ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പരയിലെ കഴിഞ്ഞ ദിവസം നടന്ന മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര ക്ലീന്‍ സ്വീപ് ചെയ്തിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 127 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
അഭിഷേക് ശര്‍മയുടെ സെഞ്ച്വറിയുടെയും സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 94 റണ്‍സിന് പുറത്താവുകയായിരുന്നു.
അഭിഷേക് 34 പന്തില്‍ 108 റണ്‍സ് നേടിയപ്പോള്‍ 35 പന്തില്‍ 50 റണ്‍സുമായാണ് സഞ്ജു കളം വിട്ടത്.
അഭിഷേക് ഒറ്റയ്ക്ക് നേടിയതിനേക്കാള്‍ കുറവ് റണ്‍സ് മാത്രമാണ് അഫ്ഗാന്‍ ടീമിലെ എല്ലാവര്‍ക്കും ചേര്‍ന്ന് നേടാന്‍ സാധിച്ചത്. ഇന്ത്യയുടെ ടി-20 ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് ടീമിലെ ഒരാള്‍ എതിരാളികള്‍ ചേര്‍ന്നെടുത്ത റണ്‍സിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടുന്നത്. അഞ്ചില്‍ രണ്ട് തവണയും അഭിഷേക് തന്നെയാണ് വെടിക്കെട്ട് തീര്‍ത്തത് എന്നതും ശ്രദ്ധേയമാണ്.

Photo: BCCI/x.com
ടി-20യില്‍ എതിര്‍ ടീമിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – സ്‌കോര്‍ – എതിരാളികള്‍. സ്‌കോര്‍ ബ്രാക്കറ്റില്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – 122* – അഫ്ഗാനിസ്ഥാന്‍ (111) – 2022
ശുഭ്മന്‍ ഗില്‍ – 126* – ന്യൂസിലാന്‍ഡ് (66) – 2023
സൂര്യകുമാര്‍ യാദവ് – 100 – സൗത്ത് ആഫ്രിക്ക (95) – 2023
അഭിഷേക് ശര്‍മ – 135 – ഇംഗ്ലണ്ട് (97) – 2025
അഭിഷേക് ശര്‍മ – 108 – അഫ്ഗാനിസ്ഥാന്‍ (94) – 2026*
അഫ്ഗാനെതിരെ നേരിട്ട 30ാം പന്തില്‍ സെഞ്ച്വറി നേടിയ അഭിഷേക്, അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ താരങ്ങളില്‍ മൂന്നാമതും, ഫുള്‍ മെമ്പര്‍ നേഷന്‍സില്‍ ഒന്നാം സ്ഥാനത്തുമെത്തി.
11 സിക്സറും ഒമ്പത് ഫോറും അടക്കം 317.65 എന്ന വെടിക്കെട്ട് സ്ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. അതായത് ബൗണ്ടറികളിലൂടെ മാത്രം അഭിഷേക് അടിച്ചെടുത്തത് 102 റണ്‍സ്!
അതേസമയം, വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് അഭിഷേക് ഇനി കളത്തിലിറങ്ങുക. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് കരീബിയന്‍സ് ഇന്ത്യയിലെത്തുക.
ഒക്ടോബര്‍ ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം. എകാന ക്രിക്കറ്റ് സ്റ്റേഡിയം ഗ്രൗണ്ട് ബി-യാണ് വേദി.
ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്
ആദ്യ മത്സരം: ഒക്ടോബര്‍ 6 – എകാന ക്രിക്കറ്റ് സ്റ്റേഡിയം ഗ്രൗണ്ട് ബി, ലഖ്‌നൗ.
രണ്ടാം മത്സരം: ഒക്ടോബര്‍ 9 – ജാര്‍ഖണ്ഡ് സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, റാഞ്ചി.
മൂന്നാം മത്സരം: ഒക്ടോബര്‍ 11, ഹോല്‍കര്‍ സ്‌റ്റേഡിയം, ഇന്‍ഡോര്‍.
നാലാം മത്സരം: ഒക്ടോബര്‍ 14, രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയം, ഹൈദരാബാദ്.
അവസാന മത്സരം: ഒക്ടോബര്‍ 17, ചിന്നസ്വാമി സ്‌റ്റേഡിയം, ബെംഗളൂരു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ സ്‌ക്വാഡ്
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ, അഭിഷേക് ശര്‍മ, അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ, രവി ബിഷ്ണോയ്, മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി.
Content Highlight: Indian batters Outscoring Opponent Team in T20Is
