തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേര് ഉപയോഗിച്ച് പാര്‍ട്ടിയെ ലക്ഷ്യംവച്ചുള്ള കടന്നാക്രമണമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇ.ഡി) നടത്തുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം ദുര്‍ബലപ്പെടുത്തുന്നതിനുവേണ്ടി ഇന്ത്യയില്‍ ഉടനീളം വിവിധ രീതിയില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ശക്തമായ നിലപാട് സ്വീകരിക്കുന്ന കേരളത്തിന്റെ പ്രതിപക്ഷ നേതാവും പി.ബി അംഗവുമായ സഖാവ് പിണറായി വിജയനെ കള്ള കേസില്‍ കുടുക്കുന്നതുമായി ബന്ധപ്പെട്ട നിലപാടുകളാണ് ഇപ്പോഴും ഇ.ഡിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

എക്സലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് എഫ്.ഐ.ഒ പുറപ്പെടുവിച്ച ഉത്തരവില്‍ തന്നെ സഖാവ് പിണറായി വിജയന്റെ പേര് പരാമര്‍ശിച്ചു. അന്ന് തന്നെ ഞങ്ങള്‍ ഇത് കൃത്യമായിട്ട് പറഞ്ഞിരുന്നു.

കമ്പനിയുടെ കേസുമായി ബന്ധപ്പെട്ടതല്ല പ്രശ്നം, സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും അന്നത്തെ മുഖ്യമന്ത്രിയുമായ സഖാവ് പിണറായി വിജയനെ കേസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ സഖാവ് പിണറായി വിജയനെ കേസില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ പിണറായിക്കെതിരെയുള്ള നിലപാടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇ.ഡിയുടെ പുതിയ നീക്കം പിണറായിക്കെതിരെ മാത്രമാണെന്ന് ഞങ്ങള്‍ പറയില്ല. മറിച്ച് അത് സഖാവ് പിണറായിയുടെ പേര് ഉപയോഗിച്ച് പാര്‍ട്ടിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കടന്നാക്രമം തന്നെയാണ്.

അതില്‍ റിയാസിനെയും ഉള്‍പ്പെടുത്തിയതുകൊണ്ട് പാര്‍ട്ടിക്കെതിരായിട്ട് തന്നെയാണ്. വ്യക്തികളല്ല അവരെ സംബന്ധിച്ചിടത്തോളം ലക്ഷ്യം, പാര്‍ട്ടിയെയാണ്.

കേരളം തന്നെ തങ്ങളുടെ കൈവശം കൊണ്ടുവരും എന്നതാണ് അവര്‍ ഉദ്ദേശിക്കുന്നത് അതിന് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകര്‍ക്കാന്‍ തന്നെയാണ് സത്യം പറഞ്ഞാല്‍ ഈ നിലപാട് അവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

സി.എം.ആര്‍.എലില്‍ നടത്തിയ റെയിഡില്‍ അന്ന് കിട്ടി എന്ന് പറയുന്ന പുസ്തകത്തിന്റെ താളുകളില്‍ നിരവധി പേര്‍ക്ക് പണം കൊടുത്തു എന്ന കാര്യം എടുത്തു പറയുന്നുണ്ട്.

അതില്‍ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ളവര്‍ ആ പേരുകളില്‍ ഉണ്ട്. എന്ന് മാത്രമല്ല അവരത് കൃത്യമായിട്ട് സമ്മതിക്കുകയും ചെയ്തിട്ടുള്ളതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: The ED is launching a scathing attack targeting the party by invoking Pinarayi’s name: M.V. Govindan.