അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. നിലവില്‍ 2-0ന് മുന്നിലുള്ള ഇന്ത്യ, മൂന്നാമത്തെയും അവസാനത്തെയും മത്സരം കൂടി ജയിച്ച് പരമ്പര തൂത്തുവാരാനൊരുങ്ങുന്നത്.

മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകരും. മത്സരത്തില്‍ വെറും ഒറ്റ റണ്‍സ് നേടിയാല്‍ ഒരു തകര്‍പ്പന്‍ മൈല്‍സ്റ്റോണാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ 1500 റണ്‍സ് നേടാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്. നിലവില്‍ 68 മത്സരത്തിലെ 60 ഇന്നിങ്‌സില്‍ നിന്ന് 1499 റണ്‍സാണ് സഞ്ജു നേടിയത്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 27.25 എന്ന ആവറേജും 158.12 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.

അഫ്ഗാനെതിരായ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ 22 പന്തില്‍ നാല് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. 259.09 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്.

Content Highlight: Sanju Samson Need One Runs To Complete 1500 Runs In T-20 For India