തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ മമിത അവതരിപ്പിച്ച ആഷ്‌ലിയുടെ അമ്മയായ ബിജി എന്ന കഥാപാത്രത്തെയാണ് മഞ്ജുശ്രീ നായർ അവതരിപ്പിച്ചത്.

ചിത്രത്തിലെ കർക്കശക്കാരിയായ അമ്മയുടെ വേഷം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയതോടെ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഗ്ലിക്സൺ എന്ന കഥാപാത്രത്തെ കുറിച്ചുള്ള തന്റെ രസകരമായ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് നടി. ബിജിയുടെ സ്വഭാവം വെച്ചുനോക്കുമ്പോൾ മകൾക്ക് വേണ്ടി നാട്ടിൽ നിന്നുള്ള ഒരാളെ വിവാഹം ആലോചിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് മഞ്ജുശ്രീ പറഞ്ഞു.

മഞ്ജുശ്രീ. Photo. Screen Grab/ Youtube.com

‘ബിജിയുടെ ഒരു ക്യാരക്ടർ അനുസരിച്ച് തന്റെ മകൾക്ക് അയർലൻഡിൽ നിന്നുള്ള വലിയൊരു പൈസക്കാരനെയായിരിക്കും ആലോചിക്കുക. ഇവിടെ നാട്ടിൽ നടക്കുന്നവരെ ഒന്നും ബിജി മകൾക്ക് വേണ്ടി പയ്യനെ നോക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ബിജി നോക്കുന്നത് എല്ലാം വലിയ എന്തോ സംഭവമാണ് എന്ന രീതിയിലാണ്. അതുകൊണ്ടാണല്ലോ മോളെ അയർലൻഡിൽ വിടുന്നത്. അപ്പോൾ അതിനനുസരിച്ച് സ്റ്റാറ്റസ് ഒക്കെയുള്ള ഒരാൾ മോൾക്ക് വരും എന്നായിരിക്കും അവർ ചിന്തിക്കുന്നത്. അതുകൊണ്ട് നാട്ടിലുള്ള ആരെയും മൈൻഡ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല,’ മഞ്ജുശ്രീ പറഞ്ഞു.

എന്നാൽ ഗ്ലിക്സണായി റോഷൻ ഷാനവാസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും മഞ്ജുശ്രീ പറയുന്നു. ആഷ്‌ലിയോടുള്ള ഗ്ലിക്സണിന്റെ താൽപര്യം മാത്രമല്ല, പെൺകുട്ടികളുടെ പിന്നാലെ നടക്കുന്ന അയാളുടെ സ്വഭാവവും കഥാപാത്രത്തെ രസകരമാക്കുന്നുണ്ടെന്നും മഞ്ജുശ്രീ കൂട്ടിച്ചേർത്തു.

‘റോഷൻ ക്യാരക്ടർ നന്നായി ചെയ്തിട്ടുണ്ട്. ഗ്ലിക്സണെ നമുക്കെല്ലാവർക്കും ഇഷ്ടമാകും. അവൻ എല്ലാ പെണ്ണുങ്ങളുടെയും പുറകെ പോകുന്നുണ്ട്. അങ്ങനെ എല്ലാ പെണ്ണുങ്ങളുടെയും പുറകെ നടന്നിട്ട് ഇത് തമാശയാണോ സീരിയസ് ആണോ എന്ന് നമുക്ക് അറിയില്ലല്ലോ. അതുകൊണ്ട് എന്റെ കഥാപാത്രമല്ലാതെ ചിന്തിക്കുകയാണെങ്കിലും എന്റെ അതേ ഭാവം തന്നെ ഉണർന്നുവരും,’ മഞ്ജുശ്രീ പറഞ്ഞു.

മഞ്ജുശ്രീ. Photo. Screen Grab/ Youtube.com

ഗ്ലിക്സൺ ആഷ്‌ലിയെ മാത്രം ലക്ഷ്യംവെച്ച് പ്രണയവുമായി എത്തിയ ഒരാളല്ലെന്നും അയാളുടെ സ്വഭാവത്തിന്റെ ഭാഗമായാണ് ഈ പെരുമാറ്റമെന്നും മഞ്ജുശ്രീ പറഞ്ഞു.

‘പിന്നെ അങ്ങനെ കുറേ ആളുകളുടെ പുറകെ പോകുന്ന ഒരു കോഴിയല്ല ഗ്ലിക്സൺ. ആ സമയത്ത് ആഷ്‌ലി ആയിരുന്നു അവിടെ ഉണ്ടായിരുന്നത്, അപ്പോൾ ആഷ്‌ലിയുടെ പുറകെ. പക്ഷേ ഇവന്റെ ഒരു ഹിസ്റ്ററി നോക്കുമ്പോൾ ഇവൻ എല്ലാവരുടെയും പുറകെ പോകുന്നു. ആരെങ്കിലും മതി, ഒന്ന് ചുറ്റിത്തിരിയണം എന്നുള്ള ഒരു മൂഡിലാണ് ഗ്ലിക്സനെ അവതരിപ്പിച്ചിരിക്കുന്നത്. പാവം മൈസൂർപാക്ക് ഒക്കെ കൊണ്ടുകൊടുത്തു,’ മഞ്ജുശ്രീ കൂട്ടിച്ചേർത്തു.

Content Highlight: Actress manjusree talks about glikson character