മലയാള സിനിമയിലെ ജനപ്രിയ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. കുടുംബചിത്രങ്ങളും പ്രണയകഥകളും സാമൂഹിക പ്രമേയങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത അദ്ദേഹം, നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. തൊണ്ണൂറുകളുടെ അവസാനം മുതൽ സിനിമാരംഗത്ത് സജീവമായ ലാൽ ജോസ്, നിരവധി പുതുമുഖ താരങ്ങളെ പരിചയപ്പെടുത്തുകയും പല അഭിനേതാക്കളുടെയും കരിയറിൽ വഴിത്തിരിവായ ചിത്രങ്ങൾ ഒരുക്കുകയും ചെയ്ത സംവിധായകനാണ്.

ഇപ്പോഴിതാ എൽ.ജെ ടോക്സ് എന്ന തന്റെ യൂട്യൂബ് ചാനലിൽ, സിനിമാ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് ലാൽ ജോസ്.

ലാൽ ജോസ്. Photo. Screen Grab/ Youtube

ഓരോ സിനിമയ്ക്കും അനുയോജ്യമായ അഭിനേതാക്കളെ കണ്ടെത്തുന്നതിൽ തന്റേതായ രീതിയാണ് സംവിധായകൻ ലാൽ ജോസിനുള്ളത്. കഥയ്ക്കും കഥാപാത്രത്തിനും കൂടുതൽ വിശ്വസനീയത നൽകാൻ പലപ്പോഴും പുതുമുഖങ്ങളെ തെരഞ്ഞെടുക്കാറുണ്ടെന്നും, നീലത്താമര, നീന എന്നീ ചിത്രങ്ങളിലെ കാസ്റ്റിങ്ങിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ലാൽ ജോസ് തുറന്നുപറയുന്നു.

‘ഓരോ സിനിമയെയും ഞാൻ സമീപിക്കുന്ന രീതികൾ വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് നീലത്താമര എന്ന് പറഞ്ഞ സിനിമ അന്ന് ഉണ്ടായിരുന്ന വലിയ നടീനടന്മാരെ വെച്ച് ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ ആ സിനിമയുടെ ഭംഗി കിട്ടുമായിരുന്നു എന്ന് സംശയമായിരുന്നു. ചില സിനിമകളുടെ കഥ കേൾക്കുമ്പോൾ തന്നെ അത് പുതിയ ആളുകൾ ചെയ്താലേ കൂടുതൽ വിശ്വസനീയമാവുകയുള്ളൂ.

‘നീന’ എന്ന് പറഞ്ഞ സിനിമ, അതിൽ നളിനിയുടെ ക്യാരക്ടർ ഞാൻ കൊടുത്തത് ആൻ അഗസ്റ്റിനാണ്. പക്ഷെ നീനയുടെ കഥാപാത്രത്തിന് നിലവിൽ സിനിമയിലുള്ള ഒരു നടിയെയും അനുയോജ്യമായി തോന്നിയില്ല. കാരണം ആ കഥാപാത്രത്തിന്റെ രൂപമൊക്കെ എന്റെ മനസിലുള്ളത് വേറെ രീതിയിലായിരുന്നു. അതുകൊണ്ടാണ് മുംബൈയിലുള്ള ദീപ്തി സതി എന്നൊരു പുതിയ കുട്ടിയിലേക്ക് പോകേണ്ടി വന്നത്,’ അദ്ദേഹം പറഞ്ഞു.

പുതുമുഖ താരങ്ങളെ സിനിമയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും അതിന് പിന്നിലെ സംവിധായകന്റെ ഉത്തരവാദിതത്തെക്കുറിച്ചും ലാൽ ജോസ് സംസാരിച്ചു.

ലാൽ ജോസ്. Photo. Screen Grab/ Youtube

‘പുതുമുഖങ്ങളായിട്ടുള്ള നടീനടന്മാരെ അഭിനയിപ്പിക്കുന്നത് സിനിമയുടെ നന്മയ്ക്ക് വേണ്ടി തന്നെയാണ്. അതാത് സിനിമയ്ക്ക് വേണ്ട കഥാപാത്രങ്ങൾക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുക എന്ന് പറയുന്നത് ഒരു സംവിധായകന്റെ ഉത്തരവാദിതം കൂടിയാണ്. അത് നമ്മുടെ ജോലിയുടെ ഭാഗമായിട്ടുള്ള ഒരു കാര്യമാണ്, അത് ചെയ്തേ പറ്റൂ. പിന്നെ സിനിമ ഇറങ്ങി റിലീസ് ചെയ്യുന്ന സമയത്ത് സ്വാഭാവികമായും ‘ഇവരെ ആളുകൾക്ക് ഇഷ്ടപ്പെടുമോ’ എന്നൊരു പേടി ഉള്ളിൽ ഉണ്ടാവും,’ ലാൽ ജോസ് പറഞ്ഞു.

Content Highlight: Lal Jose on choosing newcomers who fit the characters