നേറുകയാണ്.

ഫൈനലിലെ രണ്ടാം പകുതിയില്‍ ലീഡ് നേടാന്‍ മയാമിയും സമനില പിടിക്കാന്‍ സന്ദര്‍ശകരും മികച്ച നീക്കങ്ങള്‍ നടത്തി. ഒടുവില്‍ 81ാം മിനിട്ടില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം കാസെമിറോയിലൂടെ മയാമി രണ്ടാം ഗോളും സ്വന്തമാക്കി. മെസിയെടുത്ത കോര്‍ണറില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡ്ഡിലൂടെയാണ് ബ്രസീലിയന്‍ താരം ലക്ഷ്യം കണ്ടത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മെസിയും സംഘവും കിരീടം ചൂടുകയായിരുന്നു.

Content Highlight: Inter Miami coach Kily Gonzalez Talking About Lionel Messi