ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ കണ്ടിറങ്ങുമ്പോൾ എടുത്തുപറയേണ്ട പ്രകടനങ്ങളിലൊന്നാണ് നടൻ വിജയരാഘവന്റേത്. ചിത്രത്തിൽ ഹാരിസ് മീരാൻ എന്ന മേൽപ്പൊലീസ് ഉദ്യോഗസ്ഥനായാണ് താരം എത്തുന്നത്. ഒരു കേസിന്റെ പിന്നാലെ പോകുന്ന ഹാരിസ് മീരാന്റെ അന്വേഷണ രീതിയും കഥാപാത്രത്തിന്റെ ഗൗരവവും ശരീരഭാഷയിലൂടെയും അഭിനയത്തിലൂടെയും കൃത്യമായി അവതരിപ്പിക്കാൻ വിജയരാഘവന് സാധിച്ചിട്ടുണ്ട്.
സമീപകാലത്തും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയശേഷി വീണ്ടും തെളിയിച്ച നടനാണ് വിജയരാഘവൻ. ‘കിഷ്കിന്ധാ കാണ്ഡത്തിലെ പ്രകടനത്തിലും കഥാപാത്രത്തിന്റെ സ്വഭാവവും മാനസിക ബുദ്ധിമുട്ടുകളും കൃത്യമായി അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. പിന്നീട് ‘പൂക്കാല’ത്തിലെ ഇട്ടൂപ്പും അടക്കമുള്ള കഥാപാത്രങ്ങളിലൂടെ പ്രായത്തിനും രൂപത്തിനും അപ്പുറത്തേക്ക് കഥാപാത്രമായി മാറാനുള്ള തന്റെ കഴിവ് വിജയരാഘവൻ വീണ്ടും കാണിച്ചു. ഇപ്പോഴിതാ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിൽ മറ്റൊരു വ്യത്യസ്ത വേഷത്തിലാണ് നടൻ എത്തുന്നത്.

ചിത്രത്തിൽ ഹാരിസ് മീരാൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് വിജയരാഘവൻ എത്തുന്നത്. പൊലീസ് ജീവിതത്തിനിടെ അന്വേഷിച്ച കേസുകളും അനുഭവങ്ങളും ഒരു പുസ്തകത്തിലൂടെ രേഖപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് ഹാരിസ് മീരാൻ. സ്വന്തം കഴിവിലും നിരീക്ഷണശക്തിയിലും വിശ്വാസമുള്ള അന്വേഷണ ഉദ്യോഗസ്ഥനെയാണ് ചിത്രത്തിൽ വിജയരാഘവൻ അവതരിപ്പിക്കുന്നത്. എന്നാൽ ഇത്തവണ അദ്ദേഹത്തിന് മുന്നിലുള്ള കേസ് കുറച്ചുകൂടി സങ്കീർണമാണ് എന്നതാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്.
നാല് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്ന ഹാരിസ് മീരാന് മുന്നിൽ കാര്യങ്ങൾ പതിയെ തെളിഞ്ഞുവരുമ്പോഴും കൃത്യമായ തെളിവിലേക്ക് എത്തുക അത്ര എളുപ്പമായിരുന്നില്ല. കേസന്വേഷണത്തിനിടെ നാല് പൊലീസുകാരാണ് സംഭവത്തിന് പിന്നിലെന്ന് ഹാരിസ് മീരാൻ മനസിലാക്കുന്നുണ്ട്. എന്നാൽ അതിനുള്ള കൃത്യമായ തെളിവ് കണ്ടെത്താൻ കഴിയുന്നില്ല. പരിചയ സമ്പന്നനും കേസുകൾ തെളിയിക്കാൻ അതീവ സമർത്ഥനുമായ പൊലീസ് ഓഫിസാറായി അനായാസമായി വിജയരാഘവൻ വേഷപ്പകർച നടത്തുന്നുണ്ട്.

ഹാരിസ് മീരാനെ അവതരിപ്പിക്കുന്നതിൽ വിജയരാഘവന്റെ ശരീരഭാഷയ്ക്കും വലിയ പങ്കുണ്ട്. യൂണിഫോം ധരിച്ചല്ല അദ്ദേഹം കേസന്വേഷണത്തിന് ഇറങ്ങുന്നത്. പക്ഷേ വേഷത്തിനപ്പുറം കഥാപാത്രത്തിന്റെ നടപ്പിലും നോട്ടത്തിലും സംസാരരീതിയിലും ഉള്ള ആത്മവിശ്വാസം അയാളെ ഒരു പൊലീസ് ഉദ്യോഗസ്ഥനായി പ്രേക്ഷകന് മുന്നിൽ നിർത്തുന്നുണ്ട്. ഒരു കേസിനെ സമീപിക്കുന്ന രീതി മുതൽ മറ്റുള്ളവരെ നിരീക്ഷിക്കുന്ന രീതി വരെ ഹാരിസ് മീരാന്റെ സ്വഭാവം പ്രകടനത്തിലൂടെ തന്നെ വ്യക്തമാകുന്നുണ്ട്.
അതേസമയം, ഹാരിസ് മീരാൻ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട് പാർവതി അവതരിപ്പികുന്ന അലീനയും നിർണായകമായ ഇടപെടലുകൾ നടത്തുന്നുണ്ട്. ഹാരിസ് മീരാൻ തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള കേസുകളുടെ രീതികളും അന്വേഷണ സമീപനങ്ങളും അലീന മനസിലാക്കിയിട്ടുള്ളത് അവൾക്ക് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ കണ്ടെത്താൻ സഹായിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനും കേസിൽ ഉൾപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയും തമ്മിലുള്ള ഈ ബുദ്ധിപരമായ ഏറ്റുമുട്ടലും സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

ഇവിടെയാണ് വിജയരാഘവന്റെ പ്രകടനം കൂടുതൽ ശ്രദ്ധേയമാകുന്നത്. വലിയ ഡയലോഗുകളിലൂടെയോ അമിതമായ മാനറിസങ്ങളിലൂടെയോ ഹാരിസ് മീരാനെ അവതരിപ്പിക്കാതെ, വളരെ നിയന്ത്രിതമായ പ്രകടനത്തിലൂടെയാണ് കഥാപാത്രത്തിന്റെ സ്വഭാവം അദ്ദേഹം പ്രേക്ഷകനിലേക്ക് എത്തിക്കുന്നത്. ഒരു നോട്ടം കൊണ്ടോ ചെറിയൊരു ഭാവമാറ്റം കൊണ്ടോ പോലും കഥാപാത്രത്തിന്റെ ചിന്തകൾ മനസിലാക്കാൻ കഴിയുന്ന തരത്തിലാണ് പല രംഗങ്ങളും വിജയരാഘവൻ അവതരിപ്പിച്ചിരിക്കുന്നത്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb
പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്ന പ്രധാന കഥാപാത്രം തന്നെയാണ് വിജയരാഘവൻ അവതരിച്ച ഹാരിസ് മീരാൻ. ആ കഥാപാത്രത്തിന് ആവശ്യമായ ഗൗരവവും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അധികാര ഭാവവും ഒരുമിച്ച് കൊണ്ടുവരാൻ വിജയരാഘവന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ ഓർമയിൽ നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്നുതന്നെയാണ് ഹാരിസ് മീരാനും, അതിന് പിന്നിലെ വിജയരാഘവന്റെ പ്രകടനവും.
Content Highlight: Vijayaraghavan shines in ‘Pratham Drishtya Kuttakkar’ with a standout performance
