2026ലെ കാമ്പിയോണ്‍സ് കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്റര്‍ മയാമി താരം കാസെമിറോ ഇതിഹാസ താരം ലയണല്‍ മെസിയെക്കുറിച്ച് സംസാരിച്ചിരുന്നു. ഈ വിജയം പരമാവധി ആസ്വദിക്കണമെന്നും ഫുട്‌ബോളിനായി മെസി ചെയ്തതും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ അതിശയിപ്പിക്കുന്നതാണെന്നും കാസെമിറോ പറഞ്ഞു.

‘നമുക്ക് ചെയ്യാനുള്ള ഒരേയൊരു കാര്യം ഈ വിജയം ആസ്വദിക്കുക എന്നതാണ്. കാരണം, ഇത് എത്രകാലം നമുക്കൊപ്പമുണ്ടാകുമെന്ന്, എത്രനാള്‍ ഇത് തുടരുമെന്ന് നമുക്കറിയില്ല. അതുകൊണ്ട് തന്നെ അദ്ദേഹം നല്‍കുന്ന ഈ അത്ഭുതകരമായ പ്രകടനങ്ങള്‍ പരമാവധി ആസ്വദിക്കണം.

ഫുട്‌ബോളിനായി അദ്ദേഹം ചെയ്തതും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. അതിനാല്‍ അദ്ദേഹത്തോട് നന്ദി പറയുകയും ഈ നിമിഷങ്ങള്‍ ആസ്വദിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങള്‍ക്ക് ചെയ്യാനുള്ളത്. കാരണം, അദ്ദേഹം ഇപ്പോഴും ഏറ്റവും മികച്ച താരമാണ്.

അദ്ദേഹം അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ലോകകപ്പിലും അദ്ദേഹം അത് തെളിയിച്ചു, ഇപ്പോള്‍ അമേരിക്കന്‍ ലീഗിലും അത് തുടരുകയാണ്. അതുകൊണ്ട് മെസിക്കൊപ്പമുള്ള ഈ കാലഘട്ടം നാം ആസ്വദിക്കണം. മെസിയുണ്ടെങ്കില്‍ എല്ലാം കുറച്ചുകൂടി എളുപ്പമാകുന്നു,’ കരീടം നേടിയ ശേഷം കാസെമിറോ പറഞ്ഞു.

എം.എല്‍.എസ് ചാമ്പ്യന്മാരും ലിഗ എം.എക്‌സ് ചാമ്പ്യന്‍മാരും തമ്മിലുള്ള കലാശപ്പോരാട്ടത്തില്‍ ക്രൂസ് അസൂലിനെ വീഴ്ത്തിയാണ് മയാമി ചാമ്പ്യന്മാരായത്. സ്വന്തം തട്ടകമായ നു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മയാമി വിജയിച്ചുകയറിയത്. ഒരു ഗോളും അസിസ്റ്റും നേടി തിളങ്ങിയ ലയണല്‍ മെസിയുടെ കരുത്തിലാണ് മയാമിയുടെ വിജയം. 24ാം മിനിട്ടിലായിരുന്നു മെസിയുടെ ഹെഡ്ഡര്‍ ഗോള്‍ പിറന്നത്.

രണ്ടാം പകുതിയില്‍ ലീഡ് നേടാന്‍ മയാമിയും സമനില പിടിക്കാന്‍ സന്ദര്‍ശകരും മികച്ച നീക്കങ്ങള്‍ നടത്തി. ഒടുവില്‍ 81ാം മിനിട്ടില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം കാസെമിറോയിലൂടെ മയാമി രണ്ടാം ഗോളും സ്വന്തമാക്കി. മെസിയെടുത്ത കോര്‍ണറില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡ്ഡിലൂടെയാണ് ബ്രസീലിയന്‍ താരം ലക്ഷ്യം കണ്ടത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മെസിയും സംഘവും കിരീടം ചൂടുകയായിരുന്നു.

Content Highlight: Brazilian Football  Player Casemiro Praises The Great Lionel Messi