മലയാള സിനിമയിലെ വ്യത്യസ്തമാർന്ന ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനാണ് ഹരിശ്രീ അശോകൻ. ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം, 1986-ൽ പുറത്തിറങ്ങിയ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.
2019-ൽ പുറത്തിറങ്ങിയ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തും നടൻ അരങ്ങേറ്റം കുറിച്ചു. ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ ആണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പാണ്ടിപ്പട സിനിമയിലെ രസകരമായ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഹരിശ്രീ അശോകൻ.

ഹരിശ്രീ അശോകൻ. Photo. Screen Grab/ Youtube
പ്രകാശ് രാജ് തനിക്ക് ഏറെ ഇഷ്ടമുള്ള നടനും മികച്ച പെർഫോമറുമാണെന്ന് പറയുന്ന അശോകൻ, അദ്ദേഹത്തോട് താൻ ആദ്യം കുറച്ച് അകലം പാലിച്ചാണ് നിന്നിരുന്നതെന്നും പറയുന്നു. എന്നാൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രകാശ് രാജ് തന്നെ അടുത്തേക്ക് വിളിച്ച് സംസാരിക്കുമായിരുന്നു. വൈകുന്നേരങ്ങളിൽ തന്നെ വിളിച്ച് കൂടെ സമയം ചെലവഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നും താരം പറഞ്ഞു.
‘പുള്ളി നമ്മളെയായിട്ട് ഭയങ്കരമായി കമ്പനി കൂടുന്ന ആളായിരുന്നു. വൈകുന്നേരം ആകുമ്പോൾ അശോകനെ വിളിക്കൂ എന്നൊക്കെ പറഞ്ഞ് വിളിക്കും. പക്ഷേ ഇത്രയും വലിയൊരു ആർട്ടിസ്റ്റിന്റെ കൂടെ പോയി കമ്പനി കൂടുക എന്ന് പറയുമ്പോൾ എനിക്ക് ഒരു പേടിയായിരുന്നു. അതുകൊണ്ട് ഞങ്ങൾ പുറത്തൊക്കെ പോകും പ്രതേകിച്ച് ഞാനും ഇന്ദ്രൻസും, കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന് ഭക്ഷണം കഴിച്ച് കിടന്നുറങ്ങും,’ അശോകൻ പറഞ്ഞു.
എന്നാൽ ഒരു ദിവസം പ്രകാശ് രാജ് തന്നെ പിടികൂടുകയായിരുന്നു. ഹോട്ടലിന്റെ ടെറസിൽ ഷീറ്റ് കെട്ടിയൊരുക്കിയ സ്ഥലത്ത് ചീട്ടുകളിക്കാൻ വിളിച്ചു. ടിപി മാധവൻ അടക്കമുള്ളവരും അവിടെയുണ്ടായിരുന്നു. പൈസ വെച്ചുള്ള കളിയായിരുന്നു. ഒരു ഫുള്ളിന് 500 രൂപയായിരുന്നു. അതുവരെ വലിയ രീതിയിൽ ചീട്ടുകളിച്ചിട്ടില്ലാത്ത എന്റെ കൈയിൽ അന്ന് ആകെയുണ്ടായിരുന്നത് 2000 രൂപ മാത്രമായിരുന്നു എന്നും നടൻ പറഞ്ഞു.
