ഇന്ത്യയ്‌ക്കെതിരായ ടി-20 പരമ്പരയ്ക്ക് ന്യൂസിലാൻഡിന് വമ്പൻ തിരിച്ചടി. ന്യൂസിലാൻഡിന്റെ മികച്ച താരമായ രചിൻ രവീന്ദ്രക്കേറ്റ പരിക്കാണ് ഈ തിരിച്ചടിക്ക് കാരണം.
ന്യൂസിലാൻഡിലെ പ്രമുഖ സ്പോർട്സ് ചാനലും ഔദ്യോഗിക ബ്രോഡ്കാസ്റ്ററുമായ സ്കൈ ടെലിവിഷന് വേണ്ടിയുള്ള പ്രൊമോഷൻ ഷൂട്ടിനിടയിയിൽ രചിൻ രവീന്ദ്രയ്ക്ക് പരിക്ക് പറ്റിയിരുന്നു.
സെപ്റ്റംബർ 16ന് ഓക്ക്‌ലൻഡിൽ വെച്ച് നടന്ന ചിത്രീകരണത്തിൽ ഡൈവിങ് ക്യാച്ചിന് ശ്രമിക്കുന്നതിനിടെയാണ് രചിന്റെ വലത് തോളിന് അപകടം ഉണ്ടായത്. ഇതോടെ താരം കളിക്കളത്തിലേക്ക് മടങ്ങുന്നതിൽ വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്.

‘രചിന് പരിക്കേറ്റതിൽ ഞങ്ങൾക്ക് വലിയ സങ്കടമുണ്ട്. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിച്ച് മൈതാനത്തേക്ക് തിരിച്ചെത്തുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഞങ്ങളുടെ കളിക്കാർ ഉൾപ്പെടുന്ന എല്ലാ പരസ്യ ഷൂട്ടുകളെയും പോലെ, എല്ലാ കക്ഷികളും മുൻകൂട്ടി പ്രവർത്തനങ്ങൾ സമ്മതിച്ചിരുന്നു,
ഉചിതമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു. ഇത് ഒരു അസാധാരണ അപകടമായിരുന്നു, ഭാവിയിൽ ഇതുപോലുള്ള സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള ഞങ്ങളുടെ പ്രക്രിയകൾ ഞങ്ങൾ തുടർന്നും അവലോകനം ചെയ്യും,’ ന്യൂസിലാൻഡ് പെർഫോമൻസ് മാനേജർ മൈക്ക് സാൻഡിൽ പറഞ്ഞു.
തിരക്കേറിയ ടെസ്റ്റ് ഷെഡ്യൂൾ ഉള്ളതിനാൽ രവീന്ദ്രയുടെ കാര്യത്തിൽ ടീം ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കുമെന്ന് ന്യൂസിലാൻഡ് മുഖ്യ പരിശീലകൻ റോബ് വാൾട്ടർ അഭിപ്രായപ്പെട്ടു.
‘അടുത്ത ആറ് മാസത്തേക്ക് ടെസ്റ്റ് ക്രിക്കറ്റിന്റെ തിരക്കേറിയ ഷെഡ്യൂൾ ഉള്ളതിനാൽ, രചിനെ വളരെ വേഗത്തിൽ തിരിച്ചെത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ പുനരധിവാസത്തിന്റെ കാര്യങ്ങൾ മികച്ച രീതിയിലാണ് പോവുന്നത്. രചിൻ ഉടനെ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു,’ വാൾട്ടർ പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പര ഒക്ടോബർ 22 ന് ആരംഭിക്കും.
ന്യൂസിലാൻഡ്- ഇന്ത്യ ടി-20 പരമ്പരയുടെ ഷെഡ്യൂൾ (മത്സരം, തിയ്യതി, വേദി)
ഒന്നാം മത്സരം – ഒക്ടോബർ 22 – ഹാഗ്ലി ഓവൽ, ക്രൈസ്റ്റ്ചർച്
രണ്ടാം മത്സരം – ഒക്ടോബർ 24 – ഹാഗ്ലി ഓവൽ, ക്രൈസ്റ്റ്ചർച്
മൂന്നാം മത്സരം – ഒക്ടോബർ 27 – സ്കൈ സ്റ്റേഡിയം, വെല്ലിങ്ടൺ
നാലാം മത്സരം – ഒക്ടോബർ 30 – ഈഡൻ പാർക്ക് , ഓക്ക്‌ലാൻഡ്
അഞ്ചാം മത്സരം – നവംബർ 01 – സെഡൻ പാർക്ക്, ഹാമിൽട്ടൺ
പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. ന്യൂസിലൻഡ് ടീമിനെ അടുത്ത ആഴ്ച ആദ്യം പ്രഖ്യാപിക്കും.
Content Highlight: Rachin Ravindra injury Newzealand big setback against India series
