മലയാള സിനിമയിലെ വ്യത്യസ്തമാർന്ന ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനാണ് ഹരിശ്രീ അശോകൻ. ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം, 1986-ൽ പുറത്തിറങ്ങിയ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

2019-ൽ പുറത്തിറങ്ങിയ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തും നടൻ അരങ്ങേറ്റം കുറിച്ചു. ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ ആണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറക്കും തളിക സിനിമയിലെ രസകരമായ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഹരിശ്രീ അശോകൻ.

ഹരിശ്രീ അശോകൻ. Photo. Screen Grab/ Youtube

‘ഈ പറക്കും തളിക’യിലെ മുട്ടയെറിയൽ രംഗം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഹരിശ്രീ അശോകൻ കഥാപാത്രങ്ങളിലൊന്നാണ്. എന്നാൽ ആ രംഗം ചിത്രീകരിക്കുന്നതിനായി എത്രത്തോളം മുട്ടകൾ ഉപയോഗിച്ചുവെന്നും ഷൂട്ടിനിടെ നേരിട്ട രസകരമായ അനുഭവങ്ങളുമാണ് ഹരിശ്രീ അശോകൻ പങ്കുവെക്കുന്നത്.

‘ഈ പറക്കും തളിക സിനിമയുടെ യൂണിറ്റുകാർ താമസിക്കുന്ന ഒരു വീടായിരുന്നു അത്. അവിടെയാണ് ഷൂട്ട് ചെയ്തിരുന്നത്. അവർക്ക് മൂന്നുനാലു ദിവസത്തേക്ക് അവിടെ താമസിക്കാൻ പറ്റിയില്ല. കാരണം അത് ക്ലീൻ ചെയ്ത് തുടച്ചിട്ടും അവിടെ ഭയങ്കര സ്മെല്ലായിരുന്നു. എന്നിട്ട് അവർ വേറെ എവിടെയോ ആണ് അന്ന് പാവങ്ങൾ താമസിച്ചത്,’നടൻ പറഞ്ഞു.

എത്രത്തോളം മുട്ടകൾ പൊട്ടിയെന്നറിയില്ലെങ്കിലും അന്ന് മുട്ട കുറേ എറിഞ്ഞ് പൊട്ടിയതും അല്ലാത്തതുമൊക്കെയുണ്ടായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

‘അത് വലിയൊരു വീടായിരുന്നു. എനിക്ക് തോന്നുന്നു, ആയിരത്തിലേറെ മുട്ടകൾ അന്ന് പൊട്ടിയിട്ടുണ്ട്. കാരണം ഷോട്ട് റെഡിയാകണ്ടേ. നമുക്ക് കാണുമ്പോൾ അത്ര തോന്നില്ല. ഷോട്ട് റെഡിയാകാതെയും അല്ലാതെയും കുറേ മുട്ടകൾ അന്ന് പൊട്ടിയിട്ടുണ്ട്. മുട്ട കുറേ എറിഞ്ഞ് പൊട്ടിയതും അല്ലാത്തതുമൊക്കെയുണ്ടാകും. ആ സീൻ കാണുമ്പോൾ തന്നെ അറിയാം എന്തോരം മുട്ടകളാണ് അന്ന് പൊട്ടിയതെന്ന്,’ അശോകൻ പറഞ്ഞു.

വലിയൊരു സെറ്റപ്പിലായിരുന്നു ആ രംഗം ചിത്രീകരിച്ചതെന്നും ഏകദേശം മൂന്ന് ദിവസത്തോളം ഷൂട്ട് നീണ്ടെന്നും അശോകൻ ഓർത്തെടുക്കുന്നു. പുറത്ത് നിന്ന് വന്ന് മതിൽ ചാടി വീടിനകത്ത് കയറുന്നതും പിന്നീട് വീട്ടിനുള്ളിലെ വിവിധ ആക്ടിവിറ്റികളും കഴിഞ്ഞാണ് മുട്ടയെറിയുന്ന രംഗത്തിലേക്ക് എത്തുന്നത്.

‘ആ സീൻ ഷൂട്ട് ചെയ്യാൻ ഏകദേശം മൂന്ന് ദിവസത്തോളം എടുത്തിട്ടുണ്ടായിരുന്നു. കാരണം അത് പുറത്ത് നിന്ന് വന്ന് മതിൽ ചാടി അകത്ത് കേറി, അതിന്റെ അകത്ത് കുറെ ആക്ടിവിറ്റീസ് വരുന്നുണ്ട്. അത് കഴിഞ്ഞ് കിച്ചണിൽ ചെന്ന് മുട്ടകൾ എറിഞ്ഞ് സ്റ്റെയർ കയറി കഴിഞ്ഞിട്ടൊക്കെയാണ് പിന്നെ അടി വരുന്നത്. അപ്പോഴാണ് ‘സൂക്ഷിച്ചു നോക്കണ്ട ഉണ്ണി, ഇത് ഞാനല്ല’ എന്ന ഡയലോഗ് ഒക്കെ പറയുന്നത്,’ താരം പറഞ്ഞു.

ആ ഡയലോഗ് നേരത്തെ എഴുതിവെച്ചിരുന്നതല്ലെന്നും നടൻ പറഞ്ഞു. ചിത്രീകരണത്തിനിടെ അഭിനേതാക്കൾക്കും ക്രൂവിനും ഇംപ്രൊവൈസ് ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നുവെന്നും അത്തരത്തിലുള്ള കൂട്ടായ ഇംപ്രൊവൈസേഷനിലൂടെയാണ് പല രസകരമായ രംഗങ്ങളും രൂപപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പറക്കും തളിക. Photo. IMDb

‘ഡയലോഗ് അപ്പോൾ ഞാൻ ഇട്ടത് ഒന്നുമല്ല. ഒന്നാമത് എന്താണെന്ന് അറിയോ, അതിൽ കുറേ പേരുണ്ട്. ഇപ്പോൾ ക്യാമറ അസിസ്റ്റൻസിന് വരെ നമുക്ക് ഇംപ്രവൈസ് ചെയ്യാൻ ഉണ്ടാവും. നമ്മൾ മാത്രമല്ല, അപ്പ് ചെയ്ത് വരാൻ നേരത്ത് കുറെ കിട്ടും. ചെയ്യുന്നതിന് മുമ്പ് നമ്മൾ എഴുതുമ്പോൾ കുറച്ച് ഉണ്ടാകും, അത് പിന്നെ ഇരുന്ന് ഇംപ്രൊവൈസ് ചെയ്യും. അതുകൊണ്ട് ദിലീപിന്റെ കൂടെ ചെയ്ത പടവും മണിയുടെ കൂടെ ചെയ്യുന്ന പടങ്ങളുമൊക്കെ ഭയങ്കര പിക്നിക്കാണ്,’അശോകൻ പറഞ്ഞു.

Content Highlight: Harishree Ashokan shares fun memories of working ‘parakkum thalika’