ആദ്യ റൗണ്ടിൽ തന്നെ 500 രൂപ പോയി. പിന്നീട് 1500 രൂപ ബാക്കിയുള്ളപ്പോൾ കളി തുടർന്നു. ഇതിനിടയിലാണ് പ്രൊഡ്യൂസർ ഗിരീഷ് വൈക്കം എത്തുന്നത്. 500 രൂപയ്ക്കാണോ കളിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം 1000 രൂപയ്ക്ക് കളിക്കാൻ പറയുകയായിരുന്നു. അതോടെ ഞാൻ ആകെ പേടിച്ചു. കാരണം എന്റെ കയ്യിലുള്ളത് 1000 രൂപ മാത്രമായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
‘ഫുൾ 1000 രൂപ ആക്കണം എന്ന് പറഞ്ഞു. ആ കളി ഞാൻ പിടിച്ചു. പിന്നെ നാലെണ്ണം പിടിച്ചു. അങ്ങനെ മൂന്ന് ഫുൾ എനിക്ക് കിട്ടി. പിന്നത്തെ കളി വിളിച്ചപ്പോൾ ഒരെണ്ണം ഞാൻ സ്കൂട്ട് ചെയ്തു. പിന്നെയും ഞാൻ വിളിച്ചു, അതിലും ഫുൾ കിട്ടി. അങ്ങനെ കളിച്ചുകളിച്ച് ഞങ്ങൾ ഏകദേശം രാത്രി രണ്ട് മണി വരെ കളിച്ചു. അവസാനം എനിക്ക് 18,000 രൂപ കിട്ടി. അതിൽ പ്രകാശ് രാജ് സാറിന്റെ കയ്യിൽ നിന്ന് മാത്രം 8000 രൂപ എനിക്ക് കിട്ടി,’ അശോകൻ പറഞ്ഞു.
എന്നാൽ പിറ്റേന്ന് ലൊക്കേഷനിലെത്തിയപ്പോഴേക്കും തലേദിവസത്തെ ചീട്ടുകളിയുടെ വിവരം എല്ലാവരും അറിഞ്ഞിരുന്നു. പലരും അശോകനോട് കളിയുടെ കാര്യം ചോദിക്കാൻ തുടങ്ങി. റാഫി അടക്കമുള്ളവർ പ്രകാശ് രാജിനോടും തലേദിവസം പണം പോയോ എന്ന് അന്വേഷിച്ചു.

ഹരിശ്രീ അശോകൻ. Photo. Screen Grab/ Youtube
‘പിറ്റേന്ന് ലൊക്കേഷനിൽ ചെന്നപ്പോൾ ‘ഓ, ഇന്നലെ പ്രകാശ് രാജിന്റെ കൂടെ കളിച്ചിട്ട് 8000 രൂപ കിട്ടിയല്ലേ’ എന്നൊക്കെ പലരും ചോദിച്ചു. റാഫിയൊക്കെ വന്ന് പ്രകാശ് രാജ് സാറിനോട് ‘ഇന്നലെ പൈസ പോയോ’ എന്നൊക്കെ ചോദിച്ചു. അദ്ദേഹം ‘ആമാ, പോയി’ എന്നൊക്കെ പറഞ്ഞു. ഒരുപാട് പേർ, ആർട്ടിലെ ആളുകളും മറ്റുള്ളവരുമൊക്കെ ചോദിക്കാൻ തുടങ്ങിയപ്പോൾ പുള്ളി എല്ലാവരെയും വിളിച്ചുനിർത്തി മൈക്കിലൂടെ
‘ഇങ്കെ പാറുങ്കെ… ഇന്നലെ രാത്രി ഞാനും അശോകനും കൂടി രാത്രി ചീട്ട് വിളയാടിയിട്ട് എന്റെ കയ്യിൽ നിന്ന് 8000 രൂപ പോയി’ എന്ന് പറഞ്ഞു. എല്ലാവരും ചോദിക്കേണ്ടല്ലോ എന്ന് കരുതി പുള്ളി തന്നെ പറഞ്ഞതാണ്,’ ഹരിശ്രീ അശോകൻ പറഞ്ഞു.
പാണ്ടിപ്പടയുടെ ലൊക്കേഷനിൽ തനിക്ക് മറക്കാനാകാത്ത അനുഭവങ്ങളിലൊന്നായിരുന്നു അതെന്നും പ്രകാശ് രാജിനോട് വലിയ ഇഷ്ടവും അടുപ്പവുമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
Content Highlight: Harishree Ashokan shares fun memories of working with Prakash Raj in ‘Pandippada’
