കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഔദ്യോഗിക പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ താത്ക്കാലികമായി മരവിപ്പിച്ച നടപടിയിൽ കടുത്ത പ്രതിഷേധവുമായി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്.
കമ്മീഷന്റെ നിർദേശത്തെ തുടർന്ന് പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് വ്യാഴാഴ്ച രാത്രിയോടെ പാർട്ടി ബദൽ പേരുകളും പുതിയ ചിഹ്ന മുൻഗണനകളും ഇമെയിൽ വഴി സമർപ്പിച്ചു.
വ്യാഴാഴ്ച രാത്രി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലൂടെയാണ് ‘ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘പൂവും പുല്ലും’ ചിഹ്നവും തർക്കത്തിലുള്ള ഇരുവിഭാഗങ്ങളും ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് കമ്മീഷൻ വിലക്കിയത്.
ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനായി വെള്ളിയാഴ്ചയ്ക്ക് ഉള്ളിൽ പുതിയ പേരും ലഭ്യമായ സ്വതന്ത്ര ചിഹ്നങ്ങളിൽ നിന്നുള്ള മുൻഗണനകളും അറിയിക്കാൻ ഇരുവിഭാഗങ്ങളോടും നിർദേശിക്കുകയായിരുന്നു.
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരിനോട് സാമ്യമുള്ള പേരുകൾ നൽകാമെന്നും, അംഗീകാരമില്ലാത്ത രജിസ്റ്റർ ചെയ്ത പാർട്ടികൾക്കും സ്വതന്ത്രർക്കുമായി വിജ്ഞാപനം ചെയ്ത സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിൽ നിന്ന് ചിഹ്നം തിരഞ്ഞെടുക്കാമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിലുണ്ടായ ആഭ്യന്തര ഭിന്നതയും റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമായി അവകാശവാദം ഉന്നയിച്ചതുമാണ് നടപടിക്ക് ഇടയാക്കിയത്. അതേസമയം, തർക്കത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ ഉപതെരഞ്ഞെടുപ്പിനായുള്ള താത്ക്കാലിക ക്രമീകരണം മാത്രമാണിതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Content Highlight: Symbol and Party Name Frozen: Trinamool Congress Protests Strongly Against Election Commission; Submits New Names and Symbols.
