അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരിയിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 127 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 222 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 94 റണ്‍സിന് പുറത്താവുകയായിരുന്നു.

സൂപ്പര്‍ താരം അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. നേരിട്ട 30ാം പന്തില്‍ സെഞ്ച്വറി നേടിയ താരം 34 പന്തില്‍ 108 റണ്‍സുമായാണ് കളം വിട്ടത്. 11 സിക്സറും ഒമ്പത് ഫോറും അടക്കം 317.65 എന്ന വെടിക്കെട്ട് സ്ട്രൈക് റേറ്റിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ഇതോടെ ടി-20 ഫോര്‍മാറ്റില്‍ (ഫുള്‍മെമ്പര്‍) ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമാകാനും അഭിഷേകിന് സാധിച്ചിരുന്നു.

താരത്തിന് പുറമെ കളത്തിലിറങ്ങിയ ഇഷാന്‍ കിഷന്‍ എട്ട് പന്തില്‍ നിന്ന് ഒരു ഫോര്‍ ഉള്‍പ്പെടെ 10 റണ്‍സാണ് നേടിയത്. റഹ്‌മാനുള്ള ഗുര്‍ബാസിന്റെ ത്രോയില്‍ റണ്‍ ഔട്ട് ആവുകയായിരുന്നു കിഷന്‍. എങ്കിലും 10 റണ്‍സ് നേടിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

ടി-20 ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനാണ് കിഷന് സാധിച്ചത്. 2023ല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മുന്‍ ക്യാപ്റ്റന്‍ സര്യകുമാര്‍ യാദവാണ് ഈ റെക്കോഡില്‍ മുന്നിലുള്ളത്. 2026ല്‍ 902 റണ്‍സ് നേടിയാണ് ഇഷാന്‍ കിഷന്‍ ലിസ്റ്റില്‍ രണ്ടാമനായി മുന്നേറിയത്. റെക്കോഡില്‍ അഭിഷേക് ശര്‍മയെ മറികടന്നാണ് കിഷന്‍ മുന്നേറിയത്.

ടി-20 ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍

സൂര്യകുമാര്‍ യാദവ് – 1164 (2023)

ഇഷാന്‍ കിഷന്‍ – 902 (2026)*

അഭിഷേക് ശര്‍മ – 859 (2025)

വിരാട് കോഹ്‌ലി – 781 (2022)

അഭിഷേക് ശര്‍മ – 743 (2026)

മത്സരത്തില്‍ അഭിഷേകിന് പുറമെ സൂപ്പര്‍ താരം സഞ്ജു സാംസണും തിളങ്ങിയിരുന്നു. രണ്ട് ഫോറും നാല് സിക്സറും അടക്കം 35 പന്തില്‍ 50 റണ്‍സുമായാണ് താരം പുറത്തായത്. ശ്രേയസ് അയ്യര്‍ (20 പന്തില്‍ 29), ശിവം ദുബെ (പത്ത് പന്തില്‍ 14) എന്നിവരും ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ടു.

ഇന്ത്യയ്ക്കായി നിതീഷ് കുമാര്‍ റെഡ്ഡിയും രവി ബിഷ്ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്സര്‍ പട്ടേല്‍ രണ്ട് അഫ്ഗാന്‍ താരങ്ങളെ മടക്കിയപ്പോള്‍ ജസ്പ്രീത് ബുംറയും യാഷ് താക്കൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

16 പന്തില്‍ 25 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമര്‍സായ് രണ്ട് വിക്കറ്റും അബ്ദുള്ള അഹമ്മദ്സായ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: Ishan Kishan Surpass Abhishek Sharma In Great Record Achievement In T-20