മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് വൈശാഖ്. പോക്കിരിരാജയിലൂടെ സംവിധാനരംഗത്തേക്ക് എത്തിയ അദ്ദേഹം മല്ലു സിംഗ്, മധുരരാജ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ മാസ് എന്റർടെയ്‌നർ ശൈലി ഉറപ്പിച്ചു. എന്നാൽ 2016ൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പുലിമുരുകൻ ആണ് വൈശാഖിന്റെ കരിയറിലെ നിർണായക ചിത്രമായത്.

മലയാള സിനിമയിൽ ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ ചിത്രമെന്ന ചരിത്രനേട്ടം പുലിമുരുകൻ സ്വന്തമാക്കിയതോടെ വൈശാഖും ശ്രദ്ധേയനായി. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരുക്കിയ ഖലീഫ ആയിരുന്നു വൈശാഖിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം.

വൈശാഖ്. Photo. Facebook

ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ താൻ ആദ്യമായി സംവിധാനം നിർവഹിച്ച പോക്കിരിരാജ സിനിമയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് അദ്ദേഹം.

പോക്കിരിരാജയുടെ ഷൂട്ടിങ്ങിന്റെ ഫസ്റ്റ് ദിവസൊക്കെ എനിക്ക് നല്ല ഓർമയുണ്ട്. അന്നൊന്നും നമുക്ക് സിനിമയുടെ സ്‌ക്രിപ്റ്റൊന്നും നേരത്തെ എഴുതിത്തരില്ല. ഒന്നുകിൽ തലേദിവസം, അല്ലെങ്കിൽ ഷൂട്ട് തുടങ്ങുന്ന ദിവസം രാവിലെ ഒക്കെയാണ് തരുക. അപ്പോൾ എന്റെ ഫസ്റ്റ് പടം ആണല്ലോ, എനിക്കാണെങ്കിൽ ഭയങ്കര ടെൻഷനും, എന്നിട്ട് ഞാൻ സ്‌ക്രിപ്റ്റ് റൈറ്റേഴ്സ് ആയ ഉണ്ണി ചേട്ടനോടും സിബി ചേട്ടനോടുമൊക്കെ പുറകെ നടന്ന് പറയുമായിരുന്നു, എനിക്ക് വായിക്കാൻ കുറച്ച് സീൻ തരുമോ എന്ന്.

അങ്ങനെ ഷൂട്ടിങ്ങിന്റെ തലേദിവസം എനിക്ക് മൂന്ന് സീൻ തന്നു. അതിലാണെങ്കിൽ വളരെ കുഞ്ഞു സീനുകൾ, പക്ഷെ ഒരുപാട് ആളുകളും സാധനങ്ങളും വണ്ടികളുമൊക്കെ ഉണ്ട് താനും. ഇത് കണ്ടതോടെ ‘ഇത് എങ്ങനെ എടുക്കും’ എന്ന് പറഞ്ഞ് ഒരേ ഇരിപ്പായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ആ കാലഘട്ടത്തിലെ സാങ്കേതിക പരിമിതികൾക്കിടയിലും പ്രേക്ഷകർക്ക് പുതിയ കാഴ്ചാനുഭവം നൽകാനുള്ള ആവേശമായിരുന്നു അന്നുണ്ടായിരുന്നതെന്നും വൈശാഖ് പറഞ്ഞു. എഡിറ്റിങ്ങിനിടെ പല രംഗങ്ങളിലും നടത്തിയ രസകരമായ പരീക്ഷണങ്ങളെക്കുറിച്ചും വൈശാഖ് ഓർത്തെടുത്തു.

‘അന്ന് പ്രേക്ഷകരെ അവർ കാണാത്ത കാര്യങ്ങൾ കാണിച്ചുകൊടുക്കുക എന്നൊരു എക്സൈറ്റ്മെന്റ് ആയിരുന്നു ഉണ്ടായിരുന്നത്. ഉദാഹരണത്തിന് മമ്മൂക്ക വരുന്ന ഒരു സീനിലേക്ക് വേണ്ടി വണ്ടികൾ ചോദിച്ചപ്പോൾ ഷോറൂമിൽ നിന്നും മറ്റുമൊക്കെയായി ഒരു പതിനഞ്ചെണ്ണം കിട്ടി.

പക്ഷെ എഡിറ്റിങ്ങിൽ ഇരുന്നപ്പോൾ ഇത് പോരല്ലോ എന്ന് പറഞ്ഞപ്പോൾ എഡിറ്റർ മഹേഷ്, അതിന് എന്താ ഇപ്പോൾ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് സ്‌ക്രീനിലെ കാർ എടുത്ത് ക്രോപ്പ് ചെയ്ത് പുറകോട്ട് പുറകോട്ട് വെക്കാൻ തുടങ്ങി. അങ്ങനെ കുറേ കാറുകൾ അവിടെ കൊണ്ടുവെച്ചു.

പോക്കിരിരാജ. Photo. IMDb

പിന്നെ ചില സീൻസിന് ഇവിടെ കുറച്ച് ഇടി വെട്ടുന്ന ഇഫക്ട് ഇടാം, കൊള്ളാമായിരിക്കും എന്ന് പറഞ്ഞു കുറേ എന്തൊക്കെയോ ചെയ്തു. ഈ ആഫ്റ്റർ ഇഫക്ട്സ് സോഫ്റ്റ്‌വെയർ ഒക്കെ വരുന്ന സമയമാണപ്പോൾ. അങ്ങനെ അതൊക്കെ വച്ച് ആ സിനിമയുടെ അകത്ത് ചെയ്യാൻ പറ്റുന്ന അക്രമമൊക്കെ ചെയ്തിരുന്നു. പക്ഷെ ഭയങ്കര ഫൺ ആയിരുന്നു അന്ന് എഡിറ്റിങ്ങൊക്കെ,’ വൈശാഖ് പറഞ്ഞു.

Content Highlight: Vysakh recalls the fun and creative editing experiments behind Pokkiri Raja