കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും വിലക്കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിപ്പിച്ച് മുന്‍ മുഖ്യമന്ത്രിയും ടി.എം.സി മേധാവിയുമായ മമത ബാനര്‍ജി. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന യഥാര്‍ത്ഥ പേരും ‘പൂക്കളും പുല്ലും’ അടങ്ങിയ ചിഹ്നവും ഉപയോഗിക്കുന്നതില്‍ നിന്ന് മമത വിഭാഗത്തെ വിലക്കിയ കമ്മീഷന്‍ നടപടിയെ ചോദ്യം ചെയ്താണ് ഹരജി.

പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, വിഷയം പൂര്‍ണമായി പരിശോധിച്ച് തീരുമാനമെടുക്കുന്നത് വരെ ഇരു വിഭാഗങ്ങള്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും സംരക്ഷിത ചിഹ്നവും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇരു വിഭാഗങ്ങള്‍ക്കും പുതിയ പേരുകളും ചിഹ്നങ്ങളും അനുവദിച്ചു.

അരൂപ് റോയ് നേതൃത്വം നല്‍കുന്ന വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്’ എന്ന പേരും ‘തപാല്‍ കവര്‍’ ചിഹ്നവുമാണ് നല്‍കിയത്. എന്നാല്‍ മമത ബാനര്‍ജിയുടെ വിഭാഗത്തിന് ‘മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്’ എന്ന പേരും ‘ഫുട്‌ബോള്‍ കളിക്കാരന്‍’ ചിഹ്നവും അനുവദിച്ചു.

പശ്ചിമ ബംഗാള്‍, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ഇരു വിഭാഗങ്ങളെയും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളായി കമ്മീഷന്‍ നിലനിര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ അതിരൂക്ഷമായ ഭാഷയിലാണ് മമത ബാനര്‍ജി വിമര്‍ശിച്ചത്. പാര്‍ട്ടിയുടെ ഐഡന്റിറ്റി നഷ്ടപ്പെടുന്നത് ഒരു അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നതിന് തുല്യമാണെന്നും, ഇത് രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണെന്നും അവര്‍ പ്രതികരിച്ചു

ഇടക്കാല ഉത്തരവിലൂടെയുള്ള ഈ വിട്ടുവീഴ്ച അംഗീകരിക്കില്ലെന്നും, പാര്‍ട്ടിയുടെ യഥാര്‍ത്ഥ പേരും ‘പുല്ലും പൂക്കളും’ ചിഹ്നവും നിയമപരമായും രാഷ്ട്രീയമായും തിരിച്ചുപിടിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് ക്രെജ്രിവാളും തന്നെ ബന്ധപ്പെട്ടിരുന്നതായും മമത അറിയിച്ചു.

അതേസമയം മമതയുടെ വിഭാഗം നന്ദിഗ്രാമില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന സഞ്ചിത പ്രധാന്‍ ദേയ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതിന് പിന്നാലെ അവിടെ മത്സരിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന്‍ പ്രധാനെ പിന്തുണക്കുമെന്നും, ബി.ജെ.പിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും മമത കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മമതയുടെ പരസ്യ പിന്തുണയ്ക്ക് പിന്നാലെ മിലനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2007ലെ നന്ദിഗ്രാം പ്രക്ഷോഭവുമായി ബന്ധപ്പെട്ട പഴയൊരു കേസിലാണ് ബംഗാള്‍ പൊലീസ് മിലന്‍ പ്രധാനെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Move to freeze Trinamool’s name and symbol: Mamata Banerjee moves Supreme Court against the Election Commission.