ഈ വര്‍ഷത്തെ വിജയ ചിത്രങ്ങളിലൊന്നാണ് തുടക്കം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഓഗസ്റ്റില്‍ റിലീസായ തുടക്കം പല വമ്പന്‍ സിനിമകളുടെ കൂടെ പിടിച്ചുനിന്ന് 50 കോടിക്കടുത്ത് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കുകയും ചെയ്തു.

തിയേറ്റര്‍ റിലീസിന് പിന്നാലെ ചിത്രം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് തുടക്കം സ്ട്രീം ചെയ്യുന്നത്. തിയേറ്ററില്‍ അധികം വിമര്‍ശനം ലഭിക്കാതെ പോയ പല ഭാഗങ്ങളും ഒ.ടി.ടിയിലെത്തിയതോടെ ചര്‍ച്ചയായിരിക്കുകയാണ്. തരക്കേടില്ലാത്ത ആദ്യ പകുതിയും വലിച്ചുനീട്ടിയ രണ്ടാം പകുതിയുമാണ് ചിത്രത്തിനെന്ന് പലരും അഭിപ്രായപ്പെടുന്നു.

കൈവിട്ടുപോകേണ്ട സിനിമയെ താങ്ങി നിര്‍ത്തിയത് വിസ്മയ, ആശിഷ് ആന്റണി എന്നിവരുടെ ആക്ഷന്‍ സീനുകളാണെന്നും കമന്റുകളുണ്ട്. മോഹന്‍ലാലിന്റെ അതിഥിവേഷവും വിസ്മയയെ മോട്ടിവേറ്റ് ചെയ്യുന്ന ഡയലോഗും നന്നായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മോഹന്‍ലാലിന്റെ ഫൈറ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമയുടെ ടോട്ടല്‍ മൂഡില്‍ നിന്ന് മാറിയതുപോലെയാണ് ഈ ഫൈറ്റെന്നും ഇങ്ങനെയൊരു സീനിന്റെ ആവശ്യമില്ലെന്നും ഒരുകൂട്ടമാളുകള്‍ അഭിപ്രായപ്പെടുമ്പോള്‍ ജൂഡ് ആന്തണി എന്ന സംവിധായകന്റെ പ്രോപ്പര്‍ ഫാന്‍ സര്‍വീസായി മറ്റ് ചിലര്‍ ഈ ഫൈറ്റ് സീനിനെ പ്രശംസിക്കുന്നുണ്ട്. ഫൈറ്റിന് മുമ്പ് വാച്ചഴിച്ച് മറ്റൊരാള്‍ക്ക് നല്‍കുന്ന തരത്തിലുള്ള സീനുകള്‍ മികച്ചതായിരുന്നെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെട്ടു.

ഫൈറ്റ് സീക്വന്‍സുകള്‍ മാറ്റി നിര്‍ത്തിയാല്‍ രണ്ടാം പകുതിയിലെ പല സീനുകളിലും ആര്‍ട്ടിഫിഷ്യാലിറ്റി അനുഭവപ്പെട്ടെന്നും വിമര്‍ശനങ്ങളുണ്ട്. ക്ലൈമാക്‌സിന് മുമ്പുള്ള സ്ത്രീ ശാക്തീകരണ ഡയലോഗുകള്‍ ക്രിഞ്ചായിരുന്നെന്നും ടെക്‌നിക്കല്‍ ടീം നല്ലതായതുകൊണ്ട് മാത്രം ട്രോള്‍ ലഭിക്കാതെ രക്ഷപ്പെട്ടെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു. ആകെമൊത്തത്തില്‍ പ്ലാസ്റ്റിക് സ്ത്രീപക്ഷ സിനിമയെന്നാണ് തുടക്കത്തെക്കുറിച്ചുള്ള പലരുടെയും കമന്റ്.

കാര്യമായി അഭിനയിച്ച് ഫലിപ്പിക്കാനുള്ള സീനുകളില്ലെങ്കിലും ആദ്യ സിനിമയെന്ന രീതിയില്‍ വിസ്മയ നിരാശപ്പെടുത്തിയില്ലെന്നാണ് പൊതുവേയുള്ള പ്രതികരണം. ആക്ഷന്‍ സീനുകളില്‍ മോഹന്‍ലാലിനെപ്പോലെ ഫ്‌ളെക്‌സിബിളാണ് വിസ്മയയെന്നും കമന്റുകളുണ്ട്. ഡയലോഗുകളൊന്നുമില്ലാതെ വില്ലനിസം കൊണ്ട് സ്‌കോര്‍ ചെയ്ത ആശിഷിനെ പ്രശംസിച്ചും പലരും രംഗത്തെത്തി. വരുംദിവസങ്ങളില്‍ തുടക്കത്തിലെ കൂടുതല്‍ സീനുകള്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Mixed response for Thudakkam movie after OTT release