2026ലെ ബാലൺ ഡി ഓർ അവാർഡ് ആര് നേടുമെന്ന കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. 2026 ബാലൺ ഡി ഓർ അവാർഡിനുള്ള 30 താരങ്ങളുടെ നോമിനേഷൻ പട്ടിക ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഒക്ടോബർ 26നാണ് ബാലൺ ഡി ഓർ അവാർഡ് പ്രഖ്യാപിക്കുക.
2026 ഫിഫ ലോകകപ്പ് നേടിയ സ്പെയിനിൽ നിന്നും ആറ് താരങ്ങൾ ഇടം നേടി. അർജന്റൈൻ ഇതിഹാസം ലയണൽ മെസി പട്ടികയിൽ തിരിച്ചെത്തിയത് ഏറെ ശ്രദ്ധേയമായി. ഹാരി കെയ്ൻ, ലാമിൻ യമാൽ, കിലിയൻ എംബാപ്പെ എന്നീ വമ്പൻ താരങ്ങളും ലിസ്റ്റിൽ ഇടം നേടി.
ഇപ്പോൾ ഈ വർഷത്തെ ബാലൺ ഡി ഓർ അവാർഡിന് അർഹതപ്പെട്ട താരം ആരാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബയേൺ മ്യൂണിക് ക്ലബ്ബിന്റെ ഓണറി പ്രസിഡന്റ് ഉലി ഹോണസ്.
ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നിനെയാണ് ബാലൻ ഡി ഓർ പുരസ്‌കാരത്തിന് ഹോണസ് പിന്തുണച്ചത്. മെസി ബാലൺ ഡി ഓർ നേടുകയാണെങ്കിൽ അത് വിഡ്ഢിത്തമായിരിക്കുമെന്നും ഹോണസ് അഭിപ്രായപ്പെട്ടു. വൺ ഫുട്ബോളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹോണസ്.
‘മെസിക്ക് ബാലൺ ഡി ഓർ നൽകുന്നത് വിഡ്ഢിത്തരമായിരിക്കും. ഹാരി കെയ്ൻ അത് അർഹിക്കുന്നു. ഈ വർഷം കെയ്ന് ലഭിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ് ലഭിക്കുക? എല്ലാ മത്സരങ്ങളിലും അവന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
എംബാപ്പെയുടെ കാര്യമാണെങ്കിൽ റയൽ മാഡ്രിഡ് ഈ വർഷം ഒരു കിരീടവും നേടിയിട്ടില്ല. എന്നാൽ കെയ്ൻ രണ്ട് കിരീടങ്ങൾ നേടി. ബാലൺ ഡി ഓർ കെയ്ൻ അർഹിക്കുന്നു. എന്റെ അഭിപ്രായം എന്താണെന്ന് അവനറിയാം. അതിനാൽ ഞാനത് വീണ്ടും വീണ്ടും പറയേണ്ട ആവശ്യമില്ല,’ ഹോണസ് പറഞ്ഞു.
ഈ സീസണിലെ ബാലൺ ഡി ഓർ നേടാൻ മുൻനിരയിലുള്ള താരങ്ങളിൽ ഒരാളാണ് ഹാരി കെയ്ൻ. 2025-26 സീസണിലെ മികച്ച ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് ഹാരി കെയ്നായിരുന്നു. ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനും വേണ്ടിയും നടത്തിയ അമ്പരപ്പിക്കുന്ന ഗോൾ വേട്ടയാണ് കെയ്‌നിനെ ഈ നേട്ടത്തിന് അർഹനാക്കിയത്.
യൂറോപ്പിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയതിന് പിന്നാലെ 2026ലെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കാനുള്ള താരങ്ങളുടെ മുൻനിരയിൽ കെയ്ൻ ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനൊപ്പം രണ്ട് കിരീടങ്ങളാണ് കെയ്ൻ സ്വന്തമാക്കിയത്. ബുണ്ടസ് ലീഗ കിരീടവും ഡി.എഫ്.ബി പോക്കലുമാണ് ജർമൻ വമ്പന്മാർക്കൊപ്പം കെയ്ൻ സ്വന്തമാക്കിയത്.

ബവേറിയൻസിന്റെ മുന്നേറ്റനിരയിൽ ശ്രദ്ധേയമായ പ്രകടനമായിരുന്നു കെയ്ൻ നടത്തിയിരുന്നത്. 61 ഗോളുകളാണ് ഇംഗ്ലണ്ട് താരം ബയേൺ മ്യൂണിക്കിന് വേണ്ടി അടിച്ചുകൂട്ടിയത്.
2026 ഫിഫ ലോകകപ്പിലും ഇംഗ്ലണ്ടിനൊപ്പം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സെമിയിൽ അർജന്റീനക്ക് മുന്നിൽ പരാജയപ്പെട്ട് കെയ്‌നും ഇംഗ്ലണ്ടിനും കിരീടം നഷ്ടമായെങ്കിലും ലോകകപ്പിലെ കെയ്‌നിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
ആറ് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് താരം തിളങ്ങിയത്. ലോകകപ്പ് ചരിത്രത്തിലെ തന്റെ ഗോൾ നേട്ടം 14 ആക്കി ഉയർത്താനും കെയ്നിന് സാധിച്ചിരുന്നു.10 ഗോളുകൾ നേടിയ മുൻ താരം ഗാരി ലിനേക്കറെ മറികടന്നാണ് ഇംഗ്ലണ്ട് നായകൻ കുതിച്ചത്.

ബാലൺ ഡി ഓർ വിജയിയെ ഒക്ടോബർ 26നാണ് തെരഞ്ഞെടുക്കുക. ഇത്തവണ ബാലൺ ഡി ഓറിന് പുതിയ അവകാശിയുണ്ടാവുമോയെന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്.
Content Highlight: Bayern Munich president says Harry Kane deserves to win the 2026 Ballon d’Or
