നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് മലയാള സിനിമയിൽ പുതിയ ബോക്‌സ് ഓഫീസ് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.

ആഗോളതലത്തിൽ 305 കോടിയിലേറെ കളക്ഷൻ നേടിയ ചിത്രം, 2025-ൽ പുറത്തിറങ്ങിയ ലോകഃ ചാപ്റ്റർ 1: ചന്ദ്ര നേടിയ 302.65 കോടിയുടെ കളക്ഷൻ മറികടന്ന് എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറി. ഇതോടെ ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിൽ ഇടംനേടുന്ന മലയാള ചിത്രമായും ഇത് മാറി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ബെത്‌ലഹേം കുടുംബ യൂണിറ്റ് വിജയകരമായി പ്രദർശനം തുടരുകയാണ്.

പ്രേമലു, ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നീ ബോക്സ് ഓഫീസ് ഹിറ്റുകളുടെ തിരക്കഥാകൃത്താണ് കിരൺ ജോസി. പൂവൻ എന്ന ചിത്രത്തിൽ സഹസംവിധായകനായി തുടക്കം കുറിച്ച കിരൺ, അനുരാഗ് എൻജിനീയറിങ് വർക്സ് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്.

കിരൺ ജോസി. Photo. Screen Grab/ Youtube

റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ ഗിരീഷ് എ.ഡി.യുമായുള്ള തിരക്കഥാ രചനയെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും സംസാരിക്കുകയാണ് കിരൺ ജോസി.

പ്രേമലു, ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നി സിനിമകളിൽ ഗിരീഷ് എ.ഡി.യും താനും ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത്, സിനിമയുടെ കഥയ്ക്ക് ഒരു വ്യക്തമായ ഘടന ഉണ്ടാക്കിയ ശേഷമാണ് തിരക്കഥ എഴുതിയിരുന്നെതെന്നും പറയുകയാണ് കിരൺ. തന്റെ ഷോർട്ട് ഫിലിം കണ്ട് അഭിനന്ദനം അറിയിച്ച് ഗിരീഷ് എ.ഡി. മെസ്സേജ് അയച്ചുകൊണ്ടാണ് ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞങ്ങൾ കാര്യങ്ങൾ തമ്മിൽ ചർച്ച ചെയ്തും പരസ്പരം ബൗൺസ് ചെയ്തും ആണ് എഴുതാറുള്ളത്. ആദ്യം ഒരുമിച്ചിരുന്ന് സിനിമ എന്താണെന്ന് മനസിലാക്കി ഒരു ഘടന ഉണ്ടാകും അതിനുശേഷമാണ് സീൻ ഓർഡർ ഉണ്ടാകുന്നത്. 2019-ൽ ഞാൻ ദൂരെ എന്നൊരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. അത് കണ്ടിട്ടാണ് ഗിരീഷേട്ടൻ എനിക്ക് ആദ്യമായി മെസേജ്‌ അയക്കുന്നത്.

പ്രൊഫഷണലായി ഒരുമിച്ച് ജോലി ചെയ്യാനല്ല, മറിച്ച് എന്റെ വർക്ക് കണ്ട് ഇഷ്ടപ്പെട്ട് അത് പറയാൻ വേണ്ടിയായിരുന്നു ആ മെസേജ്‌. പിന്നീട് അദ്ദേഹത്തിന്റെ മൂക്കുത്തി പോലുള്ള ഷോർട്ട് ഫിലിമുകൾ കണ്ട് ഞാൻ ഫേസ്ബുക്കിൽ മെസ്സേജ് അയച്ചതോടെ ബന്ധം വളർന്നു. സാധാരണക്കാർക്ക് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ കഥപറച്ചിൽ രീതിയായിരിക്കാം എന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്,’ കിരൺ പറഞ്ഞു.

എന്തുകൊണ്ടാണ് ഗിരീഷ് എ.ഡി. ചിത്രങ്ങളിൽ ടൂർ രംഗങ്ങൾ നിർബന്ധമായും ഉണ്ടാകുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് കിരൺ നൽകിയ മറുപടി ഇങ്ങനെയാണ്.

ഗിരീഷ് എ.ഡി. Photo. Screen Grab/ Youtube

‘അതിന്റെ യഥാർത്ഥ കാരണം ഗിരീഷേട്ടനോട് തന്നെ ചോദിക്കണം. സാധാരണ സിനിമകളിൽ സെക്കൻഡ് ഹാഫിലാണ് പേസിംഗ് ഡൗൺ ആവുന്ന പോയിന്റ് വരാറുള്ളത്, അതായത് പ്രധാന ക്ലൈമാക്സിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ള ഭാഗങ്ങൾ. ആ ഒരു ഘട്ടത്തിൽ ഗിരീഷേട്ടൻ ഒരു ടൂർ രംഗം പ്ലേസ് ചെയ്യുന്നത് എനിക്ക് വളരെ ബ്രില്ല്യന്റ് ആയിട്ടാണ് തോന്നിയിട്ടുള്ളത്.

പ്രേമലുവിലായാലും ബെത്‌ലഹേമിലായാലും വെറുതെ ഒരു ട്രിപ്പ് കൊണ്ടുവരികയല്ല ചെയ്യുന്നത്. അതിലൂടെ കഥ മുന്നോട്ട് കൊണ്ടുപോകാനോ എന്തെങ്കിലും സംഭവങ്ങൾ നടക്കാനോ ഉള്ള അവസരമുണ്ടാക്കുകയാണ് ചെയ്യുന്നത്. കഥാപരമായി പ്രാധാന്യമുള്ള കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് തന്നെയാണ് അദ്ദേഹം ആ ടൂർ പ്ലാൻ ചെയ്യുന്നത്,’ കിരൺ ജോസി പറഞ്ഞു.

Content Highlight: Kiran Josy talks about process  writing scripts with Gireesh A.D