അന്താരാഷ്ട്ര ടി-20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തവണ പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഇടം നേടി അഭിഷേക് ശർമ.
അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയിലെ മാസ്മരിക പ്രകടനമാണ് ഇന്ത്യൻ യുവതാരത്തെ അവാർഡിന് അർഹനാക്കിയത്. മൂന്നാം തവണയാണ് ഈ ഇടംകൈയ്യൻ ബാറ്റർക്ക് പുരസ്ക്കാരം ലഭിക്കുന്നത്.
അഭിഷേകിന് പുറമെ ഹർദിക് പാണ്ട്യയും മൂന്ന് തവണ പ്ലെയർ ഓഫ് ദി സിരീസ് അവാർഡ് കരസ്ഥമാക്കിട്ടുണ്ട്. ഈ അവാർഡ് നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്‌ലിയും മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവുമാണ്. ആറ് തവണയാണ് ഇരുവരും അവാർഡ് കൈപ്പിടിയിലാക്കിയത്.
അന്താരാഷ്ട്ര ടി-20യിൽ ഏറ്റവും കൂടുതൽ തവണ പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ ഇന്ത്യൻ താരം, അവാർഡുകളുടെ എണ്ണം
വിരാട് കോഹ്‌ലി – 6 തവണ
സൂര്യകുമാർ യാദവ് – 6 തവണ
ഹർദിക് പാണ്ഡ്യ – 3 തവണ
അഭിഷേക് ശർമ – 3 തവണ
അഫ്ഗാൻ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും നിർണായകമായ സംഭാവനകൾ നൽകാൻ അഭിഷേകിന് സാധിച്ചു. ആദ്യ മത്സരത്തിൽ 32 പന്തിൽ ഏഴ് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 82 റൺസ് നേടിയ താരം രണ്ടാം മത്സരത്തിൽ 19 പന്തിൽ 39 റൺസ് നേടി കളംവിട്ടു.
എന്നാൽ ഇന്നലെ അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ അഭിഷേക് ഇറങ്ങിയതിന് ശേഷം പിറന്നത് ചരിത്രമായിരുന്നു. ടി-20യിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമായി അഭിഷേക് മാറി. 34 പന്തിൽ 108 റൺസാണ് ഇന്ത്യൻ ഓപ്പണർ അടിച്ചുകൂട്ടിയത്.

അഭിഷേക് ശർമയുടെ അഫ്‌ഗാനിസ്ഥാനെതിരായ ടി- 20 പരമ്പരയിലെ പ്രകടനങ്ങൾ
മത്സരങ്ങൾ – 3
റൺസ് – 229
സ്ട്രൈക്ക് റേറ്റ് – 269.41
ഇതിന് പിന്നാലെയാണ് പ്ലെയർ ഓഫ് ദി സീരീസായി അഭിഷേക് മാറിയത്.
അഭിഷേകിനൊപ്പം 35 പന്തിൽ 50 റൺസ് നേടി സഞ്ജുവും തിളങ്ങി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 20 പന്തിൽ 29 റൺസും ശിവം ദുബൈ 10 പന്തിൽ 14 റൺസും നേടി ഇന്ത്യയുടെ സ്കോറുയർത്താൻ പ്രധാന പങ്കുവഹിച്ചു. ക്യാപ്റ്റൻ ഇബ്രാഹിം സദ്രാനാണ് അഫ്‌ഗാനിസ്ഥാനായി ഏറ്റവും കൂടുതൽ റൺസ് നേടിയത്.
Content Highlight: Abhishek Sharma create a huge record in international T20
