ജിസ് ജോയ് സംവിധാനം ചെയ്ത് വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന താരമാണ് മഞ്ജുശ്രീ നായര്‍. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ മഞ്ജുശ്രീയും പ്രധാനവേഷം ചെയ്തിട്ടുണ്ട്. ചിത്രം കണ്ടവരാരും മറക്കാത്ത കഥാപാത്രമായിരുന്നു ആഷ്‌ലിയുടെ അമ്മയായ ബിജി.

ഭര്‍ത്താവിന്റെ മദ്യപാനം കാരണം സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റൊരു നാട്ടില്‍ താമസിക്കേണ്ടി വന്ന ബിജി എന്ന കഥാപാത്രമായി വേഷമിട്ടത് മഞ്ജുശ്രീ നായരായിരുന്നു. സ്ട്രിക്ടായ അമ്മയുടെ വേഷം വളരെ മനോഹരമായി മഞ്ജുശ്രീ അവതരിപ്പിച്ചു. മക്കളെ വിദേശത്തേക്ക് പറഞ്ഞയച്ച് അവരെക്കൊണ്ട് കുടുംബം രക്ഷപ്പെടുത്താന്‍ പ്ലാന്‍ ചെയ്യുന്ന ടിപ്പിക്കല്‍ അമ്മയാണ് ബിജി.

സിനിമയുടെ ഒരുഘട്ടത്തില്‍ പ്രേക്ഷകരുടെ വെറുപ്പ് മുഴുവന്‍ ഈ കഥാപാത്രം സ്വന്തമാക്കുന്നുണ്ട്. മകളുടെ റിലേഷനെ ബിജി സമീപിക്കുന്ന രീതി പലര്‍ക്കും റിലേറ്റബിളായിരുന്നു. ചിത്രത്തിന്റെ റിലീസിന് ശേഷം ലഭിച്ച പ്രതികരണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജുശ്രീ നായര്‍. ആദ്യം അഭിപ്രായം പറഞ്ഞത് മകളായിരുന്നെന്നും അത് കേട്ടിട്ട് തനിക്ക് ചിരി വന്നെന്നും മഞ്ജുശ്രീ പറഞ്ഞു. ബിയോണ്ട് ദി മൈക്കില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഈ മഴവില്ലിലും ഫ്‌ളവേഴ്‌സിലുമൊക്കെ കാണുന്ന മീമൊക്കെ വെച്ചാണ് എന്നെ കളിയാക്കിയത്. അതില്‍ ഒരു റിയാലിറ്റി ഷോയിലെ ഡയലോഗുണ്ടല്ലോ, ‘എന്തൊരു തള്ളയാണിത്’ ആ ഡയലോഗാണ് എന്നെ ട്രോളാന്‍ ഉപയോഗിച്ചത്. മകള്‍ ബാംഗ്ലൂരില്‍ പഠിക്കുകയാണ്. ഫസ്റ്റ് ഡേ തന്നെ പടം കണ്ടിട്ട് എനിക്ക് മെസേജയച്ചത് ഈ ഡയലോഗായിരുന്നു.

‘എന്തൊരു അമ്മയാടോ താന്‍, ആ കൊച്ചിന് കുറച്ച് സ്വസ്ഥത കൊടുത്തൂടെ’ എന്ന് ചോദിച്ചു. ക്ലൈമാക്‌സിന് മുമ്പുള്ള സീനില്‍ എന്റെ എന്‍ട്രി കണ്ടപ്പോള്‍ ആളുകള്‍ എന്റെ കഥാപാത്രത്തെ ചീത്ത വിളിക്കുകയായിരുന്നെന്ന് ഒരു ഫ്രണ്ട് പറഞ്ഞു. അവര്‍ക്കൊക്കെ എന്റെ പെര്‍ഫോമന്‍സ് അത്രമാത്രം കണ്‍വിന്‍സായതുകൊണ്ടാണ് അങ്ങനെ ചീത്ത വിളിക്കുന്നത്. ആര്‍ട്ടിസ്‌റ്റെന്ന നിലയില്‍ അതൊക്കെ സന്തോഷം തരുന്നുണ്ട്,’ മഞ്ജുശ്രീ പറയുന്നു.

റിലീസ് ചെയ്ത് നാലാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച മുന്നേറ്റമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് നടത്തുന്നത്. മലയാളത്തിലെ സര്‍വ്വകാലവിജയം സ്വന്തമാക്കാനും ബെത്‌ലഹേമിന് സാധിച്ചു. ബോക്‌സ് ഓഫീസില്‍ 310 കോടിയിലേറെ നേടിക്കഴിഞ്ഞു. കേരളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

Content Highlight: Manjusree Nair about the response after the release of Bethlehem Kudumba Unit