ന്യൂദല്‍ഹി: യു.പി.ഐ ഇടപാടുകള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ നിരക്ക് ഉടന്‍ പിന്‍വലിക്കണമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭീജിത് ദിപ്‌കെ. പുതിയ നടപടി സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു.പി.ഐ സംവിധാനം വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നോട്ടുനിരോധനത്തിന് പിന്നാലെ രാജ്യത്തെ ജനങ്ങളെ പണരഹിത ഇടപാടുകളിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയിരുന്നു.

എന്നാല്‍, യു.പി.ഐ സംവിധാനം ജനങ്ങള്‍ വ്യാപകമായി സ്വീകരിച്ച ശേഷമാണ് ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് ദീപ്‌കെയുടെ വിമര്‍ശനം.

പുതിയ നിരക്ക് സംവിധാനം ഉടന്‍ പിന്‍വലിക്കുകയും തീരുമാനം പുനപരിശോധിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യു.പി.ഐ ഇടപാടുകള്‍ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കെ അധിക സാമ്പത്തിക ബാധ്യത ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് തികഞ്ഞ കൊള്ളയാണെന്നാണ് എനിക്ക് തോന്നുന്നത്. യു.പി.ഐയില്‍ ചുമത്തുന്ന ചാര്‍ജുകള്‍ പിന്‍വലിക്കണം. നോട്ട് നിരോധനം നടപ്പിലാക്കിയപ്പോള്‍ നിങ്ങള്‍ (സര്‍ക്കാര്‍) പണരഹിത സമ്പദ് വ്യവസ്ഥയെക്കുറിച്ച് സംസാരിച്ചു.

ഇപ്പോള്‍ ആളുകള്‍ പണരഹിത സമ്പദ് വ്യവസ്ഥ സ്വീകരിച്ചതിനാല്‍ നിങ്ങള്‍ അതിനുള്ള നികുതി ചുമത്തുകയാണ്. ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണം,’ ദീപ്‌കെ പറഞ്ഞു.

പുതിയ നിരക്കിനെതിരെ കോണ്‍ഗ്രസ് എം.പി രാജീവ് ശുക്ലയും രംഗത്തെത്തിയതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. യു.പി.ഐ ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കില്ലെന്ന് നേരത്തെ ധനമന്ത്രാലയം വ്യക്തമാക്കിയിരുന്ന സാഹചര്യത്തില്‍ പുതിയ നടപടി പിന്‍വലിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

പുതിയ സംവിധാനത്തില്‍ 2,000 രൂപയ്ക്ക് മുകളിലുള്ള ചില വ്യക്തിയില്‍നിന്ന് വ്യാപാരിയിലേക്കുള്ള യു.പി.ഐ ഇടപാടുകള്‍ക്കാണ് നിരക്ക് ബാധകമാകുന്നത്. ഇടപാട് തുകയുടെ 0.4 ശതമാനമാണ് നിരക്ക്.

ഓരോ ഇടപാടിനും പരമാവധി 300 രൂപ വരെയാണ് ഈടാക്കുക. വ്യക്തിയില്‍നിന്ന് വ്യക്തിയിലേക്കുള്ള ഇടപാടുകള്‍ക്ക് ഈ നിരക്ക് ബാധകമല്ല.

Content Highlights: This is outright robbery; the new UPI fees must be withdrawn immediately: Abhijit Deepke.